ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ടീമായി ഇന്ത്യ. 2026 ടി-20 ലോകകപ്പില്‍ യു.എസ്.എയ്‌ക്കെതിരായ വിജയത്തിന് പിന്നാലെയാണ് ഇന്ത്യ ഈ നേട്ടത്തിലെത്തിയത്. ഓസ്‌ട്രേലിയയെ മറികടന്നുകൊണ്ടാണ് ഇന്ത്യയുടെ റെക്കോഡ്.

ഏകദിന ലോകകപ്പ്, ടി-20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ തുടങ്ങി ഐ.സി.സി ടൂര്‍ണമെന്റുകളില്‍ നിന്നുമായി 123 വിജയങ്ങളാണ് ഇന്ത്യ തങ്ങളുടെ പേരിന് നേരെ കുറിച്ചത്. ഇതില്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഒഴികെയുള്ള എല്ലാ കിരീടങ്ങളും ഇന്ത്യ സ്വന്തമാക്കുകയും ചെയ്തിരുന്നു.

2025 ചാമ്പ്യന്‍സ് ട്രോഫിയുമായി ഇന്ത്യ. Photo: ICC/x.com

ഓസ്‌ട്രേലിയ മാത്രമാണ് നിലവില്‍ പുരുഷ ക്രിക്കറ്റിലെ എല്ലാ ഐ.സി.സി കിരീടങ്ങളും സ്വന്തമാക്കിയത്. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2021-23 സൈക്കിളില്‍ ഇന്ത്യയും ഓസ്‌ട്രേലിയയുമാണ് ഏറ്റുമുട്ടിയത്. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് എല്ലാ ഐ.സി.സി കിരീടവും സ്വന്തമാക്കുന്ന ആദ്യ ടീമെന്ന നേട്ടം സ്വന്തമാക്കാനും അവസരമുണ്ടായിരുന്നു. എന്നാല്‍ ട്രാവിസ് ഹെഡിന്റെ കരുത്തില്‍ ഓസീസ് കിരീടമുയര്‍ത്തുകയായിരുന്നു.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് വിജയത്തിന് പിന്നാലെ ഐ.സി.സി കിരീടങ്ങളുമായി ഓസ്‌ട്രേലിയ. Photo: cricket.com.au/x.com

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ നിലവില്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവെക്കുന്നത്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലില്‍ പരാജയപ്പെട്ടതൊഴിച്ചാല്‍ ഒടുവില്‍ കളിച്ച 25ല്‍ 24 മത്സരങ്ങളിലും ഇന്ത്യ പരാജയമറിഞ്ഞിരുന്നില്ല.

2023 ഏകദിന ലോകകപ്പില്‍ ഫൈനല്‍ വരെ പരാജയമറിയാതെ കുതിച്ച ടീം ഓസ്‌ട്രേലിയയോട് തന്നെയാണ് ഒരിക്കല്‍ക്കൂടി തോല്‍വി വഴങ്ങിയത്. ശേഷം നടന്ന 2024 ടി-20 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലും അപരാജിതരായി കപ്പുയര്‍ത്തിയ ഇന്ത്യ, 2026 ടി-20 ലോകകപ്പിലും വിജയത്തോടെയാണ് ക്യാമ്പെയ്ന്‍ ആരംഭിച്ചിരിക്കുന്നത്.

2024 T20 ലോകകപ്പ് ട്രോഫിയുമായി ഇന്ത്യ. Photo: ICC/x.com

ഐ.സി.സി ടൂര്‍ണമെന്റുകളില്‍ ഏറ്റവുമധികം വിജയം നേടിയ ടീം

(ടീം – എത്ര വിജയം എന്നീ ക്രമത്തില്‍)

ഇന്ത്യ – 123*

ഓസ്‌ട്രേലിയ – 122

ന്യൂസിലാന്‍ഡ് – 101

ഇംഗ്ലണ്ട് – 95

സൗത്ത് ആഫ്രിക്ക – 92

പാകിസ്ഥാന്‍ – 91

ശ്രീലങ്ക – 87

വെസ്റ്റ് ഇന്‍ഡീസ് – 82

ബംഗ്ലാദേശ് – 30

സിംബാബ്‌വേ – 19

ഇന്ത്യയുടെ ഈ നേട്ടത്തിനൊപ്പമെത്താനും ഓസ്‌ട്രേലിയക്ക് അവസരമുണ്ട്. ഫെബ്രുവരി 11ന് അയര്‍ലന്‍ഡിനെതിരെയാണ് കങ്കാരുക്കളുടെ ആദ്യ മത്സരം. ഈ മത്സരത്തില്‍ വിജയിച്ചാല്‍ ഓസീസ് 123ാം ജയം സ്വന്തമാക്കി ഇന്ത്യയ്‌ക്കൊപ്പമെത്തും.

2023 ഏകദിന ലോകകപ്പ് വിജയത്തിന് ശേഷം ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തിളങ്ങാന്‍ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല. 2024 ടി-20 ലോകകപ്പിലും 2025 ചാമ്പ്യന്‍സ് ട്രോഫിയിലും തിളങ്ങാന്‍ സാധിച്ചില്ല. 2023-25 സൈക്കിളിലെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയോട് പരാജയപ്പെടുകയും ചെയ്തു. ഐ.സി.സി ടൂര്‍ണമെന്റുകളില്‍ തങ്ങളുടെ ആധിപത്യം തിരിച്ചുപിടിക്കാന്‍ തന്നെയാണ് ഓസ്‌ട്രേലിയ കച്ച മുറുക്കുന്നത്.

 

Content Highlight: India tops the list of most wins in ICC tournaments