600! ഇതുപോലൊന്ന് ക്രിക്കറ്റില്‍ രണ്ട് തവണ മാത്രം; ലങ്കന്‍ മണ്ണില്‍ ചരിത്രം പിറക്കും
Sports News
600! ഇതുപോലൊന്ന് ക്രിക്കറ്റില്‍ രണ്ട് തവണ മാത്രം; ലങ്കന്‍ മണ്ണില്‍ ചരിത്രം പിറക്കും
ആദർശ് എം.കെ.
Friday, 7th August 2026, 9:59 am

ടി-20 ലോകകപ്പിനും അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കും ശേഷം ഇന്ത്യ വീണ്ടും റെഡ് ബോള്‍ ഫോര്‍മാറ്റ് കളിക്കാനൊരുങ്ങുകയാണ്. ശ്രീലങ്കന്‍ പര്യടനത്തിലെ രണ്ട് ടെസ്റ്റുകളാണ് ഇനി ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. ഓഗസ്റ്റ് 15നാണ് പരമ്പരയിലെ ആദ്യ മത്സരം. ഗല്ലെയാണ് വേദി.

ഇന്ത്യയെ സംബന്ധിച്ച് ഈ മത്സരം വളരെയേറെ സ്‌പെഷ്യലാണ്. ടെസ്റ്റില്‍ തങ്ങളുടെ 600ാം മത്സരമാണ് ഇന്ത്യ ഗല്ലെയില്‍ കളിക്കുക.

ഗാബയിലെ ചരിത്രവിജയത്തിന് ശേഷം. Photo: BCCI/x.com

ടെസ്റ്റ് ചരിത്രത്തില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് 600 ടെസ്റ്റുകള്‍ കളിച്ചത്, ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും. ഇംഗ്ലണ്ട് 1097 ടെസ്റ്റുകളും കങ്കാരുക്കള്‍ 882 ടെസ്റ്റുകളും പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം മത്സരങ്ങള്‍

(ടീം – മത്സരം എന്നീ ക്രമത്തില്‍)

ഇംഗ്ലണ്ട് – 1097

ഓസ്‌ട്രേലിയ – 882

ഇന്ത്യ – 599*

വെസ്റ്റ് ഇന്‍ഡീസ് – 596

ന്യൂസിലാന്‍ഡ് – 487

സൗത്ത് ആഫ്രിക്ക – 479

പാകിസ്ഥാന്‍ – 471

ശ്രീലങ്ക – 329

ബംഗ്ലാദേശ് – 159

സിംബാബ്‌വേ – 130

അഫ്ഗാനിസ്ഥാന്‍ – 13

അയര്‍ലന്‍ഡ് – 13

ഐ.സി.സി വേള്‍ഡ് ഇലവന്‍ – 1

1932ലാണ് ഇന്ത്യ തങ്ങളുടെ ആദ്യ ടെസ്റ്റ് മത്സരം കളിക്കുന്നത്. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ ഇംഗ്ലണ്ടായിരുന്നു എതിരാളികള്‍. സി.കെ നായിഡുവിന് കീഴില്‍ ഇറങ്ങിയ ഇന്ത്യ അന്ന് 158 റണ്‍സിന് പരാജയപ്പെട്ടിരുന്നു.

സി.കെ നായിഡു. Photo: Wikipedia

സ്‌കോര്‍

ഇംഗ്ലണ്ട് – 259 & 275/8d

ഇന്ത്യ – 189 & 187

ഇംഗ്ലണ്ടില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം

ശേഷം, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ക്കെതിരെ പലപ്പോഴായി പരമ്പരകള്‍ കളിച്ചെങ്കിലും ആദ്യ ടെസ്റ്റ് വിജയത്തിന് 1952 വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു. ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരത്തില്‍ ഇന്നിങ്‌സിനും എട്ട് റണ്‍സിനായിരുന്നു ആതിഥേയരുടെ വിജയം. ചെന്നൈയാണ് ആ ചരിത്ര വിജയത്തിന് സാക്ഷ്യം വഹിച്ചത്.

സ്‌കോര്‍

ഇംഗ്ലണ്ട് – 266 & 183

ഇന്ത്യ – 457/9d

വിജയ് ഹസാരെയായിരുന്നു ഈ മത്സരത്തില്‍ ഇന്ത്യയെ നയിച്ചത്. 25ാം ടെസ്റ്റിലാണ് ഇന്ത്യ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 1-1ന് സമനിലയിലെത്തിക്കുകയും ചെയ്തു. ആദ്യമായാണ് ഇന്ത്യ പരമ്പര പരാജയപ്പെടാതെ കാത്തത്.

വിജയ് ഹസാരെ

അടുത്ത വര്‍ഷം (1952/53) തങ്ങളുടെ ആദ്യ പരമ്പര സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചു. പാകിസ്ഥാനായിരുന്നു എതിരാളികള്‍. അഞ്ച് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യ വിജയിച്ചത്.

 

Content Highlight: India to play their 600th Test match

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.