ആശങ്കകള്‍ ഒഴിയുന്നില്ല. ഇന്ത്യ-ന്യൂസിലന്‍ഡ് മത്സരം മഴയില്‍ കുതിര്‍ന്നു. 46.1 ഓവര്‍ ന്യൂസിലന്‍ഡ് ബാറ്റ് ചെയ്തുനില്‍ക്കുമ്പോഴാണ് മത്സരം മഴമൂലം ഇപ്പോള്‍ നിര്‍ത്തിവെച്ചത്. അഞ്ച് വിക്കറ്റിന് 211 റണ്‍സാണ് കിവീസ് ഇപ്പോള്‍ നേടിയിരിക്കുന്നത്.
67 റണ്‍സെടുത്ത റോസ് ടെയ്‌ലര്‍, മൂന്ന് റണ്‍സെടുത്ത ടോം ലാഥം എന്നിവരാണ് ഇപ്പോള്‍ ക്രീസില്‍. നേരത്തേ കെയ്ന്‍ വില്യംസണ്‍ 67 റണ്‍സെടുത്തിരുന്നു.
ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ മെല്ലെത്തുടങ്ങിയ കിവീസിന് പിന്നീട് കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താനായെങ്കിലും റണ്‍നിരക്ക് കൂട്ടാനായില്ല. ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞ അഞ്ച് ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, യുസ്‌വേന്ദ്ര ചാഹല്‍ എന്നിവരാണ് ഓരോ വിക്കറ്റ് വീതം വീഴ്ത്തിയത്.
ഇനി മഴയില്‍ കളി കുതിര്‍ന്നുപോയാല്‍ എന്താകും തുടര്‍ന്നുള്ള സാധ്യതകള്‍ എന്നതിനെപ്പറ്റിയാണ് സാമൂഹ്യമാധ്യമങ്ങളില്‍ ചര്‍ച്ച നടക്കുന്നത്. ഇന്ത്യക്കു മേല്‍ക്കൈ നിലനില്‍ക്കുന്ന മത്സരം മഴ വന്നാല്‍ നേരെ തിരിയുമോ എന്നതും അവര്‍ പരിശോധിക്കുന്നുണ്ട്. എന്നാല്‍ മഴ വന്നാല്‍ സാങ്കേതികമായുള്ള വശങ്ങള്‍ നേരത്തേതന്നെ ഐ.സി.സി വ്യക്തമാക്കിയിട്ടുള്ളതാണ്.
അതിങ്ങനെയാണ്:
- ആദ്യ പരിഗണന എപ്പോഴും റിസര്‍വ് ദിനത്തിനാണ്. ലോകകപ്പില്‍ സെമിഫൈനലുകള്‍ക്കും ഫൈനലിനുമാണ് റിസര്‍വ് ദിനമുള്ളത്. ഇന്ന് മുടങ്ങിപ്പോകുന്ന മത്സരം, എവിടെയാണോ മുടങ്ങിയത് അവിടെനിന്ന് അടുത്തദിവസം പുനരാരംഭിക്കും.
- ഇനി റിസര്‍വ് ദിനത്തിനും മഴയെ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ലീഗ് തലത്തില്‍ കൂടുതല്‍ പോയിന്റ് നേടിയ ടീം ഫൈനലിലേക്കു കടക്കും. ലീഗ് തലത്തില്‍ ഒന്നാം സ്ഥാനം നേടിയാണ് ഇന്ത്യ സെമിയില്‍ കടന്നത് എന്നതിനാല്‍ തര്‍ക്കമില്ലാതെ ഇന്ത്യക്കു തന്നെ ഫൈനല്‍ കളിക്കാനാകും.
- ഇനി ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമത്തിന് മത്സരത്തില്‍ ഇടപെടണമെന്നുണ്ടെങ്കിലും ഒരു പ്രശ്‌നമുണ്ട്. ഓരോ ടീമും അവരുടെ ഇന്നിങ്‌സുകളില്‍ കുറഞ്ഞത് 20 ഓവറെങ്കിലും പൂര്‍ത്തിയാക്കിയിരിക്കണം. ഇതില്‍ ആദ്യം ബാറ്റ് ചെയ്യുന്ന ടീം 20 ഓവറിനു മുന്‍പ് ഓള്‍ഔട്ടായാല്‍ അതു ബാധകമല്ല. മറിച്ച് രണ്ട് ടീമും 20 ഓവറെങ്കിലും ബാറ്റ് ചെയ്തില്ലെങ്കില്‍ ഈ നിയമം പ്രയോഗിക്കാനാവില്ല. അപ്പോഴും മത്സരത്തില്‍ റിസള്‍ട്ടുണ്ടായില്ലെങ്കില്‍ ലീഗ് തലത്തിലെ പോയിന്റ് നോക്കി കാര്യങ്ങള്‍ തീരുമാനിക്കപ്പെടും.
- ഇനി ഫൈനലിലേക്കു നോക്കിയാല്‍, രണ്ടു ദിവസവും (റിസര്‍വ് ദിനം അടക്കം) റിസള്‍ട്ട് ഉണ്ടായില്ലെങ്കില്‍ ട്രോഫി ഇരു ടീമുകള്‍ക്കുമായി നല്‍കും. സംയുക്ത ജേതാക്കളായി പ്രഖ്യാപിക്കും.
- ഇനി സെമിയിലോ ഫൈനലിലോ ടൈ വന്നാല്‍ സൂപ്പര്‍ ഓവറാകും വിധി നിര്‍ണയിക്കുക.
