ഗല്ലെ ടെസ്റ്റിലെ വന്‍ വിജയത്തിന് പിന്നാലെ ശ്രീലങ്കയ്‌ക്കെതിരെ രണ്ടാമത്തെ ടെസ്റ്റിലും ഇന്ത്യക്ക് തിളങ്ങാനാകുമെന്ന് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും 1983ലെ ലോകകപ്പ് ഹീറോയുമായ ക്രിസ് ശ്രീകാന്ത്.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റ് കൊളംബോയില്‍ ആരംഭിക്കാനിരിക്കെയാണ് ശ്രീകാന്തിന്റെ പ്രസ്താവന.
ക്രിസ് ശ്രീകാന്ത്
തന്റെ യൂട്യൂബ് ചാനലായ ‘ചീക്കി ചീക്ക’യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം
‘രണ്ടാം ടെസ്റ്റിലും ഇന്ത്യ വളരെ എളുപ്പത്തില്‍ വിജയിക്കും. ശ്രീലങ്കന്‍ ടീം നിലവില്‍ വളരെ ദുര്‍ബലരായ ഒരു ടെസ്റ്റ് ടീമാണ്. ഏകദിനങ്ങളില്‍ അവര്‍ ഒരുപക്ഷേ മികച്ച പ്രകടനം കാഴ്ചവെച്ചേക്കാം, എന്നാല്‍ ടെസ്റ്റില്‍ അവര്‍ രണ്ടാമത്തെ മത്സരവും തീര്‍ച്ചയായും തോല്‍ക്കും.
മത്സരത്തില്‍ ടോസ് നിര്‍ണായകമാണ്, എന്നാല്‍ ലങ്ക ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചാല്‍ പോലും അവര്‍ എങ്ങനെ 350 റണ്‍സ് സ്‌കോര്‍ ചെയ്യും?’ ശ്രീകാന്ത് ചോദിച്ചു.
ഇന്ത്യയുടെ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രവേശനം നിര്‍ണയിക്കുന്നത് ഇനി വരാനിരിക്കുന്ന ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ പരമ്പരകളായിരിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്ക നിലവില്‍ ഫൈനല്‍ ഉറപ്പിച്ച മട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിദേശമണ്ണില്‍ ഇന്ത്യയുടെ വിജയങ്ങള്‍ക്ക് പേസ് ബൗളര്‍ ജസ്പ്രീത് ബുംറയുടെ സാന്നിധ്യം അത്യന്താപേക്ഷിതമാണെന്ന് ശ്രീകാന്ത് വ്യക്തമാക്കി.
‘ഇന്ത്യന്‍ ടീമിന്റെ കാര്യങ്ങളെല്ലാം ബുംറയെ ചുറ്റിപ്പറ്റിയാണ് നില്‍ക്കുന്നത്. ഇന്ത്യ വലിയ ചാമ്പ്യന്‍ഷിപ്പുകള്‍ ജയിക്കുമ്പോഴെല്ലാം ബുംറ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.
2024-25 ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ എതിരാളികളില്‍ ഭയമുണ്ടാക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് ബുംറയുടെ ബൗളിംഗ് മികവിലാണ്. ബുംറ ഉണ്ടാക്കുന്ന സ്വാധീനവും ഭയവും ചെറുതല്ല. ന്യൂസിലന്‍ഡില്‍ ബുംറ കളിക്കുകയാണെങ്കില്‍ ഇന്ത്യക്ക് വിജയസാധ്യതയുണ്ട്, എന്നാല്‍ അദ്ദേഹം ഇല്ലെങ്കില്‍ ഇന്ത്യ പ്രയാസപ്പെടും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ ലങ്കന്‍ പര്യടനത്തിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ 165 റണ്‍സിന്റെ കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.
A clinical victory for #TeamIndia in the Galle Test.
Manav Suthar’s 6 wicket haul in the second innings, guides India to a 165 run win over Sri Lanka.