എഡിറ്റര്‍
എഡിറ്റര്‍
പിന്നോക്കവിഭാഗത്തിന്റെ സംവരണ വരുമാന പരിധി 6 ലക്ഷം
എഡിറ്റര്‍
Sunday 17th March 2013 4:01pm

ന്യൂദല്‍ഹി: പിന്നോക്കവിഭാഗങ്ങളുടെ സംവരണ വരുമാന പരിധി ആറു ലക്ഷം രൂപയായി ഉയര്‍ത്താന്‍ ശുപാര്‍ശ.

Ads By Google

നഗര-ഗ്രാമ വ്യത്യാസമില്ലാതെ വരുമാന പരിധി ആറു ലക്ഷമാക്കണമെന്ന് ധനമന്ത്രി പി. ചിദംബരം അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ ഉപസമിതി ശുപാര്‍ശ ചെയ്തു.

തൊഴില്‍, വിദ്യാഭ്യാസ മേഖലയിലെ സംവരണത്തിനു തീരുമാനം ബാധകമാകും.

ഇതു സംബന്ധിച്ച് കേന്ദ്രമന്ത്രിസഭയുടെ സമ്പൂര്‍ണ യോഗം അന്തിമ തീരുമാനമെടുക്കും. ഗ്രാമങ്ങളില്‍ വരുമാന പരിധി ഒന്‍പതു ലക്ഷവും വന്‍ നഗരങ്ങളില്‍ 12 ലക്ഷവും ആക്കണമെന്നു ദേശീയ പിന്നോക്ക വിഭാഗ കമ്മീഷന്‍ നേരത്തേ ശുപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍ ഈ ശുപാര്‍ശ മന്ത്രിസഭാ ഉപസമിതി തള്ളുകയായിരുന്നു. പുതിയ തീരുമാനത്തോടെ ആറു ലക്ഷം രൂപവരെ വാര്‍ഷിക വരുമാനമുള്ളവരുടെ മക്കള്‍ക്കും സംവരണാനുകൂല്യങ്ങള്‍ ലഭിക്കും. 2008-ലാണു നേരത്തേ മേല്‍ത്തട്ട് പരിധി നാലര ലക്ഷമാക്കി ഉയര്‍ത്തിയത്.

വിലക്കയറ്റം പരിഗണിച്ച് ക്രീമിലെയര്‍ പരിധി 12 ലക്ഷമാക്കണമെന്ന് കേന്ദ്ര മന്ത്രിസഭയിലെ പിന്നോക്ക നേതാക്കളായ വയലാര്‍ രവി, വീരപ്പ മൊയ്‌ലി, നാരായണ സ്വാമി തുടങ്ങിയവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ നിലവില്‍ സംവരാണുകൂല്യങ്ങള്‍ പിന്നോക്ക വിഭാഗക്കാരിലെ സമ്പന്നരാണു കൈക്കലാക്കുന്നതെന്ന് അഭിപ്രായമുയര്‍ന്നു. ഇതേത്തുടര്‍ന്നാണ്  ധനമന്ത്രി ചിദംബ രത്തിന്റെ അധ്യക്ഷതയില്‍ ഇക്കാര്യം പഠിക്കാനായി മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചത്.

മേല്‍ത്തട്ടു പരിധി 12 ലക്ഷമായി ഉയര്‍ത്തണമെന്ന ആവശ്യം അതേ വിഭാഗത്തിലെ പാവപ്പെട്ടവരുടെ അവസരം നിഷേധിക്കുമെന്നാണു മന്ത്രിസഭാ ഉപസമിതിയുടെ വിലയിരുത്തല്‍.

Advertisement