ഒന്നല്ല, മൂന്ന് പേരെ ഒരുമിച്ച് വെട്ടി; ഗില്ലാട്ടത്തില്‍ പിറന്നത് ചരിത്രം!
Cricket
ഒന്നല്ല, മൂന്ന് പേരെ ഒരുമിച്ച് വെട്ടി; ഗില്ലാട്ടത്തില്‍ പിറന്നത് ചരിത്രം!
ഫസീഹ പി.സി.
Sunday, 14th June 2026, 7:50 am

അഫ്ഗാനിസ്ഥാനെതിരെയുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. ധര്‍മശാലയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിനായിരുന്നു ഗില്ലിന്റെയും സംഘത്തിന്റെയും വിജയം. മഴമൂലം 25 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 195 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 13 പന്തുകള്‍ ബാക്കിനില്‍ക്കെ മറികടക്കുകയായിരുന്നു.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ മിന്നും പ്രകടനമാണ് പുറത്തെടുത്തത്. 66 പന്തില്‍ 84 റണ്‍സ് നേടി താരം പുറത്താവാതെ നിന്നു. 11 ഫോറുകളും രണ്ട് സിക്സുകളുമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ശുഭ്മൻ ഗിൽ.

മത്സരത്തിനിടെ ഗില്‍ ഏകദിനത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കിയിരുന്നു. അഫ്ഗാനെതിരെ 47 റണ്‍സ് നേടിയതോടെയാണ് ഈ മൈല്‍സ്റ്റോണ്‍ പൂര്‍ത്തിയാക്കിയത്. തന്റെ 62ാം ഇന്നിങ്സിലായിരുന്നു ഈ നേട്ടം.

ഇതോടെ ഒരു സൂപ്പര്‍ നേട്ടവും ഗില്‍ കുറിച്ചു. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയെടുത്തത്. 67 ഇന്നിങ്‌സില്‍ ഈ മൈല്‍സ്റ്റോണില്‍ എത്തിയ ഷായ് ഹോപ്പ്, ഫഖര്‍ സമാന്‍, ഇമാം ഉല്‍ ഹഖ് എന്നിവരെ മറികടന്നാണ് താരത്തിന്റെ മുന്നേറ്റം.

ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 3000 റണ്‍സ് നേടുന്ന താരങ്ങള്‍, ഇന്നിങ്സ്

ഹാഷിം അംല – 57

ശുഭ്മന്‍ ഗില്‍ – 62

ഷായ് ഹോപ്പ് – 67

ഫഖര്‍ സമാന്‍ – 67

ഇമാം ഉല്‍ ഹഖ് – 67

ബാബര്‍ അസം – 68

വിവ് റിച്ചാര്‍ഡ്സ് – 69

ഗില്ലിന് പുറമെ, 19 പന്തില്‍ പുറത്താവാതെ 39 റണ്‍സ് നേടി കെ.എല്‍ രാഹുലും 22 പന്തില്‍ 34 റണ്‍സ് നേടി ഇഷാന്‍ കിഷനും ഇന്ത്യന്‍ ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി. അഫ്ഗാന് വേണ്ടി റാഷിദ് ഖാനും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.

ബാറ്റിങ്ങില്‍ അഫ്ഗാന്‍ നിരയില്‍ റഹ്‌മാനുള്ള ഗുര്‍ബാസ് സെഞ്ച്വറി നേടി. 51 പന്തില്‍ 102 റണ്‍സാണ് താരം നേടിയത്. ഹഷ്മത്തുള്ള ഷാഹിദി (30 പന്തില്‍ 27), അസ്മത്തുള്ള ഒമര്‍സായ് (16 പന്തില്‍ 26) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. മറ്റാര്‍ക്കും കാര്യമായി സംഭാവന ചെയ്യാന്‍ സാധിച്ചില്ല.

റഹ്‌മാനുള്ള ഗുര്‍ബാസ്.

ഇന്ത്യന്‍ ബൗളിങ്ങില്‍ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹര്‍ഷ് ദുബെയും ഗുര്‍നൂര്‍ ബ്രാറും മൂന്ന് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. അര്‍ഷ്ദീപ് സിങ്, നിതീഷ് കുമാര്‍ റെഡ്ഢി എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: Ind vs Afg: Shubhman Gill became second fastest to complete 3000 runs in ODI by innings

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി