[share]

[]കോഴിക്കോട്: വടകരയില്‍ മധ്യവയസ്‌കന്റെ ജനനേന്ദ്രിയത്തില്‍ പോലീസ് മര്‍ദ്ദിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സംഭവം മനുഷ്യാവകാശ കമ്മീഷന്‍ ഡി.ഐ.ജി അന്വേഷിക്കും. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ദേശീയ പാത സമര സമിതിയുടെ പ്രക്ഷോഭം അടിച്ചമര്‍ത്തുന്നതിനിടെയാണ് പോലീസിന്റെ ക്രൂര മര്‍ദ്ദനം നടന്നത്. പോലീസ് മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ചാനലുകളാണ് പുറത്തു വിട്ടത്.

ഒരു പോലീസുകാരന്‍ ഇദ്ദേഹത്തിന്റെ ജനനേന്ദ്രിയം പിടിയ്ക്കുന്നതും തുടര്‍ന്ന് മര്‍ദ്ദിയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

ഇദ്ദേഹം ഒഴിഞ്ഞുമാറുമ്പോഴും പോലീസുകാരന്‍ വീണ്ടും ജനനേന്ദ്രിയത്തില്‍ പിടിച്ച് മര്‍ദ്ദിയ്ക്കുന്നതും കാണാം.

സമര സമിതിയുടെ ദേശീയ പാത ഉപരോധത്തിനിടയില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തുകയും തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള സമരക്കാരെ പോലീസ് ബലമായി പിടിച്ചു മാറ്റുന്നതും ദൃശ്യങ്ങളും ചാനലുകള്‍ പുറത്തുവിട്ടിരുന്നു.

അതേസമയം,കര്‍മസമിതി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ ക്രൂരമര്‍ദനത്തില്‍ പ്രതിഷേധിച്ച് കൊയിലാണ്ടി, വടകര താലൂക്കുകളില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണ്ണം.

വാഹനങ്ങളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയപാതാ കര്‍മ സമിതിയാണ് ഹര്‍ത്താലിന് ഹ്വാനം ചെയ്തത്.