ഇറ്റലി: ഇറ്റലിയില്‍ നിന്ന് പോളണ്ടിലേക്ക് പോയ കിറ്റ് കാറ്റ് ട്രക്ക് മോഷ്ടിക്കപ്പെട്ടതായി നെസ്‌ലെ. 12 ടണ്‍ കിറ്റ്കാറ്റ് ബാറുകളാണ് മോഷണം പോയതെന്നും കമ്പനി സ്ഥിരീകരിച്ചു.
ഏകദേശം 4,13,793 ചോക്ലേറ്റ് ബാറുകളാണ് ട്രക്കിലുണ്ടായിരുന്നത്. 12 ടണ്‍ ഭാരമുള്ള പുതിയ തരം കിറ്റ്കാറ്റ് ചോക്ലേറ്റുകളാണ് മോഷ്ടിക്കപ്പെട്ടത്. ഇറ്റലിയില്‍ നിന്ന് ആരംഭിച്ച് 1,350 കിലോമീറ്റര്‍ സഞ്ചരിച്ച് പോളണ്ടില്‍ എത്തേണ്ടതായിരുന്നു ട്രക്ക്. എന്നാല്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുന്‍പ് വാഹനവും ചോക്ലേറ്റും അപ്രത്യക്ഷമായി. വരാനിരിക്കുന്ന ഈസ്റ്റര്‍ സീസണ്‍ ലക്ഷ്യമിട്ടാണ് ഇത്രയും വലിയ ലോഡ് പോളണ്ടിലേക്ക് പോയത്.
എന്നാല്‍ ഓരോ ചോക്ലേറ്റ് പാക്കറ്റിലും പ്രത്യേക ബാച്ച് കോഡുകള്‍ ഉള്ളതിനാല്‍ ഇവ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കും. സംശയാസ്പദമായ രീതിയില്‍ ചോക്ലേറ്റ് ലഭിക്കുന്നവര്‍ ബാര്‍കോഡ് സ്‌കാന്‍ ചെയ്ത് വിവരമറിയിക്കണമെന്ന് കമ്പനി നിര്‍ദ്ദേശിച്ചു.
കിറ്റ്കാറ്റിന്റെ പ്രശസ്തമായ പരസ്യവാചകം ( Have a Break, Have a kitkat ) ഓര്‍മ്മിപ്പിച്ചുകൊണ്ട് തമാശരൂപേണയാണ് കമ്പനി വക്താവ് സംഭവത്തില്‍ പ്രതികരിച്ചത്. ഒരു ബ്രേക്ക് എടുക്കാന്‍ ഞങ്ങള്‍ എപ്പോഴും ഉപഭോക്താക്കളോട് പറയാറുണ്ട്. എന്നാല്‍ കള്ളന്മാര്‍ ഞങ്ങളുടെ 12 ടണ്‍ ചോക്ലേറ്റുമായി ‘ബ്രേക്ക്’ എടുത്ത് കടന്നുകളഞ്ഞു! കാര്‍ഗോ മോഷണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനാണ് തങ്ങള്‍ ഈ വിവരം പുറത്ത് വിടുന്നതെന്നും നെസ്‌ലെ അറിയിച്ചു.
Content Highlight: Great KitKat Heist in Europe; 12 tons of chocolate and a truck stolen
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.