വസ്ത്രധാരണത്തിൽ പുതിയ ട്രെൻഡുകൾ ഇഷ്ടപ്പെട്ടു തുടങ്ങി, എന്റെ ഡ്രെസ്സുകളൊക്കെ മകന്റെ സെലക്ഷൻ ആണ്: ഹരിശ്രീ അശോകൻ
Malayalam Cinema
വസ്ത്രധാരണത്തിൽ പുതിയ ട്രെൻഡുകൾ ഇഷ്ടപ്പെട്ടു തുടങ്ങി, എന്റെ ഡ്രെസ്സുകളൊക്കെ മകന്റെ സെലക്ഷൻ ആണ്: ഹരിശ്രീ അശോകൻ
നന്ദന. ടി
Saturday, 1st August 2026, 9:46 am

മലയാള സിനിമയിലെ വ്യത്യസ്തമാർന്ന ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, 1986-ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും നടൻ അരങ്ങേറ്റം കുറിച്ചു. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ആനീസ് കിച്ചണിൽ തന്റെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ.

അഭിനയത്തിലും വസ്ത്രധാരണത്തിലും കാലത്തിനനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ ആഗ്രഹിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും, അതിന്റെ ഭാഗമായി സിനിമകൾ കാണുകയും പുതിയ ഫാഷൻ ട്രെൻഡുകൾ ശ്രദ്ധിക്കാറുണ്ടെന്നും ഹരിശ്രീ അശോകൻ പറയുന്നു.

ഹരിശ്രീ അശോകൻ. Photo. Screen grab/ Youtube

‘കാലം മാറുന്നതിനനുസരിച്ച് നമ്മളെത്തന്നെ അപ്‌ഡേറ്റ് ചെയ്യണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാൻ, വസ്ത്രധാരണത്തിലായാലും അഭിനയത്തിലായാലും. ഞാൻ ഫ്രീയായി വീട്ടിലിരിക്കുകയാണെങ്കിൽ കുറഞ്ഞത് ഒരു ദിവസം മൂന്ന് സിനിമയെങ്കിലും കാണാറുണ്ട്. കാരണം എന്താണ് ഇന്നത്തെ സിനിമാ ലോകത്ത് നടക്കുന്നത് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. എന്റെ മകനാണെങ്കിൽ വീട്ടിൽ ലാപ്ടോപ്പിലിരുന്ന് പടങ്ങൾ കാണും, ഞാനാണെങ്കിൽ ടിവിയിലും.

അതുപോലെ ഇപ്പോൾ ഞാൻ ഇടുന്ന ഡ്രസ്സുകളൊക്കെ മോന്റെ സെലക്ഷനാണ്. അത് ഞാൻ ഇടും, ഇപ്പോൾ ഞാൻ ആ ട്രെൻഡുകളൊക്കെ ഇഷ്ടപ്പെടാൻ തുടങ്ങി. കാലം ഓടുന്നതിനനുസരിച്ച് നമ്മളും മാറിക്കൊണ്ടിരിക്കണം. അല്ലാതെ പടങ്ങൾ കുറഞ്ഞു, ഞാൻ ഇനി അഭിനയിക്കുന്നില്ല എന്നൊക്കെ പറഞ്ഞ് ഇരിക്കാൻ പറ്റില്ല,’ ഹരിശ്രീ അശോകൻ പറഞ്ഞു.

ഒരു അഭിനേതാവെന്ന നിലയിൽ സിനിമകൾ കണ്ടാൽ മാത്രമേ അഭിനയത്തിൽ പുതിയ മാറ്റങ്ങളും പുതുമയും കൊണ്ടുവരാൻ സാധിക്കൂ എന്ന് നടൻ ചൂണ്ടിക്കാണിക്കുന്നു

‘ഒരു അഭിനേതാവ് എന്ന നിലയിൽ അപ്‌ഡേറ്റായി ഇരിക്കണമെങ്കിൽ തീർച്ചയായും നമ്മൾ സിനിമകൾ കാണണം. കാരണം അഭിനയത്തിന്റെ തുടക്കകാലത്ത് നമ്മൾക്ക് കാര്യമായിട്ടൊന്നും അറിയില്ലായിരുന്നു. ചുമ്മാ കഥാപാത്രങ്ങൾ അഭിനയിച്ചു പോവുകയായിരുന്നു. അത് കഴിഞ്ഞാണ് ഒരു സീനിൽ നമ്മളുടെ ക്ലോസപ്പ് എടുക്കുന്നത് എന്തിനാണ്, അല്ലെങ്കിൽ ട്രോളി ഷോട്ട് എടുക്കുന്നത് എന്തിനാണ് എന്നൊക്കെ മനസിലാവുന്നത്.

അപ്പോൾ ചില സിനിമകൾ കാണുമ്പോൾ നമുക്ക് പഠിക്കാൻ പറ്റും, ഇപ്പോഴത്തെ ഷോട്ടുകളൊക്കെ എങ്ങനെയാണ് എടുക്കുന്നത്, എന്തിനുവേണ്ടിയായിരുന്നു എന്നൊക്കെ. അപ്പോൾ നമുക്ക് പിന്നീട് ആ മീറ്ററിൽ അഭിനയിക്കാനും സാധിക്കും,’ നടൻ പറഞ്ഞു.

അന്യഭാഷാ ചിത്രങ്ങൾ അടക്കം ധാരാളം കാണാറുള്ളതുകൊണ്ട് തന്നെ, അതിലെ കഥാപാത്രങ്ങളുടെ അഭിനയശൈലികളും മാനറിസങ്ങളും താൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാറുണ്ടെന്നും ഹരിശ്രീ അശോകൻ കൂട്ടിച്ചേർത്തു

‘ഞാൻ അന്യഭാഷാ ചിത്രങ്ങളും കാണാറുണ്ട്. കാരണം അതിൽ നിന്നൊക്കെ അവരുടെ മാനറിസവും കോസ്റ്റ്യൂമുമൊക്കെ മനസിലാക്കാൻ സാധിക്കും. ഉദാഹരണത്തിന്, ഒരു സിനിമയിൽ കഥാപാത്രം മീശ പ്രത്യേക രീതിയിൽ വെച്ചതിന്റെ ഗുണം എന്താണെന്നൊക്കെ മനസിലാക്കാം. ഞാൻ എന്റെ താടിയും മീശയുമൊക്കെ വെച്ചാണ് ഭിക്ഷാടകൻ മുതൽ കോളേജ് സ്റ്റുഡന്റ് വരെയുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുള്ളത്. താടി വടിച്ചിട്ട് ചെയ്ത കഥാപാത്രങ്ങൾ വളരെ കുറവാണ്.

പക്ഷെ ഇനി വരുന്ന സിനിമകളിൽ താടി വടിച്ചും ലുക്ക് മാറ്റിയുമൊക്കെ ചെയ്യുന്നുണ്ട്. അത്തരത്തിലുള്ള കാര്യങ്ങളൊക്കെ ഇപ്പോൾ വരുന്ന സിനിമകൾ കണ്ടതിനു ശേഷമാണ് കൂടുതൽ മനസ്സിലായത്,’ ഹരിശ്രീ അശോകൻ പറഞ്ഞു.

ഹരിശ്രീ അശോകൻ. Photo. Screen grab/ Youtube

Content Highlight: Harisree Ashokan talks about how he keeps his acting and personal style updated according to changing time

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം