ന്യൂദല്‍ഹി: നോര്‍ത്ത് ഇന്ത്യ ശൈത്യത്തിലേക്ക് കടന്നിരിക്കുകയാണ്. തണുപ്പില്‍ നിന്നു രക്ഷനേടാന്‍ ഹീറ്ററുകള്‍ ഉപയോഗിക്കുന്നതും പതിവ് കാഴ്ചയായി മാറിയിരിക്കുകയാണ്. എന്നാല്‍ മനുഷ്യന്മാര്‍ക്ക് മാത്രമല്ല ദൈവങ്ങളുടെ തണുപ്പകറ്റാന്‍ ഹീറ്റര്‍ സ്ഥാപിച്ചിരിക്കാന്‍ തുടങ്ങിയെന്നാണ് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ പറയുന്നത്.
അയോധ്യയിലെ ക്ഷേത്ര ഭാരവാഹികളാണ് പ്രതിഷ്ഠയുടെ തണുപ്പകറ്റാനായി ക്ഷേത്രത്തിനുള്ളില്‍ ഹീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ജാനകിഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രത്തിലാണ് പ്രതിഷ്ഠയുടെ തണുപ്പകറ്റാന്‍ ഹീറ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിനുപുറമേ അഭിഷേകത്തിനായി ചൂടുവെള്ളവും ഒരുക്കിയാണ് ഭാരവാഹികള്‍ പ്രതിഷ്ഠയെ സംരക്ഷിക്കുന്നത്.
കൊടുംതണുപ്പില്‍ നിന്നും പ്രതിഷ്ഠയെ സംരക്ഷിക്കാനാണ് ഇത്തരമൊരു ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നാണ് ഭാരവാഹികള്‍ പറയുന്നത്. അയോധ്യയിലെ രാംലല്ല പ്രതിഷ്ഠയ്ക്ക് രോമക്കുപ്പായവും പുതപ്പും ഹീറ്ററും നല്‍കണമെന്ന് ആവശ്യപ്പെട്ട് വി.എച്.പി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷ്ഠയ്ക്കായി ഹീറ്റര്‍ ഉപയോഗിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌പ്പെട്ടിരിക്കുന്നത്.
ജാനകിഘട്ട് ബഡാസ്ഥാന്‍ ക്ഷേത്രത്തിലെ ഹീറ്ററിന്റെ വാര്‍ത്ത ദേശീയ മാധ്യമങ്ങളില്‍ വന്നതോടെ പ്രതികരണവുമായി രംഗത്തെത്തിയ വി.എച്.പി നേതാവ് ശരത് ശര്‍മ ഇത് ജനങ്ങളുടെ ഉത്തരവാദിത്വമാണെന്നാണ് വിശേഷിപ്പിച്ചത്. “പ്രതിഷ്ഠയെ കൊടുംതണുപ്പില്‍ നിന്നും സംരക്ഷിക്കുക എന്നത് കോടിക്കണക്കിന് രാമഭക്തരുടെ ഉത്തരവാദിത്വമാണ്” അദ്ദേഹം പറഞ്ഞു.
