ന്യൂദല്‍ഹി: ജന്തര്‍ മന്ദര്‍ വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് നേര്‍ക്കുണ്ടായ പൊലീസ് അതിക്രമത്തില്‍ വിദ്യാര്‍ത്ഥികളോട് മാപ്പ് പറഞ്ഞുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദീപ്‌കെ. സമൂഹ മാധ്യമായ എക്‌സില്‍ പങ്കുവെച്ച വീഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിഷേധത്തിനിടെ തനിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് താന്‍ മാപ്പുനല്‍കുന്നുവെന്ന് മോദി ഇന്നലെ (ജൂലൈ 31, വെള്ളി) ഒരു വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഭിജിതിന്റെ പ്രതികരണം.
‘ഇന്നലെ നമ്മള്‍ മോദിജിയുടെ ഒരു വീഡിയോ കണ്ടു. എല്ലാ വിദ്യാര്‍ത്ഥികളോടും ക്ഷമിക്കുകമെന്ന് ആ വീഡിയോയില്‍ അദ്ദേഹം പറഞ്ഞു. ഇന്ന് മോദി ജി ഒരു വീഡിയോ പോസ്റ്റ് ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ജൂലൈ 20ന് പോലീസ് ചെയ്ത ക്രൂരതയ്ക്ക് ആ വീഡിയോയില്‍ മോദി ജി എല്ലാ വിദ്യാര്‍ത്ഥികളോടും ക്ഷമ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ അഭിജീത് പറഞ്ഞു.
ജന്തര്‍ മന്ദറില്‍ പൊലീസ് പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ പോലും ആക്രമിച്ചതിനെ കുറിച്ചും ദീപ്‌കെ വീഡിയോയില്‍ സൂചിപ്പിച്ചു. പൊലീസിന്റെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. ഇവയ്‌ക്കെല്ലാം മോദി ക്ഷമ ചോദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപ്‌കെ പറഞ്ഞു.
’12 വയസ്സുള്ള വിദ്യാര്‍ത്ഥികളെ പോലീസ് തലയില്‍ അടിച്ചു. സ്ത്രീകളുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി. പ്രതിഷേധക്കാരായ സ്ത്രീകളുടെ സ്വകാര്യ ഭാഗങ്ങളില്‍ മര്‍ദ്ദിച്ചു. അതുകൊണ്ട്, ആക്രമിക്കപ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളോടും ഇന്ന് രാത്രിയിലെ വീഡിയോയില്‍ മോദിജി ക്ഷമ ചോദിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ ദീപ്‌കെ പറഞ്ഞു.
തനിക്കെതിരെ ചില കുട്ടികള്‍ വളരെ അശ്ലീലവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചുവെന്ന് മോദി വീഡിയോ സന്ദേശത്തില്‍ പറഞ്ഞിരുന്നു. ‘ചില കുസൃതിക്കാരായ കുട്ടികള്‍ വളരെ അശ്ലീലവും അധിക്ഷേപകരവുമായ ഭാഷ ഉപയോഗിച്ചു. അത് സംസ്‌കാരമുള്ള ഒരു സമൂഹത്തിനും ചേര്‍ന്നതല്ല. അത്തരം വാക്കുകളാണ് പ്രയോഗിച്ചത്,’ എന്ന് മോദി വീഡിയോയില്‍ പറഞ്ഞിരുന്നു.
നിയമനടപടി ഇതിനൊരു പരിഹാരമല്ലന്നും വഴിതെറ്റിയ കുട്ടികളെ ശരിയായ പാത കാണിക്കണമെന്നും മോദി ആ വീഡിയോ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു. ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തിനിടെ പ്രധാനമന്ത്രിക്കെതിരെ അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു എന്നാരോപിച്ച് ഒരു സ്ത്രീക്കെതിരെ നോയിഡ പൊലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വീഡിയോ സന്ദേശം പുറത്തുവന്നത്.
അധിക്ഷേപകരമായ ഭാഷ ഉപയോഗിച്ചു എന്നാരോപിച്ച് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുന്നതിനെ ദീപ്‌കെ ഇന്നലെ വിമര്‍ശിച്ചിരുന്നു. എക്‌സില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അധിക്ഷേപ പരാമര്‍ശങ്ങള്‍ക്ക് കേസെടുക്കുകയാണെങ്കില്‍ ബി.ജെ.പി നേതാക്കള്‍ക്കും ഐ.ടി സെല്ലുകാര്‍ക്കും നേര്‍ക്ക് അതുണ്ടാവാത്തത് എന്തുകൊണ്ടാണെന്ന് വീഡിയോയില്‍ ദീപ്‌കെ ചോദിച്ചു.
‘നിങ്ങള്‍ അധിക്ഷേപത്തിന് കേസെടുക്കുകയാണെങ്കില്‍ വര്‍ഷങ്ങളായി ഓണ്‍ലൈനില്‍ സ്ത്രീകള്‍ക്കെതിരെ മോശം ഭാഷ ഉപയോഗിക്കുന്ന ബി.ജെ.പി ഐ.ടി സെല്‍ ആളുകള്‍ക്കെതിരെ എപ്പോഴാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുക,’ വീഡിയോയില്‍ ദീപ്‌കെ ചോദിച്ചു.
”അവര്‍ (ബി.ജെ.പി ഐ.ടി സെല്ലുകാര്‍) ഏത് തരം ഭാഷയും ഉപയോഗിക്കാന്‍ മടിയില്ലാത്തവരാണ്. ഒരു തരത്തിലും അവര്‍ സ്ത്രീകളെ ബഹുമാനിക്കുന്നില്ല. തന്നെ പ്രധാനമന്ത്രി മോദി ഫോളോ ചെയ്യുന്നുവെന്ന് ബയോയില്‍ അവര്‍ അഭിമാനത്തോടെ എഴുതിക്കാണാറുണ്ട്. അത്തരം ആളുകള്‍ പെണ്‍കുട്ടികളെ അധിക്ഷേപിക്കുന്നു. അവര്‍ക്കെതിരെ എപ്പോഴാണ് കേസ് ഫയല്‍ ചെയ്യുക,’ ദീപ്‌കെ ചോദിച്ചു.
ബി.ജെ.പി നേതാക്കള്‍ മുമ്പ് നടത്തിയ പരാമര്‍ശങ്ങളെക്കുറിച്ചും ദീപ്‌കെ പരാമര്‍ശിച്ചു. ഒരു ക്യാമറാമാന് നേര്‍ക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയതിന്റെ വീഡിയോയെകുറിച്ചും ദീപ്‌കെ സൂചിപ്പിച്ചു. യുവാക്കള്‍ക്കും ബി.ജെ.പി നേതാക്കള്‍ക്കും വ്യത്യസ്ത നിയമങ്ങളാണോ എന്നും അദ്ദേഹം ചോദിച്ചു.
‘ബി.ജെ.പി.യുടെ ഐ.ടി സെല്ലുകാര്‍ മാത്രമല്ല. അവരുടെ പാര്‍ലമെന്റ് അംഗം രമേശ് ബിധുരി ഒരു സഹ പാര്‍ലമെന്റ് അംഗത്തിനെതിരെ എന്ത് വാക്കുകളാണ് ഉപയോഗിച്ചതെന്ന് എല്ലാവരും ഓര്‍ക്കുന്നുണ്ട്. യുപി മുഖ്യമന്ത്രി ഒരു ക്യാമറാമാനെ അധിക്ഷേപിക്കുന്ന ഒരു വീഡിയോയും പുറത്ത് വന്നിരുന്നു,’ ദീപ്‌കെ പറഞ്ഞു.
‘അപ്പോള്‍, എന്താണ് സംഭവിക്കുന്നത്? ഈ രാജ്യത്ത് രണ്ട് നിയമങ്ങളുണ്ടോ? യുവാക്കള്‍ക്ക് പ്രത്യേക നിയമവും ബി.ജെ.പിക്കും അവരുടെ നേതാക്കള്‍ക്കും പ്രത്യേക നിയമവുമുണ്ടോ,” ദീപ്‌കെ ചോദിച്ചു.
Content Highlight: ‘I hope PM Modi apologises to students on brutality during July 20 protest’: CJP’s Abhijeet Dipke
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.