എഡിറ്റര്‍
എഡിറ്റര്‍
ഒരു മകനും സ്വന്തം അച്ഛനെ ഇത്ര അപമാനിച്ചിട്ടുണ്ടാകില്ല; അഖിലേഷ് തന്നോട് നീതി പുലര്‍ത്തിയില്ലെന്ന് മുലായം
എഡിറ്റര്‍
Sunday 2nd April 2017 1:04pm

ന്യൂദല്‍ഹി: യു.പി മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിനെതിരെ ആഞ്ഞിടിച്ച് പിതാവും സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവുമായ മുലായം സിങ് യാദവ്.

അഖിലേഷ് തന്നെ അപമാനിച്ചെന്നും അക്കാര്യം വോട്ടര്‍മാര്‍ക്ക് മനസിലായെന്നും മുലായം പറയുന്നു. സ്വന്തം അച്ഛനെ വിശ്വസിക്കുകയും അനുസരിക്കുകയും ചെയ്യാത്ത ഒരാള്‍ക്ക് മറ്റാരോടും അങ്ങനെ പെരുമാറാന്‍ കഴിയില്ലെന്നും മുലായം പറയുന്നു.

ഞാന്‍ ശരിക്കും അപമാനിക്കപ്പെടുകയായിരുന്നു. എന്റെ ജീവിതത്തില്‍ മുന്‍പൊരിക്കലും ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. പലതും ഞാന്‍ സഹിച്ചു, ക്ഷമിച്ചു.

ഇന്ത്യയിലെ ഒരു നേതാവും അയാള്‍ ജീവിച്ചിരിക്കെ സ്വന്തം മകനെ മുഖ്യമന്ത്രി കസേരയില്‍ ഇരുത്തിയിട്ടില്ല. എന്നാല്‍ ഞാന്‍ അഖിലേഷിനെ യു.പി മുഖ്യമന്ത്രിയാക്കി. എന്നാല്‍ സ്വന്തം അച്ഛനോട് നീതി പുലര്‍ത്താന്‍ അവനായില്ല. എന്നോട് നീതി പുലര്‍ത്താന്‍ കഴിയാത്ത അവനെങ്ങനെ ജനങ്ങളോട് നീതി പുലര്‍ത്താന്‍ കഴിയും- മുലായം ചോദിക്കുന്നു.

അഖിലേഷ് ചെയ്ത കാര്യങ്ങളിലെല്ലാം തെറ്റ് സംഭവിച്ചു. ശിവപാല്‍ യാദവിനെ പുറത്താക്കാനും അവഹേളിക്കാനും അഖിലേഷിന് എന്ത് യോഗ്യതയാണ് ഉള്ളതെന്നും മുലായം ചോദിക്കുന്നു.

മുലായത്തിന്റെ കടുത്ത എതിര്‍പ്പിനെ വകവെക്കാതെ യു.പി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട സമാജ് വാദി പാര്‍ട്ടിക്ക് 403 സീറ്റില്‍ വെറും 47 സീറ്റ് മാത്രമാണ് നേടാനായിരുന്നത്. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisement