ലാ ലിഗയില്‍ പുതുവര്‍ഷത്തിലും ജിറൊണ എഫ്. സി വിജയകുതിപ്പ് തുടരുന്നു. ഏഴ് ഗോളുകള്‍ പിറന്ന ആവേശകരമായ മത്സരത്തില്‍ മൂന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് അത്‌ലെറ്റിക്കോ മാഡ്രിഡിനെ ജിറോണ തകര്‍ത്തത്.

ജിറോണയുടെ ഹോം ഗ്രൗണ്ടായ മോണ്ട്‌ലിവി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 4-4-1-1 എന്ന ഫോര്‍മേഷനിലാണ് ജിറോണ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-1-4-2 എന്ന ശൈലിയും ആയിരുന്നു അത്‌ലെറ്റിക്കോ മാഡ്രിഡ് പിന്തുടര്‍ന്നത്.

മത്സരം തുടങ്ങി രണ്ടാം മിനിട്ടില്‍ തന്നെ വലേരി ഫെര്‍ണാണ്ടസ് ജിറോണക്ക് ലീഡ് സമ്മാനിച്ചു. 26ാം മിനിട്ടില്‍ സാവിയോയിലൂടെ ആതിഥേയർ വീണ്ടും മുന്നിലെത്തി 39ാം മിനിട്ടില്‍ ഡാലി ബ്ലൈന്‍ഡ് മൂന്നാം ഗോളും നേടി.

എന്നാല്‍ മറുഭാഗത്ത് 14, 44 എന്നീ മിനിട്ടുകളില്‍ ഗോളുകള്‍ നേടി സ്പാനിഷ് സ്‌ട്രൈക്കര്‍ അല്‍വാരോ മൊറാട്ട സന്ദര്‍ശകര്‍ക്കായി ഗോളുകള്‍ നേടി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ 3-2 എന്ന ആവേശകരമായ സ്‌കോര്‍ ലൈനില്‍ ജിറോണ മുന്നിട്ടുനിന്നു.

രണ്ടാം പകുതി തുടങ്ങി 54ാം മിനിട്ടില്‍ മൊറാട്ട മത്സരത്തിലെ തന്റെ മൂന്നാം ഗോള്‍ നേടി. വിജയ ഗോളിനായി ബാക്കിയുള്ള നിമിഷങ്ങളില്‍ എല്ലാം ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും ആവേശകരമായ വിജയഗോള്‍ പിറന്നത് ഇഞ്ചുറി ടൈമില്‍ ആയിരുന്നു.

മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍ ഇവാന്‍ മാര്‍ട്ടിനിലൂടെയാണ് ജിറോണ വിജയഗോള്‍ നേടിയത്. സ്പാനിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ അത്‌ലെറ്റിക്കോ മാഡ്രിഡിന് വേണ്ടി ഹാട്രിക് നേടി മികച്ച പ്രകടനം നടത്തിയിട്ടും ടീമിനെ വിജയത്തിലെത്തിക്കാന്‍ സാധിച്ചില്ല. ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങുമ്പോള്‍ 4-3ന്റെ ത്രില്ലര്‍ ജയം ജിറോണ സ്വന്തം തട്ടകത്തില്‍ സ്വന്തമാക്കുകയായിരുന്നു.

ജയത്തോടെ ലാ ലിഗയില്‍ 19 മത്സരങ്ങളില്‍ നിന്നും 15 വിജയവും മൂന്നു സമനിലയും ഒരു തോല്‍വിയും അടക്കം 48 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ജിറോണ. ഇത്ര തന്നെ മത്സരങ്ങളില്‍ നിന്നും ഇതേ പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. ഒന്നാമതുള്ള ലോസ് ബ്ലാങ്കോസുമായി ഏഴ് ഗോള്‍ വ്യത്യാസമാണ് ജിറോണക്കുള്ളത്.

അതേസമയം തോറ്റെങ്കിലും 19 മത്സരങ്ങളില്‍ നിന്നും 12 വിജയവും രണ്ട് സമനിലയും അഞ്ചു തോല്‍വിയും അടക്കം 38 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് അത്‌ലെറ്റിക്കോ മാഡ്രിഡ്.

കോപ്പാ ഡല്‍റേയില്‍ ജനുവരി ആറിന് എല്‍ചേയുമായാണ് ജിറോണയുടെ അടുത്ത മത്സരം. അന്നേദിവസം തന്നെ നടക്കുന്ന മത്സരത്തില്‍ ലുഗോവാണ് അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ എതിരാളികള്‍.

Content Highlight: Girona fc beat Atletico madrid in La Liga.