വിദ്യാര്‍ത്ഥി പ്രതിഷേധം: കോടതി ഉത്തരവ് ബി.ജെ.പി സര്‍ക്കാരുകള്‍ ആയുധമാക്കിയേക്കാമെന്ന് സി.ജെ.പി
India
വിദ്യാര്‍ത്ഥി പ്രതിഷേധം: കോടതി ഉത്തരവ് ബി.ജെ.പി സര്‍ക്കാരുകള്‍ ആയുധമാക്കിയേക്കാമെന്ന് സി.ജെ.പി
റെന്വര്‍ പി
Tuesday, 28th July 2026, 10:42 pm

ന്യൂദല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള വിദ്യാര്‍ത്ഥി പ്രതിഷേധവുമായി ബന്ധപ്പെട്ട പൊതു താത്പര്യ ഹരജികളിലെ സുപ്രീം കോടതി ഇടക്കാല ഉത്തരവില്‍ ആശങ്ക പ്രകടിപ്പിച്ച് കോക്രോച്ച് ജനത പാര്‍ട്ടി (സി.ജെ.പി.).

സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട ഒന്നിലധികം ഹരജികളിലാണ് സുപ്രീം കോടതിയുടെ ഇന്നത്തെ(ജൂലൈ 28, ചൊവ്വ) ഇടക്കാല ഉത്തരവ്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അടങ്ങിയ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. ഈ ഉത്തരവില്‍ അപകട സാധ്യതയുള്ളതായി സി.ജെ.പി ഔദ്യോഗിക പ്രസ്താവനയില്‍ പറഞ്ഞു.

പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകളില്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ ഇന്നത്തെ ഇടക്കാല വിധിയില്‍ കോടതി അനുമതി നല്‍കുന്നുണ്ട്. ഇത് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതായി സി.ജെ.പി പ്രസ്താവനയില്‍ വ്യക്തമാക്കി

‘നിലവിലുള്ള എഫ്.ഐ.ആറുകളുമായി മുന്നോട്ട് പോകാനും അന്വേഷണം നടത്താനും സര്‍ക്കാരുകളെ അനുവദിക്കുന്ന നിര്‍ദേശം നമ്പര്‍ 4, അങ്ങേയറ്റം ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു,’ സി.ജെ.പിയുടെ പ്രസ്താവനയില്‍ പറയുന്നു.

പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ഉറപ്പിന് വിരുദ്ധമാണ് കോടതി വിധി. നിയമ നടപടികളുണ്ടാവില്ലെന്ന ഉറപ്പിന്റെ ബലത്തിലും പൂര്‍ണ്ണമായ നല്ല വിശ്വാസത്തിലുമാണ് രാജ്യവ്യാപകമായ പ്രതിഷേധം തങ്ങള്‍ നിര്‍ത്തിയത്. പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ തുടരാനും അവരെ പീഡിപ്പിക്കാനും വേണ്ടി കേന്ദ്ര സര്‍ക്കാരും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ സര്‍ക്കാരുകളും ഈ ഉത്തരവ് ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി.

സി.ജെ.പിയുമായുള്ള ചര്‍ച്ചയിലെ ഉറപ്പുകളെ കുറിച്ച് അറിയാമായിരുന്നിട്ടും സര്‍ക്കാരിന്റെ അഭിഭാഷകര്‍ ഇടക്കാല ഉത്തരവിനെ എതിര്‍ത്തില്ല എന്നതും അസ്വസ്ഥമാക്കുന്ന കാര്യമാണ്. സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്റെ കാര്യം പരിഗണിക്കാതെയുള്ള കോടതി ഉത്തരവ് പൂര്‍ണമായും അസ്വീകാര്യമാണെന്നും സി.ജെ.പി വ്യക്തമാക്കി.

ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ക്കു നല്‍കിയ പരസ്യമായ ഉറപ്പില്‍ നിയമ പരമായ സംഭവ വികാസങ്ങളെ ഉപയോഗപ്പെടുത്തി വെള്ളം ചേര്‍ക്കാനാവില്ല. അത് പൊതുജനത്തോടുള്ള വിശ്വാസ വഞ്ചനയാവും എന്നും പ്രസ്താവനയില്‍ പറയുന്നു.

ബീഹാര്‍, അസം സര്‍ക്കാരുകള്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട എഫ്.ഐ.ആറുകള്‍ റദ്ദാക്കിയിരുന്നു. കോടതിയുടെ ഇടക്കാല ഉത്തരവ് ഇത്തരമൊരു തീരുമാനമെടുക്കുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാരുകളെ തടയുന്നില്ലെന്നും സി.ജെ.പി ചൂണ്ടിക്കാട്ടി.

അത്തരം കേസുകള്‍ പിന്‍വലിക്കാനോ തുടരാതിരിക്കാനോ ഉള്ള അധികാരം സര്‍ക്കാരിനുണ്ട്. കേസുകള്‍ തീര്‍ച്ചയായും തുടരണമെന്ന് കോടതി വിധിയില്‍ പറയുന്നില്ല. ജൂലൈ 25ന് നല്‍കിയ ഉറപ്പുകള്‍ ലംഘിക്കാനുള്ള ന്യായീകരണമായി ഈ കോടതി ഉത്തരവിനെ സര്‍ക്കാരുകള്‍ ഉപയോഗിക്കരുതെന്നും സി.ജെ.പി ആവശ്യപ്പെട്ടു.

പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇന്ന് രാത്രി വരെ സി.ജെ.പി സമയ പരിധി അനുവദിച്ചിരുന്നു. എഫ്.ഐ.ആറുകള്‍ പിന്‍വലിക്കാമെന്നും ഭാവിയില്‍ പ്രതിഷേധക്കാര്‍ക്ക് നേര്‍ക്ക് ശിക്ഷാ നടപടികളുണ്ടാകില്ലെന്നുമുള്ള ഉറപ്പ് സര്‍ക്കാര്‍ പാലിക്കണമെന്ന് ആവശ്യപ്പെടുന്നതായും സി.ജെ.പി വ്യക്തമാക്കി.

സര്‍ക്കാര് ഈ ഉറപ്പ് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ തങ്ങള്‍ക്ക് രാജ്യവ്യാപകമായ പ്രതിഷേധം പുനരാരംഭിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നും സി.ജെ.പി വ്യക്തമാക്കി. ‘വാക്ക് ലംഘിക്കുന്ന ഒരു സര്‍ക്കാരിനോട് യുവാക്കള്‍ നിശബ്ദത പാലിക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഉറപ്പുകള്‍ ലംഘിക്കപ്പെട്ടാല്‍, ഇന്ത്യയുടെ തെരുവുകള്‍ വീണ്ടും അതിന്റെ യുവാക്കളുടെ ശബ്ദമായി മാറും,’ സി.ജെ.പിയുടെ പ്രസ്താവനയില്‍ പറയുന്നു.

Content Highlight: Having Concern over Interim Verdict of Supreme Court – CJP Statement

റെന്വര്‍ പി
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.