ഗുവാഹത്തി: അസമിലെ ഗോള്‍പ്പാറയില്‍ നോട്ടീസ് നല്‍കി 24 മണിക്കൂറിനുള്ളില്‍ 73 മുസ്‌ലിം കുടുംബങ്ങളുടെ വീടുകള്‍ പൊളിച്ചുനീക്കിയ ഭരണകൂട നടപടിയെ വിമര്‍ശിച്ച് ഗുവാഹത്തി ഹൈക്കോടതി.

ഏത് അടിയന്തര സാഹചര്യമാണ് മതിയായ സമയം പോലും നല്‍കാതെ സ്വകാര്യ ഭൂമിയിലെ വീടുകള്‍ തകര്‍ക്കാന്‍ അധികൃതരെ പ്രേരിപ്പിച്ചതെന്ന് ജസ്റ്റിസ് ദേവാശിഷ് ബറുവ ചോദിച്ചു. റവന്യൂ അധികാരികളുടെ ഈ നടപടി ഭരണഘടനാ ലംഘനവും സ്വാഭാവിക നീതിയുടെ നിഷേധവുമാണെന്നും കോടതി നിരീക്ഷിച്ചു.

ഭരണകൂടത്തിന്റെ ബുള്‍ഡോസര്‍ രാജിനെതിരെ 21 കുടുംബങ്ങള്‍ നല്‍കിയ ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം. സംസ്ഥാന സര്‍ക്കാരിനും ഗോള്‍പ്പാറ ജില്ലാ കമ്മീഷണര്‍ക്കും മാറ്റിയ റവന്യൂ സര്‍ക്കിളിലെ സര്‍ക്കിള്‍ ഓഫീസര്‍ക്കുമെതിരായാണ് ഹരജി.

കാര്‍ഷിക ആവശ്യത്തിനുള്ള ഭൂമി പാര്‍പ്പിട ആവശ്യത്തിലേക്ക് മാറ്റിയില്ലെന്നാരോപിച്ചാണ് പ്രാദേശിക അധികാരികള്‍ ബുള്‍ഡോസര്‍ വെച്ച് പൊളിച്ചുനീക്കല്‍ നടപടിയുമായി മുന്നോട്ട് പോയത്. എന്നാല്‍, സെപ്റ്റംബര്‍ അഞ്ചിന് നോട്ടീസ് നല്‍കി സെപ്റ്റംബര്‍ ഏഴിന് അതിരാവിലെ വീടുകള്‍ പൊളിച്ച് നീക്കുകയായിരുന്നുവെന്ന് ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ എസ്. ബോര്‍ഠാക്കൂര്‍ ചൂണ്ടിക്കാട്ടി. തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഇരകള്‍ക്ക് യാതൊരു അവസരവും നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടന ഉറപ്പുനല്‍കുന്ന അനുച്ഛേദം 14 (സമത്വത്തിനുള്ള അവകാശം), അനുച്ഛേദം 21 (ജീവിത സംരക്ഷണം) എന്നിവയുടെ ലംഘനമാണ് ഇവിടെ നടന്നിട്ടുള്ളതെന്നും ഹൈക്കോടതി വ്യക്തമാക്കി.
സെപ്റ്റംബര്‍ 11ന് അടുത്ത വാദം കേള്‍ക്കുന്നത് വരെ തുടര്‍ നടപടികളൊന്നും സ്വീകരിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

സ്വന്തം ആവശ്യത്തിന് വീടുവെക്കാന്‍ രണ്ട് നിലയില്‍ താഴെയുള്ള നിര്‍മാണങ്ങള്‍ക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ അനുമതി ആവശ്യമില്ലെന്ന 2015-ലെ ‘അസം അഗ്രികള്‍ച്ചറല്‍ ലാന്‍ഡ് ആക്ട്’ ചൂണ്ടിക്കാട്ടിക്കൊണ്ട് കോടതി പറഞ്ഞു. പൊളിച്ചുനീക്കലില്‍ ഉണ്ടായ സാമ്പത്തിക നഷ്ടം വ്യക്തമാക്കി പുതിയ സത്യവാങ്മൂലം നല്‍കാന്‍ ഹരജിക്കാര്‍ക്ക് കോടതി അനുമതി നല്‍കിയിട്ടുണ്ട്.

Content Highlight: Violation of natural justice: Guwahati High Court on the demolition of 73 Muslim families’ homes in Assam.