aicc

ന്യൂദല്‍ഹി:  തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി പരാജയമേറ്റുവാങ്ങുന്നതിനിടെ നില നില്‍പിനായി പോരാടുന്ന കോണ്‍ഗ്രസ് പാര്‍ട്ടി പുതുതായി 52 വക്താക്കളെ പ്രഖ്യാപിച്ചു. 4 മുതിര്‍ന്ന വക്താക്കള്‍, 17 പുതിയ വക്താക്കള്‍, ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുവാനായി 31 മീഡിയ പാനലിസ്റ്റുകള്‍, 2 മീഡിയ കോര്‍ഡിനേറ്റര്‍മാര്‍ എന്നിങ്ങനെയാണ് കോണ്‍ഗ്രസ് പുതുതായി നിയമിച്ചിട്ടുള്ള വക്താക്കളുടെ കണക്കുകള്‍.

അജയ് മാക്കന്‍, ഷക്കീല്‍ അഹമ്മദ്, സി.പി ജോഷി, സത്യവ്രത് ചതുര്‍വേദി എന്നിവരെയാണ് പാര്‍ട്ടിയുടെ മുതിര്‍ന്ന വക്താക്കളായി നിയമിച്ചത്. ഡി.എം.കെ വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സിനിമാ താരം ഖുശ്ബു, ഗൗരവ് ഗോഗോയ്, സുസ്മിത ദേബ്, തുടങ്ങിയവരും വക്താക്കളായി നിയമിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ പത്ത് വര്‍ഷത്തോളം പാര്‍ട്ടിയുടെ മീഡിയ സെക്രട്ടറിയായിരുന്ന കേരളത്തില്‍ നിന്നുള്ള ടോം വടക്കനും വക്താവായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുക്കപ്പെട്ടവരില്‍ പ്രസിഡന്റ് പ്രണബ് കുമാര്‍ മുഖര്‍ജിയുടെ മകള്‍ ഷര്‍മ്മിസ്ത മുഖര്‍ജിയും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെ കൂടാതെ മനീഷ് തിവാരി, രാജീവ് ശുക്ല, പ്രണിതി ഷിന്‍ഡെ, സല്‍മാന്‍ സോസ്, അമിത് ദേശ് മുഖ് തുടങ്ങിയ പ്രമുഖരും വക്താക്കളായി ഉയര്‍ത്തപ്പെട്ടിട്ടുണ്ട്.

ഭൂമിയേറ്റെടുക്കല്‍ ബില്‍, രാഹുല്‍ ഗാന്ധിയുടെ അവധി വിവാദം എന്നിങ്ങനെയുള്ള ചൂടേറിയ ചര്‍ച്ചകള്‍ക്കിടെയാണ് കോണ്‍ഗ്രസ് പുതിയ വക്താക്കളെ നിയമിച്ചിരിക്കുന്നത്. രണ്‍ദീപ് സിംഗ് സുര്‍ജെവാലെയാണ് വക്താക്കളെ നയിക്കുന്ന പാര്‍ട്ടിയുടെ കമ്മ്യൂണിക്കേഷന്‍ ഡിപാര്‍ട്ട്‌മെന്റ് ഇന്‍ ചാര്‍ജ്.