ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായ തിരിച്ചടികള്‍ നേരിടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം ഹനുമ വിഹാരി. ഇനിയും എത്ര അവസരങ്ങള്‍ സഞ്ജുവിന് നല്‍കുമെന്ന ചോദ്യമുയര്‍ത്തിയാണ് വിഹാരി വിക്കറ്റ് കീപ്പര്‍ ബാറ്ററെ വിമര്‍ശിച്ചത്.

ലഖ്നൗവില്‍ നടന്ന ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റിന് വിജയിച്ചെങ്കിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. ഒമ്പത് പന്തില്‍ 11 റണ്‍സെടുത്ത് താരം പുറത്താവുകയായിരുന്നു.

ജപ്പാനെതിരായ മത്സരത്തിലും ഏഷ്യന്‍ ഗെയിംസിലെ രണ്ട് മത്സരങ്ങളിലും ഫോം കണ്ടെത്താന്‍ സാധിക്കാതെ പോയ സഞ്ജുവിന്റെ തുടര്‍ച്ചയായ മോശം പ്രകടനമാണിത്.

തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയിലാണ് ഹനുമ വിഹാരി സഞ്ജുവിനെ വിമര്‍ശിച്ചത്.

ഹനുമ വിഹാരി

‘ഏറ്റവും വലിയ ചോദ്യം സഞ്ജുവിന്റെ മറ്റൊരു പരാജയമാണ്. ഇനി എത്രത്തോളം അവസരം അദ്ദേഹത്തിന് ലഭിക്കും? ഞാന്‍ സഞ്ജുവിന്റെ വലിയ ആരാധകനാണ്, അദ്ദേഹം കളിക്കണമെന്നാണ് എന്റെ ആഗ്രഹം.

എന്നാല്‍ അദ്ദേഹത്തിന് ഒരുതരം അരക്ഷിതാവസ്ഥ അനുഭവപ്പെടുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. തന്റെ സ്ഥാനത്തിനായി കടുത്ത മത്സരം ഉണ്ടാകുമ്പോള്‍ തനിക്ക് മികച്ച പ്രകടനം നടത്താന്‍ സാധിക്കില്ലെന്ന് അദ്ദേഹം മുമ്പും പറഞ്ഞിട്ടുണ്ട്.

സഞ്ജു സാംസൺ

അതുകൊണ്ടാണ് ലോകകപ്പിന് മുമ്പ് ന്യൂസിലാന്‍ഡ് പരമ്പരയില്‍ ഇഷാന്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കാതിരുന്നതെന്ന് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടാകും. ഇപ്പോള്‍ വൈഭവ് അദ്ദേഹത്തിന് പിന്നിലുണ്ട്. ആ സമ്മര്‍ദം സഞ്ജുവിന് അനുഭവപ്പെടുന്നുണ്ടാകണം,’ വിഹാരി പറഞ്ഞു.

‘സമ്മര്‍ദ്ദം വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ഭൂരിഭാഗം ആളുകള്‍ക്കും അത് മനസിലാകില്ല. കളിച്ചവര്‍ക്ക് അത് അറിയാം, എന്നാല്‍ കളിക്കാത്തവര്‍ക്ക് അത് മനസിലാകണമെന്നില്ല.

അതുകൊണ്ടാണ് ക്രിക്കറ്റില്‍, പ്രത്യേകിച്ച് ഇന്ത്യയ്ക്കായി കളിക്കുമ്പോള്‍ സമ്മര്‍ദം നിയന്ത്രിക്കാന്‍ സാധിക്കണം എന്ന് പറയുന്നത്. സാംസണ്‍ ആ സമ്മര്‍ദം അനുഭവിക്കുന്നുണ്ടാകും, അദ്ദേഹത്തിന്റെ സ്ഥാനത്ത് വേറെ ആര് വന്നാലും അങ്ങനെ തന്നെയാകും,’ വിഹാരി കൂട്ടിച്ചേര്‍ത്തു.

മത്സരത്തിന്റെ തുടക്കത്തില്‍ അഭിഷേക് ശര്‍മയും സഞ്ജു സാംസണും ആറ് പന്തുകളുടെ വ്യത്യാസത്തില്‍പുറത്തായതിനെ തുടര്‍ന്ന് ഇന്ത്യ അല്പം പ്രതിസന്ധിയിലായിരുന്നു. എന്നാല്‍ ആ സമയത്ത് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ മികച്ച രീതിയിലാണ് കളിയെ നയിച്ചതെന്ന് വിഹാരി പ്രശംസിച്ചു.

തുടക്കത്തില്‍ അല്പം സമയമെടുത്ത അയ്യര്‍ പിന്നീട് മത്സരത്തില്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു. മഞ്ഞു വീഴ്ചയുണ്ടായിരുന്നതിനാല്‍ ബാറ്റിങ് കുറച്ച് എളുപ്പമായിരുന്നുവെങ്കിലും ശ്രേയസിന്റെ ഇന്നിങ്‌സ് മികച്ചതായിരുന്നുവെന്ന് വിഹാരി കൂട്ടിച്ചേര്‍ത്തു.

43 പന്തില്‍ 10 ഫോറും 6 സിക്‌സറുമടക്കം 237.21 സ്‌ട്രൈക്ക് റേറ്റില്‍ പുറത്താകാതെ 102 റണ്‍സാണ് ശ്രേയസ് അയ്യര്‍ അടിച്ചുകൂട്ടിയത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി-20 മത്സരം വെള്ളിയാഴ്ച റാഞ്ചിയില്‍ നടക്കാനിരിക്കെ, റിസര്‍വ് ബെഞ്ചില്‍ വൈഭവ് സൂര്യവംശി ഉള്ളതിനാല്‍ സഞ്ജുവിന് മികച്ചൊരു ഇന്നിങ്‌സ് കാഴ്ചവെക്കേണ്ടത് അനിവാര്യമാണ്.

Content Highlight: Hanuma Vihari slams Sanju Samson