കരിയറില്‍ ആദ്യമായി പൊലീസ് വേഷത്തിലെത്തി ശ്രദ്ധ നേടുകയാണ് മാത്യു തോമസ്. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്ത ‘പ്രഥമദൃഷ്ട്യാ കുറ്റക്കാരന്‍’ എന്ന ചിത്രത്തിലെ പൊലീസ് കഥാപാത്രം മികച്ച രീതിയിലാണ് മാത്യു അവതരിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ സിനിമയില്‍ പൊലീസുകാരനായി എത്തുക എന്നത് തനിക്ക് അത്ര എളുപ്പമായിരുന്നില്ലെന്നാണ് മാത്യു പറയുന്നത്. പൊലീസ് കഥാപാത്രമാണെന്ന് അറിഞ്ഞപ്പോള്‍ തന്നെ ആത്മവിശ്വാസക്കുറവുണ്ടായിരുന്നെന്നും മാത്യു മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

‘പ്രകാശന്‍ പറക്കട്ടെ’ എന്ന സിനിമയ്ക്ക് ശേഷം സംവിധായകന്‍ ഷഹദ് നിലമ്പൂര്‍ ഒരു ദിവസം തന്നെ സമീപിച്ച് കഥ പറയുകയായിരുന്നുവെന്ന് മാത്യു പറയുന്നു. കഥ കേട്ടപ്പോള്‍ തന്നെ മികച്ച സ്‌ക്രിപ്റ്റും ഗംഭീര കാസ്റ്റുമാണെന്ന് തോന്നിയെങ്കിലും പൊലീസ് കഥാപാത്രമാണെന്ന് അറിഞ്ഞതോടെ ആശങ്കയുണ്ടായെന്നും താരം പറഞ്ഞു.

”ഷഹദിക്കയും ഞാനും മുന്‍പ് ‘പ്രകാശന്‍ പറക്കട്ടെ’ എന്ന സിനിമ ചെയ്തിരുന്നു. ഷഹദിക്ക പെട്ടെന്ന് ഒരു ദിവസം വന്ന് ഒരു കഥ പറയണമെന്ന് പറഞ്ഞു. പൊലീസ് കഥാപാത്രമാണെന്ന് പറഞ്ഞു. കഥ കേട്ടപ്പോള്‍ ഭയങ്കര നല്ല സ്‌ക്രിപ്റ്റ്, ഗംഭീര കാസ്റ്റ്. പക്ഷേ പൊലീസ് ആണെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ എന്റെ പ്രശ്നം പറഞ്ഞു,’ മാത്യു പറഞ്ഞു.

തുടര്‍ന്ന് പൊലീസ് അക്കാദമിയില്‍ നിന്നിറങ്ങിയ സി.പി.ഒമാരെക്കുറിച്ചും അവരുടെ രീതികളെക്കുറിച്ചുമെല്ലാം സംവിധായകന്‍ ചില മെറ്റീരിയലുകള്‍ കാണിച്ചുതന്നു. പിന്നീട് ട്രെയിനിങ് ക്യാമ്പിലും പൊലീസ് സ്റ്റേഷനിലും പോയി പൊലീസുകാരുമായി സംസാരിച്ചതോടെയാണ് കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത ലഭിച്ചത്.

ലുക്കിലേക്ക് എത്തിയപ്പോഴേക്കും പകുതി ആത്മവിശ്വാസം വന്നിരുന്നു. എന്നാല്‍ കഥാപാത്രത്തെ പൂര്‍ണമായി സ്വന്തമാക്കാന്‍ ഷൂട്ടിങ് ആരംഭിച്ചതിന് ശേഷമാണ് കഴിഞ്ഞതെന്നും മാത്യു വ്യക്തമാക്കി. സിനിമയിലെ സഹതാരങ്ങളായ പാര്‍വതി തിരുവോത്ത്, ജഗദീഷ്, സിദ്ധാര്‍ഥ് ഭരതന്‍, വിനയ് ഫോര്‍ട്ട്, ഉണ്ണിമായ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരുള്‍പ്പെടെ എല്ലാവരുടെയും പിന്തുണയും തനിക്ക് ലഭിച്ചെന്നും മാത്യു പറഞ്ഞു.

സംവിധായകന്‍ ഷഹദ് നല്‍കിയ ആത്മവിശ്വാസവും വലിയ സഹായമായിരുന്നു. എന്നാല്‍ മാത്യുവിന് ആത്മവിശ്വാസം പൂര്‍ണമായി വന്നത് സെറ്റിലുണ്ടായിരുന്ന ഒരു യഥാര്‍ഥ പൊലീസുകാരിയില്‍ നിന്നുള്ള പ്രതികരണം കേട്ടപ്പോഴാണ്.

‘എനിക്ക് ഏറ്റവും സ്ട്രൈക്ക് ആയ കാര്യം നമ്മുടെ കൂടെ യഥാര്‍ഥ പൊലീസുകാരും ഉണ്ടായിരുന്നു എന്നതാണ്. അവിടെയുണ്ടായിരുന്ന ഒരു പൊലീസുകാരിയായ ചേച്ചി എന്റെ അടുത്തുവന്ന്, ‘മോന്‍ ഈ സിനിമയിലുണ്ടെന്ന് പറഞ്ഞപ്പോള്‍ ഈ മോനെ എങ്ങനെയാണ് പൊലീസ് ആക്കുക, ചെറിയ കുട്ടിയല്ലേ’ എന്നാണ് തോന്നിയത് എന്ന് പറഞ്ഞു.

പക്ഷേ മോന്‍ യൂണിഫോം ഇട്ട് വന്ന് കണ്ടപ്പോള്‍ കറക്ട് ക്യാമ്പിലെ പിള്ളേരെപ്പോലെ തന്നെയുണ്ടെന്ന് പറഞ്ഞു. അപ്പോഴാണ് എനിക്ക് സമാധാനമായത്. ശരിക്കും അപ്പോഴാണ് ഒരു കോണ്‍ഫിഡന്‍സ് വന്നത്,’ മാത്യു പറഞ്ഞു.

Content Highlight: How would this boy suit the role of a police officer, The policewoman asked says Actor mathew Thomas