മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകൾ നൽകിയ ഗാനരചയിതാവും തിരക്കഥാകൃത്തുമാണ് ഷിബു ചക്രവർത്തി. അതേസമയം മലയാള സിനിമയിൽ നിന്നും വേണ്ടവിധം അംഗീകാരങ്ങൾ ലഭിക്കാതെ പോയ ഗാനരചയിതാവും കൂടിയാണ് അദ്ദേഹം. ‘അല്ലിമലർക്കാവ്’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയിലേക്ക് വരുന്നത്. ‘ശ്യാമ’ എന്ന ചിത്രത്തിലെ ‘ചെമ്പരത്തിപ്പൂവേ ചൊല്ല്…’ എന്ന് തുടങ്ങുന്ന പാട്ടിലൂടെ അദ്ദേഹം ശ്രദ്ധിക്കപ്പെടുകയായിരുന്നു.

ഗാനരചയിതാവ് ഗിരീഷ് പുത്തഞ്ചേരി വരും തലമുറകൾക്ക് ഓർക്കാൻ വേണ്ടി നല്ല വർക്കുകൾ ചെയ്ത് വച്ചിട്ടാണ് പോയതെന്നും അദ്ദേഹത്തെ പറ്റിയുള്ള ഓർമകളും പങ്കു വയ്ക്കുകയായിരുന്നു ഷിബു ചക്രവർത്തി. ദി ഷോസ്ക്കേപ്പ് ജേണലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഷിബു ചക്രവർത്തി Photo: RedFM/Screen Grab/Youtube.com

‘മലയാള സിനിമയുടെ ഗാന സാഹിത്യം ഗിരീഷില്ലാതെ പറയാൻ പറ്റില്ല. ഗിരീഷ് നേരത്തെ മരിച്ച് പോയെങ്കിലും വരും തലമുറകൾക്ക് ഓർക്കാൻ വേണ്ടി നല്ല വർക്കുകൾ ചെയ്ത് വച്ചിട്ടാണ് പോയത്. ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വേർസറ്റൈൽ ആയിട്ടുള്ള ഗാനരചയിതാവ് ഗിരീഷാണ്. ഗിരീഷ് ഉണ്ടായിരുന്നെങ്കിൽ വേറെ പല ഗാനരചയിതാക്കളും ഉണ്ടാവില്ലായിരുന്നു. ഗിരീഷിനെ സംബന്ധിച്ച് അദ്ദേഹത്തിന്റെ ലൈഫിൽ എഴുത്തും വായനയും മാത്രമാണ് ഉള്ളത്. അതുകൊണ്ട് ഒരേ സമയം ഏത് സന്ദർഭത്തിനനുസരിച്ചുള്ള ഏത് പാറ്റേണിലുള്ള പാട്ടും ഗിരീഷിന് എഴുതാനുള്ള കഴിവുണ്ടായിരുന്നു.’ ഷിബു ചക്രവർത്തി പറഞ്ഞു.

ഇന്ന് മലയാള സിനിമയേക്കാൾ പാട്ടിനെ ഡിപ്പെൻഡ് ചെയ്യുന്നത് തമിഴ് സിനിമയിലെ ഡയറക്ടേഴ്സാണെന്നും സിനിമകളിലുണ്ടായ പാട്ടുകളുടെ മാറ്റത്തെ പറ്റിയും അദ്ദേഹം സംസാരിച്ചു.പണ്ട് പാട്ടുകളിലൂടെയാണ് സിനിമകൾ കഥ പറഞ്ഞതെന്നും ഇന്ന് പാട്ടുകൾ പശ്ചാത്തല സംഗീതത്തിന്റെ ഭാഗമായിട്ടാണ് സിനിമകളിൽ ഉപയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ‘വാസന്തപഞ്ചമി രാവ് …’ എന്ന തരത്തിലുള്ള പാട്ടുകൾ ഇന്ന് സിനിമയിൽ ഉപയോഗിക്കാൻ പറ്റില്ലായെന്ന് പറയുകയാണ് ഷിബു ചക്രവർത്തി.

തന്റെ സിനിമ കരിയറിൽ നൂറോളം സിനിമകളിലായ് മുന്നൂറോളം പാട്ടുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ഈറൻ മേഘം’,’പാടം പൂത്ത കാലം’,’തീരം തേടും ഓളം’ തുടങ്ങിയ ഒരുപിടി നല്ല പാട്ടുകൾ മലയാള സിനിമക്ക് സമ്മാനിച്ചത് ഷിബു ചക്രവർത്തിയാണ്. ‘അഥർവ്വം’,’മനു അങ്കിൾ’,’സാമ്രാജ്യം’ എന്നീ സിനിമകൾ അദ്ദേഹത്തിന്റെ തിരക്കഥയിൽ പിറന്ന സിനിമകളാണ്.

Content Highlight: If Gireesh Puthencheryy had been around, many other lyricists would not have existed; Gireesh is the most versatile writer I have ever seen said Shibu Chakravarthy