ഡാഡി കൂൾ സെറ്റിലെ ആ സംഭവം അമ്മ ഇന്നും ഓർക്കാറുണ്ട്, അദ്ദേഹം എല്ലാവരെയും പരിഗണിക്കുന്ന വ്യക്തിയാണെന്ന് അന്ന് മനസിലായി: ധനഞ്ജയ്
malayalam movie
ഡാഡി കൂൾ സെറ്റിലെ ആ സംഭവം അമ്മ ഇന്നും ഓർക്കാറുണ്ട്, അദ്ദേഹം എല്ലാവരെയും പരിഗണിക്കുന്ന വ്യക്തിയാണെന്ന് അന്ന് മനസിലായി: ധനഞ്ജയ്
നന്ദന. ടി
Monday, 17th August 2026, 10:26 am

ആഷിഖ് അബുവിന്റെ ആദ്യ സംവിധാനത്തിൽ 2009-ൽ പുറത്തിറങ്ങിയ ഡാഡി കൂൾ എന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച് ശ്രദ്ധ നേടിയ ബാല താരമാണ് ധനഞ്ജയ് പ്രേംജിത്. ബാബാ കല്യാണി യിലെ കൊച്ചുകൃഷ്ണനായും, ട്രിവാൻഡ്രം ലോഡ്ജ് എന്ന ചിത്രത്തിലെ കണ്ണിനുള്ളിൽ നീ കൺമണി എന്ന ഗാനത്തിലൂടെയും ധനഞ്ജയ് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ഡാഡി കൂൾ സിനിമയുടെ ചിത്രീകരണ സമയത്തെക്കുറിച്ചുള്ള തന്റെ ഓർമകൾ പങ്കുവെക്കുകയാണ്. ഹാപ്പി ഫ്രെയിംസ് എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു ധനഞ്ജയ്.

ധനഞ്ജയ്. Photo. Screen grab/ Youtube

നടൻ മമ്മൂട്ടി മറ്റുള്ളവരെ ഏറെ പരിഗണിക്കുന്ന ഒരു വ്യക്തിയാണെന്നും, ഷൂട്ടിങ്ങിനിടയിൽ മമ്മൂക്കയുമായുണ്ടായ ഒരു അനുഭവം തന്റെ അമ്മ ഇന്നും ഓർക്കാറുണ്ടെന്നും പറയുകയാണ് ധനഞ്ജയ്.

‘മമ്മൂക്ക ഭയങ്കര കംഫർട്ടബിൾ ആകുന്ന ഒരു വ്യക്തിയാണ്. അദ്ദേഹം എല്ലാ കാര്യങ്ങളും കൃത്യമായി ഒബ്‌സർവ് ചെയ്യുന്ന ആളുമാണ്. സെറ്റിലെ കാര്യങ്ങൾ എനിക്ക് കുറച്ചൊക്കെ മാത്രമേ ഓർമയുള്ളൂ. കുറെ കാര്യങ്ങളൊക്കെ ഇപ്പോൾ വീട്ടിൽ പറയുമ്പോഴാണ് അദ്ദേഹം എത്രത്തോളം ആളുകളെ പരിഗണിക്കുന്ന വ്യക്തിയാണെന്നൊക്കെ മനസിലാവുന്നത്.

ഉദാഹരണത്തിന് ചെന്നൈയിൽ വെച്ച് ഷൂട്ട് നടക്കുന്ന സമയത്ത് ഭയങ്കര ചൂടായിരുന്നു. എന്റെ കൂടെ വന്ന അമ്മ വെയിലത്ത് ഇരിക്കുന്നത് കണ്ട്, അമ്മയെ കാരവനിൽ കയറ്റി ഇരുത്താൻ പറഞ്ഞു. അമ്മ ഇപ്പോഴും അത് ഓർത്തെടുത്ത് പറയാറുണ്ട്,’ ധനഞ്ജയ് പറഞ്ഞു.

വിദേശത്ത് പോയ സമയത്ത് മമ്മൂക്കയുമായുണ്ടായ ഓർമ്മകളും ധനഞ്ജയ് പങ്കുവെച്ചു. ഡാഡി കൂൾ സിനിമയുടെ ഷൂട്ടിങ്ങിലുടനീളം അദ്ദേഹം ഒരു അച്ഛനെപ്പോലെ തന്നെയാണ് തന്നോട് സംസാരിച്ചതെന്നും ധനഞ്ജയ് കൂട്ടിച്ചേർത്തു.

‘ഹോങ്കോങ്ങിൽ സിനിമയിലെ ആ പാട്ട് ഷൂട്ട് ചെയ്യാൻ പോയതൊക്കെ ഓർമയുണ്ട്. വിദേശത്ത് പോയി ഷൂട്ട് ചെയ്യുന്ന സമയത്ത് മമ്മൂക്ക വേറൊരു പേഴ്‌സൺ ആണ്. ഞങ്ങൾ ഒരുമിച്ച് അവിടെ പാസ്ത കഴിക്കാൻ പോയതും അതെനിക്ക് ഇഷ്ടപ്പെടാതെ പോയതുമൊക്കെ ഓർമയുണ്ട്.

സിനിമയിലെ ക്ലൈമാക്സ് സീനിലെ ഫൈറ്റിന്റെ സമയത്ത് ചെന്നൈയിൽ ഷൂട്ടിന് പോയപ്പോൾ ഞാൻ കുറച്ച് പേടിച്ചിട്ടുണ്ടായിരുന്നു. അപ്പോഴൊക്കെ പേടിക്കണ്ട എന്ന് പറഞ്ഞ്, ശരിക്കും ഒരു അച്ഛൻ സംസാരിക്കുന്നതുപോലെയായിരുന്നു സെറ്റിൽ മമ്മൂക്ക,’ ധനഞ്ജയ് പറഞ്ഞു.

ഡാഡി കൂൾ. Photo. JioTV

Content Highlight: Dhananjay premjith shares memories with mammootty during Daddy Cool movie set

നന്ദന. ടി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം