ഫുട്‌ബോള്‍ ചരിത്രത്തിലെ എക്കാലത്തെയും മികച്ച താരം താനാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. താന്‍ നേടിയ ഗോളുകളുടെ എണ്ണം തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താനാണെന്ന് വ്യക്തമാക്കുന്നുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാല്‍ ആളുകള്‍ തന്റെ പ്രകടനത്തെ വേണ്ടത്ര വിലമതിക്കുന്നില്ലെന്നും സി.എന്‍.എന്നിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

താന്‍ ഇത്രയധികം ഗോളുകള്‍ നേടിയിട്ടുണ്ടെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം താന്‍ തന്നെയാണ്, അതില്‍ യാതൊരു സംശയവുമില്ലെന്ന് റൊണാള്‍ഡോ പറഞ്ഞു. കണക്കുകള്‍ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ ഇപ്പോള്‍ പുലര്‍ത്തുന്ന ഫോമിനും നേടുന്ന ഗോളുകള്‍ക്കും ആളുകള്‍ വേണ്ടത്ര വില നല്‍കുന്നില്ല. കാര്യങ്ങള്‍ സ്വാഭാവികമായി സംഭവിക്കേണ്ടതാണ്.

ഞാന്‍ 920, 925, 930 ഗോളുകള്‍ നേടിയാല്‍… ചരിത്രത്തിലെ ഏറ്റവും മികച്ച താരം ഞാനാണ്, അതില്‍ തര്‍ക്കമില്ല. കണക്കുകള്‍ തന്നെ എല്ലാം സംസാരിക്കുന്നുണ്ട്.

1,000 ഗോളുകളെന്ന നേട്ടത്തിലെത്തിയാല്‍ അത് അതിശയകരമായിരിക്കും, ഒരു ലക്ഷ്യവുമാണ്. എന്നാല്‍, ദീര്‍ഘകാലത്തെക്കുറിച്ച് ചിന്തിച്ചുകൊണ്ടല്ല ഞാന്‍ മുന്നോട്ടുപോകുന്നത്,’ അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല തന്റെ ഗോളുകളെക്കുറിച്ചും എന്തുകൊണ്ടാണ് താനാണ് എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരമെന്നതിനെക്കുറിച്ചും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ സംസാരിക്കുന്നത്.

പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ഫെഡറേഷന്‍ നല്‍കുന്ന പരമോന്നത പുരസ്‌കാരമായ ക്വിനാസ് ഡി പ്ലാറ്റിനം ട്രോഫി ഏറ്റുവാങ്ങിയതിന് പിന്നാലെ 2024 നവംബറില്‍ സംസാരിക്കവെ, എത്രകാലം കൂടി കളി തുടരാനാകുമെന്ന് ഉറപ്പില്ലെന്നും അല്‍ നസര്‍ സൂപ്പര്‍ താരം പറഞ്ഞിരുന്നു.

‘ഓരോ നിമിഷത്തിലും ജീവിക്കുക എന്ന രീതിയിലാണ് ഞാന്‍ ഇപ്പോള്‍ ജീവിതത്തെ കാണുന്നത്. ദീര്‍ഘകാലത്തെക്കുറിച്ച് ചിന്തിക്കാന്‍ ഇനി എനിക്ക് കഴിയില്ല. 1,000 ഗോളുകള്‍ നേടാനാണ് ആഗ്രഹമെന്ന് ഞാന്‍ പരസ്യമായി പറഞ്ഞിരുന്നു.

എന്നാല്‍, ഇപ്പോള്‍ അതെല്ലാം എളുപ്പമാണെന്ന് തോന്നുന്നു. കഴിഞ്ഞ മാസം മാത്രമാണ് ഞാന്‍ 900 ഗോളുകള്‍ പിന്നിട്ടത്. ഓരോ നിമിഷത്തിലും ജീവിക്കുക, അടുത്ത ഏതാനും വര്‍ഷങ്ങളില്‍ എന്റെ കാലുകള്‍ എങ്ങനെ പ്രതികരിക്കുമെന്ന് നോക്കുക, അതാണ് പ്രധാനം.

1,000 ഗോളുകളിലെത്തിയാല്‍ സന്തോഷം. അതിന് കഴിഞ്ഞില്ലെങ്കിലും ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരം ഞാന്‍ തന്നെയാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അല്‍-നസര്‍ ക്ലബ്ബിനായി കളിക്കുന്ന 41 കാരനായ റൊണാള്‍ഡോ നിലവില്‍ തന്റെ കരിയറിന്റെ അവസാനഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.

ആയിരം ഗോളുകള്‍ എന്ന നാഴികക്കല്ലിന് തൊട്ടടുത്താണ് അദ്ദേഹം ഇപ്പോള്‍ ഉള്ളത്. ഈ സീസണിന്റെ അവസാനത്തോടെ താരം ഫുട്‌ബോളില്‍ നിന്ന് വിരമിച്ചേക്കുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.

 

Content Highlight: I am the greatest player of all time, but people do not value my performance enough: Ronaldo.