അമേരിക്കന്‍ ചരിത്രത്തിലാദ്യം; ട്രംപിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പ്പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി യു.എസ്
Trending
അമേരിക്കന്‍ ചരിത്രത്തിലാദ്യം; ട്രംപിന്റെ ചിത്രവും ഒപ്പുമുള്ള പാസ്‌പ്പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി യു.എസ്
നിഷാന. വി.വി
Wednesday, 29th April 2026, 12:29 pm

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രമുള്ള പാസ്‌പോര്‍ട്ട് പുറത്തിറക്കാനൊരുങ്ങി അമേരിക്ക. രാജ്യത്തിന്റെ 250ാം വാര്‍ഷികത്തിന്റെ ഭാഗമായി പാസ്‌പ്പോര്‍ട്ടുകള്‍ പുറത്തിറക്കുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

‘ജൂലൈയില്‍ അമേരിക്കയുടെ 250-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഈ ചരിത്ര സന്ദര്‍ഭത്തിന്റെ സ്മരണയ്ക്കായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പരിമിതമായ എണ്ണം യു.എസ് പാസ്പോര്‍ട്ടുകള്‍ പുറത്തിറക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് തയ്യാറെടുക്കുകയാണ്,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് ടോമി പിഗോട്ട് എന്‍.ബി.സി ന്യൂസിന് അയച്ച ഇമെയിലില്‍ പറഞ്ഞു.

യു.എസ് പാസ്പോര്‍ട്ടിനെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രേഖയാക്കി മാറ്റുന്ന അതേ സുരക്ഷാ സവിശേഷതകള്‍ നിലനിര്‍ത്തിക്കൊണ്ട് ഈ പാസ്പോര്‍ട്ടുകളില്‍ കലാസൃഷ്ടികളും മെച്ചപ്പെടുത്തിയ ഇമേജറിയും ഉണ്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പുതിയ പാസ്പോര്‍ട്ടിന്റെ ചിത്രങ്ങള്‍ വൈറ്റ്ഹൗസ് പുറത്തുവിട്ടു. രണ്ട് ചിത്രങ്ങളാണ് പുതിയ പാസ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ട്രംപിന്റെ ചിത്രമാണ് ഇതില്‍ ഒരെണ്ണം. അതിനുതാഴെ സ്വര്‍ണനിറത്തില്‍ ട്രംപിന്റെ ഒപ്പുമുണ്ട്. യു.എസിന്റെ സ്ഥാപകനേതാക്കളുടെ പെയിന്റിങ്ങാണ് രണ്ടാമത്തേത്. അമേരിക്കന്‍ പാസ്‌പോര്‍ട്ടില്‍ ഒരു സിറ്റിങ് പ്രസിഡന്റിന്റെ ഒപ്പ് ഇതാദ്യമായാണ് ചേര്‍ക്കുന്നത്.

എന്നാല്‍ ‘പേട്രിയറ്റ് പാസ്പോര്‍ട്ട്’ എന്നുപേരിട്ട ലിമിറ്റഡ് എഡിഷന്‍ പാസ്പോര്‍ട്ട് നല്‍കുന്നവര്‍ക്ക് അധിക ഫീസ് ഈടാക്കില്ല. സ്വാതന്ത്ര്യദിനം ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഉദ്യമങ്ങളുടെ ഭാഗമാണിത്. പുതിയ യു.എസ് പേപ്പര്‍ കറന്‍സിയില്‍ ട്രംപിന്റെ ഒപ്പ് ഉണ്ടായിരിക്കുമെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രഷറി വകുപ്പ് അറിയിച്ചു.

Content Highlight:In the midst of American history; US to release passport with Trump’s photo and signature

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.