ന്യൂദല്‍ഹി: ഇന്ത്യയിലെ ജി.എസ്.ടി നിരക്ക് ജി.എസ്.ടി ഏര്‍പ്പെടുത്തിയ 140 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറ്റവും ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ട്. 140 രാജ്യങ്ങളുടെ ജി.എസ്.ടി പരിശോധിച്ചതിന്റെ അടിസ്ഥാനത്തി ബിസിനസ് ടുഡേ തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വസ്തുത.

ഇന്ത്യയിലെ പുതിയ രീതി പ്രകാരം നാലുനികുതി സ്ലാബുകളുണ്ട്. 5%, 12%, 18%, 28% എന്നിങ്ങനെയാണിത്. 28% എന്ന നികുതി നിരക്കിലൂടെ ഇന്ത്യ 27% ജി.എസ്.ടി ഈടാക്കുന്ന അര്‍ജന്റീനയെ മറികടന്നിരിക്കുകയാണ് ഇന്ത്യ.

ആദ്യമായി ഇത്തരം നികുതി സമ്പ്രദായം കൊണ്ടുവന്നത് ഫ്രാന്‍സാണ്. പിന്നീട് 140 രാജ്യങ്ങള്‍ അത് ഏറ്റെടുത്തു. ബ്രസീലിനെയും കാനഡയെയും പോലുള്ള ചില രാജ്യങ്ങള്‍ ഇരട്ട ജി.എസ്.ടി മോഡലാണ് തുടരുന്നത്. ഇന്ത്യ പിന്തുടരുന്നത് കനേഡിയന്‍ മോഡലാണ്. അതുകൊണ്ടുതന്നെ കേന്ദ്രസര്‍ക്കാറിനും സംസ്ഥാന സര്‍ക്കാറിനും നികുതി ശേഖരിക്കാനുള്ള അധികാരം നല്‍കുന്ന രീതിയാണിവിടെ പിന്തുടരുന്നത്.

കൂടാതെ രാജ്യത്തെ ചരക്കുകള്‍ നാലു നികുതി സ്ലാബുകളിലായി വിഭജിക്കുകയും ചെയ്തിട്ടുണ്ട്.

മറ്റു പ്രധാന രാജ്യങ്ങളിലെ ജി.എസ്.ടി നിരക്ക് ഇങ്ങനെയാണ്:

കാനഡ- 13%- 15%
ഫ്രാന്‍സ്- 20%
യു.കെ- 20%
ന്യൂസിലാന്റ്- 15%
മലേഷ്യ- 6%
സിംഗപ്പൂര്‍- 7%

ഇന്ത്യയെപ്പോലെ രാജ്യത്തെ വലിയൊരു വിഭാഗം ദരിദ്രജനങ്ങളെക്കുറിച്ച് ആശങ്കയില്ലാത്തതുകൊണ്ടാണ് ചില യൂറോപ്യന്‍ രാജ്യങ്ങള്‍ ഒരു നിരക്കില്‍ ജി.എസ്.ടി ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ ജനസംഖ്യയില്‍ വലിയൊരു വിഭാഗം ജനത ഇപ്പോവും ഗ്രാമീണ മേഖലയിലാണ്. ഇവര്‍ സാമ്പത്തികമായി അത്ര സ്ഥായിയായ അവസ്ഥയിലുമല്ല. സര്‍ക്കാറിന്റെ പുതിയ നികുതി നിരക്ക് ഇവരുടെ പ്രതിസന്ധിയുടെ ആക്കംകൂട്ടിയിരിക്കുകയാണ്.