[]ന്യൂദല്‍ഹി: പാക് അധീന കശ്മീരിന് പുതിയ ലോക്‌സഭാ സീറ്റ് അനുവദിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമം.  ഭരണഘടനയുടെ 81-ാം അനുഛേദം ഭേദഗതി ചെയ്ത് ഇത് നടപ്പിലാക്കാനാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ശ്രമം.

ഇതിനായുള്ള നടപടിക്രമങ്ങള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുന്നതിനുള്ള ചര്‍ച്ചകളും കേന്ദ്ര ആഭ്യന്തരമന്ത്രാലയം നടത്തി വരികയാണ്.

മറ്റൊരു രാജ്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്ത് തിരഞ്ഞെടുപ്പ് നടത്താന്‍ ഇന്ത്യന്‍ ഭരണഘടനയുടെ 81-ാം വകുപ്പനുസരിച്ച് സാധ്യമല്ല.
ഈ സാഹചര്യത്തിലാണ് ഭരണഘടനയില്‍ ഭേദഗതി വരുത്തുന്നത്.

ജമ്മു കാശ്മീര്‍ നിയമസഭയില്‍ ഇപ്പോള്‍ 24 സീറ്റുകള്‍ പാക് അധിനിവേശ കാശ്മീരിനായി നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍ ഈ പ്രദേശം പാകിസ്ഥാന്റെ കീഴിലായതിനാല്‍ ഈ സീറ്റുകള്‍ ഇപ്പോള്‍ സാങ്കല്‍പ്പികമായി മാത്രമാണ് നിലനില്‍ക്കുന്നത്.

നിയമസഭയിലെ മൊത്തം അംഗസംഖ്യയെ സൂചിപ്പിക്കുമ്പോള്‍ ഈ സീറ്റുകള്‍ കണക്കിലെടുക്കാറുമില്ല. പാക് അധീന കാശ്മീര്‍ ഇന്ത്യയുടെ ഭാഗമായതിനാലാണ് ആളില്ലെങ്കിലും ഈ സീറ്റുകള്‍ മാറ്റിവെക്കുന്നത്.

ഇതേ രീതിയില്‍ ഒരു ലോകസ്ഭാ സീറ്റ് പാക് അധിനിവേശ കാശ്മീരിനായി മാറ്റിവെക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

ആഭ്യന്തര ജോയിന്റ് സെക്രട്ടറി ആര്‍.കെ ശ്രീവാസ്തവയാണ് ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. പാക് അധീന കാശ്മീരിന് ലോക്‌സഭാ സീറ്റ് അനുവദിക്കുന്നതിനുള്ള നിയമ സാധുതകള്‍ പരിശോധിക്കുന്നതിനായി കേന്ദ്ര നിയമ മന്ത്രാലയത്തോട് ഉപദേശം തേടിയിട്ടുണ്ട്.

കേന്ദ്ര ആഭ്യന്തര സെക്രട്ടറി അനില്‍ ഗോസ്വാമി ഉള്‍പ്പെടെ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സംഘം ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നു.