വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പര ആരംഭിച്ചിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് ലഖ്‌നൗവാണ് വേദിയാകുന്നത്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.

വിന്‍ഡീസ് ഉയര്‍ത്തുന്ന വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങുന്ന ഇന്ത്യയെ ഒരു റെക്കോഡ് നേട്ടവും അണിയറയില്‍ കാത്തിരിക്കുന്നുണ്ട്. 2026ല്‍ 300 ടി-20ഐ സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ടീം എന്ന നേട്ടമാണിത്. ഇതിന് വേണ്ടതാകട്ടെ വെറും മൂന്ന് സിക്‌സറും.

ഫുൾ മെമ്പര്‍ നേഷന്‍സിന്റെ പട്ടികയെടുക്കുമ്പോള്‍ ഈ വര്‍ഷം ഏറ്റവുമധികം ടി-20 സിക്‌സറുകള്‍ നേടിയ ടീമും ഇന്ത്യയാണ്. ഈ പട്ടികയില്‍ രണ്ടാമതുള്ള സൗത്ത് ആഫ്രിക്ക 177 സിക്‌സറും മൂന്നാമതുള്ള വിന്‍ഡീസ് 164 സിക്‌സറും (മത്സരത്തിന് മുമ്പുള്ള കണക്ക്) ആണ് നേടിയിട്ടുള്ളത്.

ഈന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ ബാറ്റര്‍മാരാണ് സിക്‌സറടിയിലും മുമ്പന്‍മാര്‍. ഈ കലണ്ടര്‍ ഇയറില്‍ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഭിഷേക് ശര്‍മ രണ്ടാമതും ഇഷാന്‍ കിഷന്‍ മൂന്നാമതുമാണ്. അഭിഷേക് 61 സിക്‌സറും ഇഷാന്‍ 49 സിക്‌സറുമാണ് 2026ല്‍ നേടിയിട്ടുള്ളത്.

ഓസ്ട്രിയന്‍ താരം കരണ്‍ബീര്‍ സിങ്ങാണ് (78) 2026ല്‍ ഇതുവരെ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരം.

ശിവം ദുബെ (37), സഞ്ജു സാംസണ്‍ (36), തിലക് വര്‍മ (26), സൂര്യകുമാര്‍ യാദവ് (24), ഹര്‍ദിക് പാണ്ഡ്യ (20) എന്നിവരാണ് ഈ വര്‍ഷം ഇന്ത്യയ്ക്കായി സിക്‌സറടിച്ചുകൂട്ടിയ മറ്റ് താരങ്ങള്‍.

അതേസമയം, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് ആറ് ഓവര്‍ പിന്നിടുമ്പോള്‍ 44ന് മൂന്ന് എന്ന നിലയിലാണ്.

കാമില്‍ പൂരനെ മടക്കി അര്‍ഷ്ദീപ് സിങ്ങാണ് വേട്ട തുടങ്ങിയത്. 11 പന്തില്‍ 12 റണ്‍സുമായിട്ടായിരുന്നു താരത്തിന്റെ മടക്കം. ഷിംറോണ്‍ ഹെറ്റ്‌മെയര്‍ അഞ്ച് റണ്‍സുമായി നില്‍ക്കവെ റണ്‍ഔട്ടായി മടങ്ങിയപ്പോള്‍ വെടിക്കെട്ട് വീരന്‍ റോവ്മന്‍ പവലിനെ പൂജ്യം റണ്‍സിന് അക്‌സര്‍ പട്ടേലും പുറത്താക്കി.

വെസ്റ്റ് ഇന്‍ഡീസ് പ്ലെയിങ് ഇലവന്‍

ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), കാമില്‍ പൂരന്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, റോവ്മന്‍ പവല്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, റോസ്റ്റണ്‍ ചെയ്‌സ്, മാത്യു ഫോര്‍ഡെ, അകീല്‍ ഹൊസൈന്‍, ഷമര്‍ സ്പ്രിംഗര്‍, ഷമര്‍ ജോസഫ്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, റിങ്കു സിങ് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, ശിവം ദുബെ, നമന്‍ ധിര്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിങ്.

 

Content highlight: IND vs WI: India need 3 sixes to complete 300 T20I sixes in 2026