ഏദന്‍: ചെങ്കടലിലെ തന്ത്രപ്രധാനമായ കടല്‍പാതയായ ബാബ് അല്‍ മന്‍ദെബ് യെമനിലെ ഹൂത്തി വിമതരുടെ നിയന്ത്രണത്തില്‍ ഉടന്‍ എത്തിച്ചേരുമെന്ന് സൂചന. സൗദി സഖ്യവുമായുള്ള പോരാട്ടത്തില്‍ ഹൂത്തി വിമതര്‍ ചെങ്കടല്‍ മേഖലയില്‍ മുന്നേറ്റമുണ്ടാക്കുന്നതായി പശ്ചിമേഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ ചെങ്കടല്‍ തീരത്തുള്ള മോക്ക തുറമുഖത്തിന്റെ നിയന്ത്രണം ഹൂത്തികള്‍ പിടിച്ചെടുത്തു. ചെങ്കടല്‍ മേഖലയില്‍ സൈനിക വിന്യാസവും അവര്‍ വര്‍ധിപ്പിച്ചു.

‘ബാബ് അല്‍ മന്‍ദെബിന്റെ പൂര്‍ണ നിയന്ത്രണം കൈപ്പിടിയിലൊതുക്കുന്നതിലേക്ക് ഒരു പടി കൂടി അടുപ്പിക്കുന്ന സൈനിക വിജയമാണ് ഹൂത്തികള്‍ നേടിയത്,’ എന്ന് സമുദ്രയാന സുരക്ഷാ ഏജന്‍സിയായ ‘ഡ്രയാഡ് ഗ്ലോബലി’ന്റെ സി.ഇ.ഒ കോറി റാന്‍സ്ലെമിനെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ ബാബ് അല്‍-മന്‍ദെബില്‍ നിയന്ത്രണം സ്ഥാപിക്കാന്‍ ഹൂത്തികള്‍ക്ക് കഴിയുമെന്ന് ഞാന്‍ കരുതുന്നു. കാരണം, ആ പ്രദേശത്ത് അമേരിക്കയ്ക്ക് കാര്യമായ സൈനിക സാന്നിധ്യമില്ല,’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അനുകൂല യെമന്‍ സേനയെ പരാജയപ്പെടുത്തിയാണ് ഹൂത്തികള്‍ ഇന്നലെ (സെപ്റ്റംബര്‍ 10, വ്യാഴം) ചെങ്കടല്‍ തുറമുഖ നഗരമായ ‘മോക്ക’യുടെ നിയന്ത്രണം ഏറ്റെടുത്തത്. ദിവസങ്ങളോളം നീണ്ട പോരാട്ടങ്ങള്‍ക്കൊടുവിലല്‍ തുറമുഖ നഗരത്തിന്റെ നിയന്ത്രണം ഹൂഥികള്‍ പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഹൂഥികള്‍ സൈനിക മുന്നേറ്റം നടത്തിയിട്ടും അവര്‍ക്കെതിരെ സൗദിയില്‍ നിന്നോ സഖ്യകക്ഷികളില്‍ നിന്നോ കാര്യമായ വ്യോമാക്രമണത്തെ നേരിടേണ്ടി വന്നിട്ടില്ല എന്നാണ് വിവരം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി യെമനിലെ കൂടുതല്‍ പ്രദേശങ്ങള്‍ ഹൂത്തികള്‍ പിടിച്ചെടുത്തതായി അറബ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചെങ്കടലിന്റെ നടുവിലുള്ള ഹാനിഷ് ദ്വീപുകളില്‍ ഹൂഥികള്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ബാബ് അല്‍ മന്‍ദെബ് കടലിടുക്കിലേക്കും പെരിം ദ്വീപിലേക്കും ഹൂഥികളുടെ മുന്നേറ്റം തുടരുകയാണെന്നും പശ്ചിമേഷ്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

മുന്‍ യെമന്‍ പ്രസിഡന്റ് അലി അബ്ദുള്ള സലേയുടെ അനന്തരവനായ താരെക് സലേയുടെ നേതൃത്വത്തിലുള്ള നാഷണല്‍ റെസിസ്റ്റന്‍സ് ഫോഴ്സസിന്റെ (എന്‍.ആര്‍.എഫ്) നിയന്ത്രണത്തിലായിരുന്നു മോക്ക നഗരം. വലിയ രീതിയില്‍ ആയുധ ശേഷിയുള്ള ഹൂത്തി വിരുദ്ധ സേനയായിരുന്നു എന്‍.ആര്‍.എഫ്.

പരമ്പരാഗതമായ യു.എ.ഇയുടെ പിന്തുണയുണ്ടായിരുന്ന സേനയായിരുന്ന എന്‍.ആര്‍.എഫ് ഈ വര്‍ഷം തുടക്കത്തില്‍ സൗദി സഖ്യത്തിന്റെ ഭാഗമായിരുന്നു. ഈ വര്‍ഷം ആദ്യം യു.എ.ഇ യെമനില്‍ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ച ശേഷമായിരുന്നു ഇത്.

യുദ്ധം ശക്തമാകുന്നത് ആശങ്കാകരമാണെന്ന് യെമനിനായുള്ള യു.എന്‍. പ്രത്യേക പ്രതിനിധി ഹാന്‍സ് ഗ്രണ്ട്‌ബെര്‍ഗ് ആശങ്ക പ്രകടിപ്പിച്ചു. യുദ്ധം ‘പുതിയതും കൂടുതല്‍ അപകടകരവുമായ ഒരു ഘട്ടത്തിലേക്ക്’ കടന്നിരിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര സമൂഹം നടപടിയെടുക്കണമെന്ന് അദ്ദേഹം വ്യാഴാഴ്ച ചേര്‍ന്ന യു.എന്‍. സുരക്ഷാ സമിതി യോഗത്തില്‍ പറഞ്ഞു.

ബാബ് അല്‍ മന്‍ദെബ് ഹൂത്തികളുടെ നിയന്ത്രണത്തിലാവുന്നത് സൗദിയുടെ എണ്ണ വ്യാപാരത്തെ സാരമായി ബാധിക്കും. സൗദിയുടെ ആഗോള എണ്ണ വില്‍പനയുടെ അഞ്ചിലൊന്നും കൈകാര്യം ചെയ്തിരുന്ന ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം ഇറാന്‍-യു.എസ് സംഘര്‍ഷത്തെത്തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്ന് ചെങ്കടല്‍ പാതയെയാണ് എണ്ണ കയറ്റുമതിക്ക് സൗദി കാര്യമായി ആശ്രയിക്കുന്നത്. ഹൂത്തികള്‍ ബാബ് അല്‍ മന്‍ദെബിന്റെ നിയന്ത്രണം ഏറ്റെടുത്താല്‍ അത് സൗദിയുടെ ചെങ്കടല്‍ വഴിയുള്ള എണ്ണ കയറ്റുമതി തടസപ്പെടാന്‍ കാരണമാവും.

മോക്കയുടെ നിയന്ത്രണം ഹൂത്തികള്‍ക്ക് ലഭിച്ചതിലൂടെ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കടലിടുക്കുകളിലൊന്നില്‍ അവര്‍ക്ക് നേരിട്ട് ഇടപെടാന്‍ സാധിക്കും. അത് കപ്പല്‍ ഗതാഗത സ്വാതന്ത്ര്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ബാബ് അല്‍ മന്‍ദെബിലെ ഗതാഗതം തടസപ്പെടുമെന്നുള്ള അഭ്യൂഹങ്ങള്‍ ആഗോള എണ്ണവില വര്‍ധിക്കാന്‍ കാരണമാവുന്നുണ്ട്. വ്യാഴാഴ്ച ബ്രെന്റ് ക്രൂഡ് ഓയില്‍ വില നാല് ശതമാനത്തോളം വര്‍ധിച്ച് ബാരലിന് 105 ഡോളറിന് മുകളിലെത്തി. കൂടാതെ, യു.എസിലെ ഡീസലിന്റെ ശരാശരി വില ചരിത്രത്തിലാദ്യമായി ഗാലന് ആറ് ഡോളര്‍ കടന്നതായി വില നിരീക്ഷണ സംവിധാനമായ ‘ഗ്യാസ്ബഡി’ അറിയിച്ചു.

Content Highlight: Houthis  Advance in Yemen: May take eye ‘full control’ of Bab el-Mandeb