സിനിമാപ്രേമികള്‍ക്ക് മുന്നില്‍ തിയേറ്ററുകാര്‍ മുട്ടുകുത്തി, ധുരന്ധറിന് പകരം പ്രൊജക്ട് ഹെയില്‍ മേരിക്ക് ഐമാക്‌സ് സ്‌ക്രീനുകള്‍
World Cinema
സിനിമാപ്രേമികള്‍ക്ക് മുന്നില്‍ തിയേറ്ററുകാര്‍ മുട്ടുകുത്തി, ധുരന്ധറിന് പകരം പ്രൊജക്ട് ഹെയില്‍ മേരിക്ക് ഐമാക്‌സ് സ്‌ക്രീനുകള്‍
അമര്‍നാഥ് എം.
Sunday, 29th March 2026, 6:26 pm

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പ്രൊജക്ട് ഹെയില്‍ മേരി. ഇതേ പേരിലുള്ള നോവലിനെ അടിസ്ഥാനമാക്കി ഒരുക്കിയ ചിത്രം റിലീസിന് മുമ്പ് തന്നെ വലിയ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. എന്നാല്‍ ഇന്ത്യയില്‍ ഏറ്റവും നല്ല രീതിയില്‍ ചിത്രം ആസ്വദിക്കാന്‍ കാത്തുനിന്ന സിനിമാപ്രേമികള്‍ക്ക് നിരാശയായിരുന്നു ഫലം.

ഐമാക്‌സിന് വേണ്ടി ഒരുക്കിയ ചിത്രത്തിന് ഇന്ത്യയില്‍ ആകെ മൂന്ന് ഐമാക്‌സ് സ്‌ക്രീനുകള്‍ മാത്രമായിരുന്നു ലഭിച്ചത്. ബോളിവുഡ് ചിത്രം ധുരന്ധര്‍ 2 കാരണമാണ് പ്രൊജക്ട് ഹെയില്‍ മേരിക്ക് ഐമാക്‌സ് സ്‌ക്രീനുകള്‍ ലഭിക്കാത്തത്. ഇതില്‍ വലിയ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയില്‍ സിനിമാപ്രേമികള്‍ ഉയര്‍ത്തിയത്.

ഒടുവില്‍ പ്രതിഷേധത്തിന്റെ ഫലമായി ഐമാക്‌സ് ഇന്ത്യ പ്രൊജക്ട് ഹെയില്‍ മേരിയുടെ ഷോകളുടെ എണ്ണം കൂട്ടിയിരിക്കുകയാണ്. വീക്കെന്‍ഡിന് ശേഷം ചിത്രത്തിന് കൂടുതല്‍ സ്‌ക്രീനുകള്‍ ലഭിക്കുമെന്ന് ഐമാക്‌സ് അറിയിച്ചു. ധുരന്ധര്‍ 2ന് ഐമാക്‌സ് ഇന്ത്യ ഷോയുടെ എണ്ണം കുറക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുണ്ട്.

ഇതാദ്യമായല്ല ഇന്ത്യന്‍ സിനിമ കാരണം ഹോളിവുഡ് ചിത്രങ്ങളുടെ ഐമാക്‌സ് ഷോ പ്രതിസന്ധിയിലാകുന്നത്. 2024ല്‍ പുഷ്പ 2ന്റെ റിലീസ് കാരണം ഇന്റര്‍സ്റ്റെല്ലാറിന്റെ റീ റിലീസിന് ഐമാക്‌സ് സ്‌ക്രീനുകള്‍ ലഭിച്ചില്ലായിരുന്നു. രണ്ട് മാസത്തിന് ശേഷമാണ് ചിത്രം ഇന്ത്യയില്‍ റീ റിലീസ് ചെയ്തത്. പുഷ്പ 2ന് ശേഷം മറ്റൊരു ചിത്രം ഹോളിവുഡ് സിനിമകള്‍ക്ക് വെല്ലുവിളിയായത് ചര്‍ച്ചയായി.

റയാന്‍ ഗോസ്‌ലിങ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് പ്രൊജക്ട് ഹെയില്‍ മേരി. സൂര്യന്റെ പ്രകാശം കുറക്കുന്ന പ്രത്യേക വസ്തുവിന്റെ കടന്നുവരവ് ഭൂമിക്ക് വെല്ലുവിളിയാകുന്നതും അതിനെ തടയാന്‍ നാസ ഒരു സ്‌പെയ്‌സ് പ്രൊജക്ട് നടത്തുന്നതുമാണ് ചിത്രത്തിന്റെ കഥ. റയാന്‍ ഗോസ്‌ലിങ് അവതരിപ്പിക്കുന്ന റയ്‌ലാന്‍ഡ് ഗ്രേസ് എന്ന കഥാപാത്രം ഈ സ്‌പെയ്‌സ് പ്രൊജക്ടിന്റെ ഭാഗമാകുന്നതും പിന്നീട് അയാള്‍ നേരിടേണ്ടി വരുന്ന പ്രതിസന്ധികളുമാണ് ചിത്രത്തിന്റെ കഥ.

ഫില്‍ ലോര്‍ഡും ക്രിസ്റ്റഫര്‍ മില്ലറും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രം സിനിമാപ്രേമികള്‍ക്ക് ഗംഭീര വിഷ്വല്‍ ട്രീറ്റാണ്. വെറുമൊരു സ്‌പെയ്‌സ് ചിത്രം എന്നതിലുപരി രണ്ട് പേര്‍ തമ്മിലുള്ള ബോണ്ടാണ് സിനിമയുടെ പ്രധാന പ്രമേയം. ഗ്രെയ്ഗ് ഫ്രേസറുടെ ഛായാഗ്രഹണവും അതിഗംഭീര വി.എഫ്.എക്‌സും ചിത്രത്തെ കൂടുതല്‍ ഗംഭീരമാക്കി.

Content Highlight: IMAX allotted more screens for Project Hail Mary movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം