പവിത്രനെക്കാള്‍ വലിയ വില്ലന്‍, വെടക്കാക്കി തനിക്കാക്കുന്നതില്‍ കില്ലാഡി... ബാലനില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ 'ഫ്രാന്‍സിസ് ബ്രില്യന്‍സ്'
Malayalam Cinema
പവിത്രനെക്കാള്‍ വലിയ വില്ലന്‍, വെടക്കാക്കി തനിക്കാക്കുന്നതില്‍ കില്ലാഡി... ബാലനില്‍ അധികമാരും ശ്രദ്ധിക്കാതെ പോയ 'ഫ്രാന്‍സിസ് ബ്രില്യന്‍സ്'
അമര്‍നാഥ് എം.
Thursday, 6th August 2026, 10:07 am

തിയേറ്റര്‍ റിലീസില്‍ ഗംഭീര അഭിപ്രായം സ്വന്തമാക്കുകയും ഒ.ടി.ടി റിലീസിന് ശേഷം വലിയ ചര്‍ച്ചയാവുകയും ചെയ്ത ചിത്രമാണ് ബാലന്‍. ഈ വര്‍ഷത്തെ ഏറ്റവും മികച്ച സിനിമാനുഭവമെന്ന് പലരും അഭിപ്രായപ്പെട്ട ബാലന്‍ കഴിഞ്ഞദിവസമാണ് ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചത്. സീ ഫൈവിലൂടെ സ്ട്രീം ചെയ്യുന്ന ചിത്രത്തെക്കുറിച്ചുള്ള പോസ്റ്റുകളാണ് പല സിനിമാപേജുകളിലും.

പുതുമുഖങ്ങളായ ആദിശേഷന്‍, ഫര്‍സാന പാലത്തിങ്കല്‍, മുഹമ്മദ് സിനാന്‍ തുടങ്ങിയവരാണ് ബാലനില്‍ പ്രധാനവേഷം കൈകാര്യം ചെയ്തത്. സ്‌ക്രീനില്‍ വന്നുപോകുന്ന ഭൂരിഭാഗം കഥാപാത്രങ്ങളും ഗ്രേ ഷെയ്ഡുള്ളവരാണെന്ന പ്രത്യേകതയും ബാലന്റെ സ്‌ക്രിപ്റ്റിനുണ്ട്. അതില്‍ നെഗറ്റീവ് ഷെയ്ഡില്‍ ഞെട്ടിച്ചത് സംവിധായകന്‍ ജീന്‍ പോള്‍ ലാലാണ്.

രണ്ടാം പകുതിയിലാണ് ജീന്‍ പോളിന്റെ പവിത്രന്‍ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് ലെയറുകളുള്ള, വളരെ ക്രൂക്കഡായ കഥാപാത്രമാണ് പവിത്രന്‍. ചിത്രത്തിലെ വില്ലനായി പലരും പവിത്രനെ കണക്കാക്കുന്നുണ്ടെങ്കിലും അയാളെക്കാള്‍ വലിയ വില്ലന്‍ ബാലനിലുണ്ടെന്നാണ് ചില പോസ്റ്റുകള്‍. സംവിധായകന്‍ ഗിരീഷ് എ.ഡി അവതരിപ്പിച്ച എസ്.ഐ. ഫ്രാന്‍സിസ് എന്ന കഥാപാത്രത്തിനെയാണ് ഇത്തരം പോസ്റ്റുകള്‍ സൂചിപ്പിക്കുന്നത്.

പവിത്രനെയും അയാളുടെ കാമുകി സിസിലിയെയും തമ്മില്‍ തെറ്റിക്കാന്‍ ഫ്രാന്‍സിസ് ശ്രമിക്കുന്നുണ്ട്. പവിത്രനും സിസിലിയും തമ്മിലുള്ള ആദ്യ സീനില്‍ ‘എസ്.ഐ സാറിന് നിന്നോട് ഭയങ്കര പ്രേമമാണ്. അതിന്റെ മൊത്തം ദേഷ്യവും അയാള്‍ എന്നോടാണ് തീര്‍ക്കുന്നത്’ എന്ന് പവിത്രന്‍ പറയുന്നുണ്ട്. ഇതിന്റെ തുടര്‍ച്ചയെന്നോണം മറ്റൊരു സീനുമുണ്ട്.

പൊലീസ് സ്റ്റേഷനില്‍ നിന്ന് ബാലന്‍ രക്ഷപ്പെട്ടതിന് ശേഷം എല്ലാവരും പവിത്രനെ കുറ്റപ്പെടുത്തുന്ന സീനാണ് മറ്റൊന്ന്. പവിത്രന്റെ ശ്രദ്ധക്കുറവിനെ കുറ്റപ്പെടുത്തുന്നതിനിടയില്‍ ‘അതിന് എന്റെ കൈയീന്നല്ലല്ലോ സാറെ പയ്യന്‍ മിസ്സായത്’ എന്ന് പറഞ്ഞ് അയാള്‍ തടിതപ്പുകയാണ്. എല്ലാ കുറ്റവും സിസിലിയുടെ തലയിലാകുമെന്ന സ്ഥിതി വരുമ്പോള്‍ ഫ്രാന്‍സിസ് അവിടെ സ്‌കോര്‍ ചെയ്യുകയാണ്. ‘നീ ഈ പറയുന്നതിന്റെ കോണ്‍സിക്വന്‍സ് എന്താകുമെന്നറിയോ, ഇത് സിസിലിയെ ബാധിക്കുമെന്ന് അറിയില്ലേ’ എന്നാണ് അയാള്‍ ചോദിക്കുന്നത്.

ഈയൊരു സംഭവത്തോടെ സിസിലിയുടെ മുന്നില്‍ പവിത്രന്‍ ചതിയനും ഫ്രാന്‍സിസ് രക്ഷകനുമായി മാറിയെന്ന് സംവിധായകന്‍ പറയാതെ പറയുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം പവിത്രന്‍ ബാറിലിരുന്ന് മദ്യപിക്കുന്നതിനിടയില്‍ സിസിലിയുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ നോക്കുന്ന സീനുണ്ട്. സിസിലി ഫ്രാന്‍സിസ് എന്ന പേരും ഫ്രാന്‍സിസിനൊപ്പം നില്‍ക്കുന്ന ഫോട്ടോയും ഇപ്പോഴാണ് ചര്‍ച്ചയാകുന്നത്.

വെടക്കാക്കി തനിക്കാക്കുക എന്ന പഴഞ്ചന്‍ രീതി പിന്തുടര്‍ന്ന് അതിലൂടെ താന്‍ ആഗ്രഹിച്ചത് സ്വന്തമാക്കിയ ഫ്രാന്‍സിസ് കില്ലാഡിയാണെന്ന് പലരും അഭിപ്രായപ്പെടുന്നു. ആദ്യസിനിമയില്‍ തന്നെ മികച്ച പ്രകടനമാണ് ഗിരീഷ് എ.ഡി കാഴ്ചവെച്ചത്. എന്നാലും അഭിനയത്തില്‍ ഇനി ശ്രദ്ധ കേന്ദ്രീകരിക്കരുതെന്നും നല്ല സിനിമകള്‍ സംവിധാനം ചെയ്യണമെന്നുമാണ് പലരും അഭിപ്രായപ്പെടുന്നത്.

Content Highlight: Girish A D’s character in Balan movie discussing after OTT release

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം