ലോകകപ്പും ഐ.പി.എല്ലും നഷ്ടമായവന്‍ ഇന്ത്യന്‍ ടീമില്‍; തിരിച്ചുവരവുമായി സൂപ്പര്‍താരം
Cricket
ലോകകപ്പും ഐ.പി.എല്ലും നഷ്ടമായവന്‍ ഇന്ത്യന്‍ ടീമില്‍; തിരിച്ചുവരവുമായി സൂപ്പര്‍താരം
സുദേവ് എ
Friday, 19th June 2026, 10:28 am

അഫ്ഗാനിസ്ഥാനെതിരെയുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ പേസര്‍ ഹര്‍ഷിദ് റാണയെ ഉള്‍പ്പെടുത്തി. പരിക്കേറ്റതിനാല്‍ കുറച്ച് മാസങ്ങളായി റാണ കളിക്കളത്തില്‍ നിന്നും പുറത്തായിരുന്നു.

2026 ടി-20 ലോകകപ്പിന് മുന്നോടിയായിട്ടായിരുന്നു ഹര്‍ഷിദ് റാണക്ക് പരിക്ക് പറ്റിയത്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്. ഇതിന് പിന്നാലെ റാണക്ക് ടി-20 ലോകകപ്പും ഐ.പി.എല്ലും നഷ്ടമായിരുന്നു.

റാണക്ക് പകരം മുഹമ്മദ് സിറാജായിരുന്നു ലോകകപ്പില്‍ കളത്തിലിറങ്ങിയത്. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നവ്ദീപ് സൈനിയെയാണ് റാണയുടെ പകരക്കാരനായി പ്രഖ്യാപിച്ചത്.

ഈ വര്‍ഷം ജനുവരിയില്‍ ന്യൂസിലാന്‍ഡിനെതിരെ നടന്ന ടി-20 പരമ്പരയിലാണ് റാണ അവസാനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. ഇന്ത്യക്കായി 14 ഏകദിന മത്സരങ്ങളില്‍ നിന്നും 16 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. റാണയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ബൗളിങ് യൂണിറ്റിനെ കൂടുതല്‍ കരുത്തുറ്റതാക്കി മാറ്റുമെന്നുറപ്പാണ്.

ഹർഷിദ് റാണ

അതേസമയം പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് ഇന്ത്യ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു. രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 49.5 ഓവറില്‍ 402 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ 44.3 ഓവറില്‍ 232 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു.

നാളെയാണ് പരമ്പരയിലെ അവസാന മത്സരം നടക്കുന്നത്. ചെന്നൈ ചെപ്പോക് സ്റ്റേഡിയത്തിലാണ് പോരാട്ടം. അവസാന മത്സരവും വിജയിച്ചുകൊണ്ട് പരമ്പര തൂത്തുവാരാനാവും ശുഭ്മന്‍ ഗില്ലും സംഘവും ലക്ഷ്യം വെക്കുക. അഫ്ഗാന്‍ ആശ്വാസ വിജയം തേടിയാവും ഇറങ്ങുക.

അഫ്ഗാനിസ്ഥാനെതിരെയുള്ള അവസാന ഏകദിനത്തിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്, ഹര്‍ഷിദ് റാണ.

 

Content Highlight: Harshid Rana included in India’s squad for the final ODI match against Afghanistan

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.