ബി.ജെ.പിയെ 'പരാദ ജീവി'യോട് ഉപമിച്ച് ഹേമന്ത് സോറൻ ;വിദ്യാർത്ഥി സമരത്തെ വലുതാക്കി കാണിക്കാൻ ശ്രമിക്കുന്നു
India
ബി.ജെ.പിയെ 'പരാദ ജീവി'യോട് ഉപമിച്ച് ഹേമന്ത് സോറൻ ;വിദ്യാർത്ഥി സമരത്തെ വലുതാക്കി കാണിക്കാൻ ശ്രമിക്കുന്നു
ശ്രീലക്ഷ്മി പി.പി
Wednesday, 12th August 2026, 1:53 pm

റാഞ്ചി: ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ. വിദ്യാർഥികളുടെ പ്രതിഷേധങ്ങളെ രാഷ്ട്രീയ നേട്ടത്തിനായി ബിജെപി ഉപയോഗിക്കുകയാണെന്ന് ആരോപിച്ച സോറൻ, ബി.ജെ.പിയെ ‘പരാദ ജീവി’യോട് ഉപമിച്ചു. വിവാദമായ 14-ാം JPSC പ്രിലിമിനറി പരീക്ഷയും 2023, 2025 വർഷങ്ങളിലെ ബാക്ക്‌ലോഗ് പരീക്ഷകളും റദ്ദാക്കുന്നതായി അദ്ദേഹം നിയമസഭയിൽ പ്രഖ്യാപിച്ചു.

റിക്രൂട്ട്‌മെന്റ് പരീക്ഷകളുമായി ബന്ധപ്പെട്ട പരാതികളും ക്രമക്കേടുകളും പരിശോധിക്കുന്നതിനുള്ള അന്വേഷണം തുടരുമെന്നും സോറൻ വ്യക്തമാക്കി. പരീക്ഷാ സംവിധാനം സമഗ്രമായി പരിഷ്‌കരിക്കുമെന്നും IIT, IIM, XLRI ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിൽ നിന്ന് ഇതിനായി നിർദേശങ്ങൾ തേടുമെന്നും അദ്ദേഹം അറിയിച്ചു.

റിക്രൂട്ട്‌മെന്റ് പരീക്ഷകളിലെ ക്രമക്കേടുകൾക്കെതിരെ സമരം ചെയ്ത ഉദ്യോഗാർഥികൾ ബാരിക്കേഡുകൾ തകർത്ത് നിയമസഭയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചതിനെ തുടർന്ന് റാഞ്ചി പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും ലാത്തിച്ചാർജും പ്രയോഗിച്ചിരുന്നു.

അതേസമയം, വിദ്യാർഥി സമരത്തിന്റെ മറവിൽ ബി.ജെ.പി പ്രതിഷേധം വലുതാക്കി കാണിക്കാൻ ശ്രമിക്കുകയാണെന്ന് സോറൻ ആരോപിച്ചു. തിങ്കളാഴ്ച നടന്ന മാർച്ചിനിടെ പൊലീസും പ്രതിഷേധക്കാരും സംയമനം പാലിച്ചിരുന്നുവെന്നും, എന്നാൽ ബി.ജെ.പി പിന്തുണയുള്ള ചില അക്രമകാരികൾ സാഹചര്യം വഷളാക്കാൻ ശ്രമിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി വിദ്യാർത്ഥി പ്രതിഷേധത്തിന്റെ മറവിൽ,വിദ്യാർത്ഥി പ്രക്ഷോഭത്തെ വലുതാക്കി കാണിക്കാനുള്ള ശ്രമത്തിലാണെന്ന് ഹേമന്ത് സോറൻ വ്യക്തമാക്കി.’ജീവിച്ചുനിൽക്കാൻ പരാദ ജീവികൾ വിവിധ തരത്തിലുള്ള പോഷണം തേടുന്നതുപോലെ, ഇപ്പോൾ വിദ്യാർഥികളുടെ മറവിൽ തങ്ങളുടെ ശക്തി പ്രകടിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്,’ സോറൻ സഭയിൽ പറഞ്ഞു.

 

കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ വിദ്യാർത്ഥി സമരത്തിൽ പങ്കെടുക്കാൻ ബി.ജെപി യുവാക്കളെ ട്രക്കുകളിൽ കയറ്റി അയച്ചതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പങ്കുവെച്ചിരുന്നു. വിദ്യാർഥി സമരത്തിന്റെ മറവിൽ ബി.ജെ.പി വ്യാജ ജനക്കൂട്ടത്തെ ഉപയോഗിച്ച് പ്രതിഷേധം വലുതാക്കി കാണിക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു കോൺഗ്രസിന്റെ ആരോപണം.

Content Highlight :Hemant Soren compares BJP to a parasite

 

ശ്രീലക്ഷ്മി പി.പി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.