മലയാള സിനിമക്ക് അഭിമാനമായി 1979ല്‍ പുറത്തിറങ്ങിയ ജി.അരവിന്ദന്‍ ചിത്രം കുമ്മാട്ടി അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്ന് വിഖ്യാത ഹോളിവുഡ് സംവിധായകന്‍ മാര്‍ട്ടിന്‍ സ്‌കോസെസി.

കുമ്മാട്ടിയുടെ റീമാസ്റ്റര്‍ ചെയ്ത പതിപ്പ് ഫിലിം ഫൗണ്ടേഷന്‍ റീസ്റ്റോറേഷന്‍ സ്‌ക്രീനിങ് റൂമില്‍ പ്രദര്‍ശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടാണ് സ്‌കോസെസി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ചിത്രം അതിശയിപ്പിക്കുന്ന ദൃശ്യാവിഷ്‌കാരമെന്നും ഇമ്പമാര്‍ന്നതും ഹൃദയഹാരിയായതെന്നും സ്‌കോസെസി ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് അദ്ദേഹം ഇത് പങ്കുവെച്ചത്.

മാര്‍ട്ടിന്‍ സ്‌കോസെസിയുടെ ഫിലിം ഫൗണ്ടേഷന്‍, ഇറ്റലിയിലെ ബൊലോഗ്‌ന കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സിനിടെക്ക ഡി ബൊലോഗ്‌ന എന്നിവയുടെ സഹകരണത്തോടെ ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷന്‍ ചിത്രത്തിന്റെ നവീകരിച്ച 4കെ പതിപ്പ് തയ്യാറാക്കിയിരുന്നു.