സാവോപോള: ഞായറാഴ്ച നടക്കുന്ന ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ അര്‍ജന്റീനന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സിയെപൂട്ടാന്‍ ജര്‍മ്മനി രഹസ്യ പദ്ധതിയൊരുക്കുന്നു. കളത്തില്‍ മെസ്സിയെ കളിക്കാനനുവദിക്കാതെ നിയന്ത്രിക്കാന്‍ ജര്‍മ്മനി പ്രത്യേക പദ്ധതിയൊരുക്കിയിട്ടുണ്ടെന്ന കാര്യം അസിസ്റ്റന്റ് കോച്ച് ഹാന്‍സി ഫഌക്കാണ് വെളിപ്പെടുത്തിയത്. 

എന്നാല്‍ ലോകത്തെ ഏറ്റവും മികച്ച താരത്തിനുള്ള ബാലന്‍ ഡി ഓസ്‌കാര്‍ പുരസ്‌കാരം നാല് തവണ സ്വന്തമാക്കിയ മെസ്സിയെ പൂട്ടാനുള്ള സീക്രട്ട് പ്ലാന്‍ എന്താണെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. “ഞങ്ങള്‍ ഫൈനല്‍ മത്സരത്തിനായി തയ്യാറെടുത്തു കഴിഞ്ഞു. അര്‍ജന്റീന മികച്ച ടീമാണ്. അവരെ കുറിച്ച് നന്നായി പഠിച്ച് കഴിഞ്ഞു. മെസ്സി ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 

എന്നാല്‍ സെമിയില്‍ അദ്ദേഹത്തെ ഡച്ചുകാര്‍ തളച്ചിടുന്നത് ഞങ്ങള്‍ കണ്ടതാണ്. അത് പോലെ മെസ്സിയെ തടയാന്‍ പ്രത്യേക പദ്ധതി ഞങ്ങളും തയ്യാറാക്കിയിട്ടുണ്ട്”. ഹാന്‍സി ഫഌക്ക് പറഞ്ഞു. ഞായറാഴ്ച പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തിലാണ് അര്‍ജന്റീന- ജര്‍മ്മനനി ഫൈനല്‍. യഥാക്രമം ബ്രസീല്‍, ഹോളണ്ട് ടീമുകളെ പരാജയപ്പെടുത്തിയാണ് ജര്‍മ്മനിയും അര്‍ജന്റീനയും കലാശപ്പോരിന് അര്‍ഹത നേടിയത്. 

സെമിയില്‍ ഹോളണ്ടിനെതിരെ ഷൂട്ടൗട്ടിനൊടുവിലാണ് അര്‍ജന്റീന വിജയിച്ചത്. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത മെസ്സിക്ക് സെമിഫൈനലില്‍ തിളങ്ങാനായിരുന്നില്ല. കളിയിലുടനീളം രണ്ട് ഡച്ച് താരങ്ങള്‍ മെസ്സിയുടെ പിന്നാലെയുണ്ടായിരുന്നു. ഇത്തരത്തില്‍ മെസ്സിയുടെ മേല്‍ പ്രത്യേക കണ്ണ് വയക്കാനാണ് ജര്‍മ്മനിയുടെയും പദ്ധതി.