മലയാള സിനിമയിലെ വളര്‍ന്ന് വരുന്ന യുവനടന്മാരില്‍ പ്രധാനിയാണ് ഹക്കിം ഷാ. 2013ല്‍ പുറത്തിറങ്ങിയ എ.ബി.സി.ഡിയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ നിരവധി സിനിമകളിലായി ചെറുതും വലുതമായ വേഷങ്ങളിലൂടെ തിളങ്ങി. എന്നാല്‍ 2021ല്‍ പുറത്തിറങ്ങിയ കടസീല ബിരിയാണി എന്ന സിനിമയിലൂടെയാണ് പ്രേക്ഷ ശ്രദ്ധ നേടിയത്.

പിന്നീട് താരത്തിന് ബ്രേക്ക് ത്രൂ ആയത് പ്രണയ വിലാസം എന്ന സിനിമയിലെ വിനോദ് എന്ന കഥാപാത്രമാണ്. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലെത്തിയ താരത്തിന്റെ മേക്ക് ഓവറിനും ചിത്രത്തിലെ പ്രകടനത്തിനും വലിയ കയ്യടികളുണ്ടായിരുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു അഭിമുഖത്തില്‍ ചാര്‍ലിയില്‍ ദുല്‍ഖറിന്റെ ചില സീനുകളില്‍ അഭിനയിച്ചത് ഹക്കിം ആണെന്ന് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചക്ക് കാരണമായിരുന്നു.

ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് മനോരമ ആഴ്ച്ചപതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ ഹക്കിം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ദുല്‍ഖറിനു പകരം താന്‍ അഭിനയിച്ചതല്ലെന്നും നായകന്‍ ഇല്ലാതെ ഷൂട്ട് ചെയ്യാന്‍ കഴിയുന്ന ചില രംഗങ്ങളില്‍ അതേ ഉയരവും ആക്യതിയുമുള്ള ആളുകളുടെ ഷോള്‍ഡര്‍, കാല്‍ തുടങ്ങിയ ഭാഗങ്ങള്‍ വച്ച് ഷൂട്ട് ചെയ്യുമെന്നും നടന്‍ പറയുന്നു.

‘അങ്ങനെ ആ ഭാഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിരുന്നു. ദുല്‍ഖറിന്റെ അതേ കോസ്റ്റിയൂം ധരിച്ചായിരുന്നു ആ രംഗങ്ങളില്‍ അഭിനയിച്ചത്. വളരെ ടെക്‌നിക്കല്‍ ആയ കാര്യമാണ് അത്. അസിസ്റ്റന്റ് ഡയറക്ടര്‍ എന്ന നിലയില്‍ അത് നമ്മുടെ ഡ്യൂട്ടിയുമാണ്. ഞാന്‍ ഇന്റര്‍വ്യൂകളില്‍ തമാശ പറയുന്ന ആളാണ്. ഒരു രസത്തിനാണ് അന്ന് അങ്ങനെ പറഞ്ഞതാണ്.

യഥാര്‍ത്ഥത്തില്‍ എല്ലാ സിനിമകളും ഇങ്ങനെയൊക്കെയാണ് ഷൂട്ട് ചെയ്യുന്നത്. ഇപ്പോള്‍ ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ‘ഐ നോബഡി’ എന്ന സിനിമയില്‍ ഒരു രംഗം അഭിനയിക്കാന്‍ എനിക്ക് ഷൂട്ടിങ്ങ് സ്ഥലത്ത് എത്താന്‍ കഴിഞ്ഞില്ല. പകരം എന്റെ സീന്‍ മറ്റൊരാളെ വച്ചാണ് ഷൂട്ട് ചെയ്തത്. കാറിനകത്തുള്ള രംഗമായിരുന്നു അത്. കാറിന്റെ സൈഡും പുറത്തുമുള്ള ഷോട്ടുകളാണ് എടുത്തത്. കാര്‍ ദൂരേക്ക് പോകുന്ന രംഗങ്ങളില്‍ എന്റെ അതേവസ്ത്രം ധരിച്ചാണ് മറ്റൊരാള്‍ അഭിനയിച്ചത്,’ ഹക്കിം ഷാ പറഞ്ഞു.

ഉണ്ണി. ആറിന്റെ രചനയില്‍ മാര്‍ട്ടിന്‍ പ്രക്കാട് സംവിധാനം ചെയ്ത് 2015ല്‍ തിയേറ്ററുകളിലെത്തിയ ചിത്രമാണ് ചാര്‍ലി. ദുല്‍ഖര്‍ സല്‍മാന്‍ നായകവേഷത്തിലെത്തിയ ചിത്രത്തില്‍ പാര്‍വതി തിരുവോത്ത്, അപര്‍ണ ബാലാമുരളി, നെടുമുടി വേണു തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.

ഹക്കിം പ്രധാവേഷത്തിലെത്തിയ റോസ്ലിന്‍ എന്ന വെബ്‌സീരീസ് ജിയോ ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുകയാണ്. സുമേഷ് നന്ദകുമാറിന്റെ സംവിധാനത്തില്‍ വിനായക് ശശികുമാര്‍ ആദ്യമായി തിരക്കഥയൊരുക്കിയ സീരീസിന് പ്രേക്ഷകരുടെയിടയില്‍ നിന്ന് മികച്ച പ്രതികരണമാണ് വരുന്നത്.

Content Highlight:  Hakim Shah says he didn’t replace Dulquer in Charlie