വിജയ് നായകനായി എത്തുന്ന വംശി പെഡിപ്പള്ളി ചിത്രം വാരിസില്‍ വിജയ് എത്തുക ആപ്പ് ഡിസൈനറായിട്ടാവുമെന്ന് റിപ്പോര്‍ട്ട്. വിജയ് അവതരിപിക്കുന്ന കഥാപാത്രത്തിന്റെ പേര് വിജയ് രാജേന്ദ്രന്‍ എന്നായിരിക്കുമെന്നും സണ്‍ ന്യൂസ്റിപ്പോര്‍ട്ട് ചെയ്തു.

വിജയിയുടെ പിറന്നാളിനോട് അനുബന്ധിച്ച് റിലീസ് ചെയ്ത ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും സെക്കന്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരിസ്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദേശീയ അവാര്‍ഡ് ജേതാവായ നിര്‍മാതാവ് ദില്‍ രാജുവും ശിരീഷുമാണ് ചിത്രം നിര്‍മിക്കുന്നത്.

ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രം തെലുങ്കിലും തമിഴിലും ഒരേ സമയം ചിത്രീകരിക്കുന്നുണ്ട്. ചിത്രത്തില്‍ തെലുങ്ക് സൂപ്പര്‍താരം മഹേഷ് ബാബു അഥിതി വേഷത്തില്‍ എത്തുന്നുണ്ടെന്നും മുമ്പ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ചിത്രത്തില്‍ നായിക കഥാപാത്രത്തില്‍ എത്തുന്നത് രശ്മിക മന്ദാനയാണ്. പ്രകാശ് രാജ്, ശരത് കുമാര്‍ തുടങ്ങി വന്‍ താരനിരയും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ഊപ്പിരി, യെവാഡു എന്നിങ്ങനെ തെലുങ്കിലെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളുടെ സംവിധായകനാണ് വംശി. ചിത്രത്തിനായി റെക്കോഡ് പ്രതിഫലമാണ് വിജയ് വാങ്ങുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ പുറത്തുവന്ന ബീസ്റ്റാണ് വിജയിയുടെ അവസാനം പുറത്തുവന്ന ചിത്രം. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്. സാധാരണ മാസ് ആക്ഷന്‍ ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഫാമിലി ജോണറിലാണ് വാരിസ് ഒരുങ്ങുന്നത്.

Content Highlight : Vijay appear as a app designer in Varis movie and character details are out