ഗസ: ഗസ മുനമ്പിൽ ഇസ്രഈൽ ആക്രമണം കടുപ്പിക്കുകയും കരയുദ്ധത്തിനായി കൂടുതൽ സൈനികരെ വിന്യസിക്കുകയും ചെയ്തതിന് പിന്നാലെ അതിജീവനത്തിന്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ട് ഫലസ്തീനി മാധ്യമപ്രവർത്തകർ.
യുദ്ധത്തിന്റെ തീവ്രതയും ഭീകരതയും ആദ്യ ദിവസം തൊട്ട് ജീവൻ പണയം വെച്ചും ലോകത്തിന് മുമ്പിൽ സമൂഹ മാധ്യമങ്ങൾ വഴി ഇവർ അറിയിച്ചുവരികയായിരുന്നു. ഉറ്റവരെ നഷ്ടപ്പെടുന്ന വേദനയിലും ആശയവിനിമയം തടസപ്പെടുന്നതിനിടയിലും അവർ ലോകത്തോട് സംവദിക്കുന്നത് തുടർന്ന് വന്നിരുന്നു.
എന്നാലിപ്പോൾ തങ്ങളെ കണ്ടുകൊണ്ടിരിക്കുന്ന എന്നാൽ യാതൊരു നടപടിയും സ്വീകരിക്കാത്ത ലോകജനതയോട് അവസാന സന്ദേശം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെക്കുകയാണ് മാധ്യമപ്രവർത്തകർ.
‘ ജീവൻ പണയം വെച്ചുകൊണ്ട് എന്താണ് ഇവിടെ സംഭവിക്കുന്നത് എന്ന് നിങ്ങൾക്ക് കാണിച്ചു തരുന്ന ഘട്ടം അവസാനിച്ചു. അതിജീവിക്കാൻ ശ്രമിക്കുന്നതിന്റെ ഘട്ടം ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
ഞാൻ ആവശ്യത്തിനുള്ള കാര്യങ്ങൾ കാണിച്ചുകഴിഞ്ഞു. ദൈവത്തിനും ഈ രാജ്യത്തെ സേവിക്കുന്നതിനും വേണ്ടി ഞാനത് ചെയ്തുവെന്ന് ദൈവത്തിന് അറിയാം. ഇപ്പോൾ ഞങ്ങൾ ആഭ്യന്തര ഉപരോധം അഭിമുഖീകരിക്കുകയാണ്.
ഞങ്ങൾക്ക് പുറത്തുപോകാൻ കഴിയില്ല. വടക്കോട്ടായാലും തെക്കോട്ടായാലും. തെക്കിൽ നിന്നും വടക്കിൽ നിന്നും ഇസ്രഈൽ സർക്കാർ മധ്യ പ്രദേശം പിടിച്ചടക്കുകയാണ്. നിങ്ങൾക്ക് ഊഹിക്കാൻ കഴിയുന്നതിലുമപ്പുറം ദയനീയമാണ് ഞങ്ങളുടെ അവസ്ഥ.
നിങ്ങൾക്ക് പങ്കുവെക്കാനുള്ള വെറും ഉള്ളടക്കമല്ല ഞങ്ങൾ. വംശീയ ഉന്മൂലനം നേരിടുന്ന മനുഷ്യരാണ്. ജീവനോടെ ഇരിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ, തനിച്ച്,’ ഗസയിൽ പ്രവർത്തിക്കുന്ന ഫോട്ടോഗ്രാഫറായ മോത്താസ് അസൈസ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
