വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ആതിഥേയര്‍ സ്വന്തമാക്കിയിരുന്നു. മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ശുഭ്മന്‍ ഗില്ലും സംഘവും പിടിച്ചെടുത്തത്.

ബാറ്റിങ് ട്രാക്കുകളില്‍ ഇന്ത്യയുടെയും വെസ്റ്റ് ഇന്‍ഡീസിന്റെയും ബൗളര്‍മാര്‍ ഒന്നൊഴിയാതെ അടിവാങ്ങിക്കൂട്ടിയ പരമ്പരയായിരുന്നു ഇത്. 2006ല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ശേഷം ഏകദിനത്തില്‍ 375+ റണ്‍സ് പിന്തുടര്‍ന്ന് ജയിക്കുന്ന ടീമായി ഇന്ത്യ ചരിത്രമെഴുതിയതും ഈ പരമ്പരയിലായിരുന്നു.

ആതിഥേയരുടെയും സന്ദര്‍ശകരുടെയും ബാറ്റര്‍മാര്‍ കളം നിറഞ്ഞാടിയ പരമ്പര ഇപ്പോള്‍ ക്രിക്കറ്റ് ചരിത്രത്തിലും ഇടം പിടിച്ചിരിക്കുകയാണ്. ഏറ്റവുമധികം സെഞ്ച്വറികള്‍ പിറന്ന ബൈലാറ്ററല്‍ പരമ്പരകളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പര ചരിത്രത്തിന്റെ ഭാഗമായത്.

പരമ്പരയിലെ മൂന്ന് മത്സരത്തില്‍ നിന്നുമായി ഇരു ടീമുകളിലെയും ബാറ്റര്‍മാര്‍ ചേര്‍ന്ന് അടിച്ചെടുത്തത് പത്ത് സെഞ്ച്വറികളാണ്.

2016ലെ ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയാണ് ഈ ലിസ്റ്റില്‍ ഒന്നാമത്. 11 സെഞ്ച്വറികളാണ് ആ പരമ്പരയില്‍ പിറന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഡെഡ് റബ്ബര്‍ മാച്ചില്‍ രോഹിത് ശര്‍മ അര്‍ഹിച്ച സെഞ്ച്വറി നേടിയിരുന്നെങ്കില്‍ ഈ ലിസ്റ്റില്‍ ഒന്നാമതായും ഈ പരമ്പര ഇടം പിടിക്കുമായിരുന്നു.

ഈ പട്ടികയിലെ ടോപ്പ് ഫൈവില്‍ മറ്റെല്ലാ പരമ്പരയിലും ചുരുങ്ങിയത് അഞ്ച് മത്സരങ്ങളെങ്കിലും ഉണ്ടായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഒരു ബൈലാറ്ററല്‍ ഏകദിന പരമ്പരയില്‍ ഏറ്റവുമധികം സെഞ്ച്വറികള്‍

(ടീമുകള്‍ – വര്‍ഷം – മത്സരം – ആകെ റണ്‍സ് – സെഞ്ച്വറികള്‍ എന്നീ ക്രമത്തില്‍)

ഓസ്‌ട്രേലിയ & ഇന്ത്യ – 2016 – 5 – 3159 – 11

ഇന്ത്യ & വെസ്റ്റ് ഇന്‍ഡീസ് – 2026 – 3 – 2109 – 10*

ഓസ്‌ട്രേലിയ & ഇന്ത്യ – 2013 – 7 – 3451 – 9

ന്യൂസിലാന്‍ഡ് & ശ്രീലങ്ക – 2014/15 – 7 – 3171 – 8

ഇന്ത്യ & സൗത്ത് ആഫ്രിക്ക – 2015 – 5 – 2718 – 8

പരമ്പരയില്‍ ഇരു ടീമിലെയും താരങ്ങള്‍ അഞ്ച് സെഞ്ച്വറികള്‍ വീതം നേടി.

തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനായി ജസ്റ്റിന്‍ ഗ്രീവ്‌സ് സെഞ്ച്വറിയടിച്ചപ്പോള്‍ നായകന്‍ ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും ഇന്ത്യയ്ക്കായി സെഞ്ച്വറി നേടി.

റണ്ണൊഴുകിയ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിനായി ജോണ്‍ കാംബെല്‍, ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, ആമിര്‍ ജാംഗു എന്നിവര്‍ നൂറടിച്ചപ്പോള്‍ ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്‍ ഇരട്ട സെഞ്ച്വറിയും രോഹിത് ശര്‍മ സെഞ്ച്വറിയുമടിച്ച് ഇന്ത്യയെ ചരിത്ര വിജയത്തിലേക്ക് നയിച്ചു.

ഡെഡ് റബ്ബര്‍ മാച്ചില്‍ കെ.എല്‍. രാഹുലിന്റെ അപരാജിത സെഞ്ച്വറി കരുത്തില്‍ ഇന്ത്യ മികച്ച സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും വിന്‍ഡീസ് നായകന്‍ ഷായ് ഹോപ്പിന്റെ കരുത്തില്‍ പരാജയം രുചിക്കുകയായിരുന്നു.

 

Content highlight: India vs West Indies has produced 10 centuries in 3 ODIs