ആരെയും തോല്‍പ്പിക്കാം, ആരോടും തോല്‍ക്കാം-ഒരു ഒന്നൊന്നര വെസ്റ്റ് ഇന്‍ഡീസ്
ICC WORLD CUP 2019
ആരെയും തോല്‍പ്പിക്കാം, ആരോടും തോല്‍ക്കാം-ഒരു ഒന്നൊന്നര വെസ്റ്റ് ഇന്‍ഡീസ്
ജിതിന്‍ ടി പി
Tuesday, 28th May 2019, 10:54 pm

ടീം പ്രഖ്യാപിച്ചത് മുതല്‍ ഞെട്ടിച്ച ടീമാണ് വെസ്റ്റ് ഇന്‍ഡീസിന്റേത്. റണ്ണൊഴുകുന്ന ഇംഗ്ലണ്ടിലെ ബാറ്റിംഗ് പിച്ചില്‍ റണ്‍മഴ പെയ്യിക്കാന്‍ കരുത്തുള്ളവരാണ് കരീബിയന്‍ ടീമിലെ അംഗങ്ങളെല്ലാം. അവസാന സന്നാഹമത്സരത്തോടെ അത് തെളിയിച്ചതുമാണ് ടീം.

ലോകകപ്പിന്റെ ചരിത്രത്തില്‍ ഒഴിച്ചുകൂടാനാവാത്ത ടീമാണ് വിന്‍ഡീസ്. ആദ്യ രണ്ട് ലോകകപ്പും വിന്‍ഡീസിന്റെ പക്കലാണുള്ളത്. ഹാട്രിക് നേട്ടത്തിനായി 1983 ല്‍ ഫൈനലിലെത്തിയ വിന്‍ഡീസ് കപിലിന്റെ ചെകുത്താന്‍മാര്‍ക്ക് മുന്നില്‍ കാലിടറുകയായിരുന്നു. വിശ്വം ജയിച്ച കളിക്കാരുടെ നിരയുണ്ടായിട്ടും വിന്‍ഡീസിന് പിന്നീട് വലിയ നേട്ടങ്ങള്‍ കൊയ്യാനായില്ല.

ക്ലെവ് ലോയ്ഡ്, വിവിയന്‍ റിച്ചാര്‍ഡ്‌സ്, കോട്‌നി വാല്‍ഷ്, ആംബ്രോസ്, ബ്രയാന്‍ ലാറ, ശിവനരെയ്ന്‍ ചന്ദര്‍പോള്‍, രാംനരേഷ് സര്‍വന്‍, തുടങ്ങിയവരുടെ വിരമിക്കലോടെ ടീം ടെസ്റ്റിലും ഏകദിനത്തിലും ശരാശരി നിലവാരത്തിലേക്ക് കൂപ്പുകുത്തി. എന്നാല്‍ ടി-20യില്‍ ആരെയും വെല്ലുവിളിക്കാന്‍ പോന്ന ടീമായി വിന്‍ഡീസ് മാറി. 2012 ലും 2016 ലും ടി-20 ലോകകപ്പ് ചാംപ്യന്‍മാരായി.

എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി ഏകദിനത്തിലും ചില കൊള്ളിയാന്‍ പ്രകടനങ്ങള്‍ നടത്താന്‍ ടീമിനാവുന്നുണ്ട്. പ്രതിഭാധനരായ പുത്തന്‍ താരങ്ങളാണ് 2019 ലോകകപ്പില്‍ വിന്‍ഡീസിന്റെ പ്രതീക്ഷ. ഷായ് ഹോപ്പ്, ഹീത്മെയര്‍, ആന്ദ്രെ റസ്സല്‍, എന്നിവര്‍ ഒറ്റയ്ക്ക് കളിഗതി മാറ്റിമറിയ്ക്കാന്‍ കെല്‍പ്പുള്ളവരാണ്.

ക്രിസ് ഗെയ്ല്‍, എവിന്‍ ലൂയിസ്, നായകന്‍ ജേസണ്‍ ഹോള്‍ഡര്‍, പൊള്ളാര്‍ഡ്, ബ്രെയ്ത് വെയ്റ്റ്, നിക്കോളാസ് പൂരാന്‍, ആഷ്‌ലി നഴ്‌സ്…. അങ്ങനെ പോകുന്നു വിന്‍ഡീസ് താരനിര. റിസര്‍വ് ബെഞ്ചില്‍ പോലും കരുത്തരുടെ നിരയുണ്ടെന്നതാണ് വിന്‍ഡീസിനെ മറ്റുടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

എന്നാല്‍ ബൗളിംഗില്‍ ടീമിന്റെ പ്രകടനം ആശാവഹമല്ല. റണ്‍ വഴങ്ങുന്നതില്‍ പിശുക്ക് കാണിക്കുന്ന ബൗളര്‍മാര്‍ ടീമിലില്ല എന്നത് പോരായ്മയാണ്. വിശേഷിച്ച് ഇംഗ്ലണ്ടിലെ പിച്ച് ബാറ്റ്‌സ്മാന്‍മാരുടെ പറുദീസയാകുന്നത് സന്നാഹമത്സരങ്ങളിലെ ഫലം കാണിക്കുന്നത്.

ടീം റാങ്കിംഗില്‍ എട്ടമതാണ് വിന്‍ഡീസ്. 2015 ലോകകപ്പിന് ശേഷമുള്ള ഏകദിനത്തിലെ പ്രകടനവും ടീമിന് ആശാവഹമായ ഒന്നും പ്രതീക്ഷിക്കാനില്ല. സ്ഥിരതയില്ലായ്മയില്‍ സ്ഥിരതയുള്ള വിന്‍ഡീസിന് ആരെ തോല്‍പ്പിക്കാനും മടിയില്ല, ആരോട് തോല്‍ക്കാനും.

ലോകകപ്പ് വിജയം ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിന്‍ഡീസിന് സഹായകമാകും. കളിക്കാരുടെ വേതനപ്രശ്‌നവുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം ദ്വീപുകാരെ തളര്‍ത്തിയിട്ടുണ്ട്.

മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ വിന്‍ഡീസ് ഉറപ്പായും സെമിയിലുണ്ടാകുമെന്ന് പ്രവചിക്കുന്നുണ്ട്. ശ്രീലങ്ക, പാകിസ്താന്‍, അഫ്ഗാനിസ്താന്‍, ബംഗ്ലാദേശ് ടീമുകളോട് അനായാസം ജയിക്കാമെന്നാണ് വിന്‍ഡീസിന്റെ കണക്കുകൂട്ടല്‍. 1996 ലെ സെമിഫൈനലാണ് ആദ്യ രണ്ട് വര്‍ഷത്തെ കിരീടവിജയത്തിന് ശേഷം ലോകകപ്പില്‍ വിന്‍ഡീസിന്റെ മികച്ച പ്രകടനം.

WATCH THIS VIDEO:

ജിതിന്‍ ടി പി
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2017 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.