[]കോഴിക്കോട്: സി.പി.ഐ.എം വേദിയില്‍ വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ജെ.എസ്.എസ് ജനറല്‍ സെക്രട്ടറി കെ.ആര്‍. ഗൗരിയമ്മ എത്തിയില്ല.
ചിന്ത പബ്ലിക്കേഷന്റെ പുസ്തകോത്സവത്തോടനുബന്ധിച്ചു കോഴിക്കോട്ട് ടൗണ്‍ ഹാളില്‍ ഇന്ന് രാവിലെ പത്തിനാണ് വനിതാ സമ്മേളനം നടത്തുന്നത്. ഉദ്ഘാടകയായി ഗൗരിയമ്മ എത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്.
എന്നാല്‍ ജെ.എസ്.എസ്. സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണം ഇന്നു ആലപ്പുഴയില്‍ നടക്കുമെന്നും ഈ യോഗത്തില്‍ ഗൗരിയമ്മ പങ്കെടുക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നത്.
എന്നാല്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളായി ഗൗരിയമ്മയും സി.പി.ഐ.എം നേതൃത്വവും നേര്‍ക്കുനേര്‍ ഇടഞ്ഞ സാഹചര്യത്തിലാണ് പരിപാടി റദ്ദാക്കിയതെന്നാണ് അറിയുന്നത്.
2006 ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്തു മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ എല്‍.ഡി.എഫ് തന്നെ ക്ഷണിച്ചിരുന്നുവെന്ന ഗൗരിയമ്മയുടെ പരാമര്‍ശമാണ് വിവാദത്തിന് തുടക്കമിട്ടത്.
എന്നാല്‍ ജെ.എസ്.എസും എല്‍.ഡി.എഫുമായി ചര്‍ച്ച നടന്നിട്ടില്ലെന്നും ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കേണ്ട ഗതികേട് സി.പി.ഐ.എമ്മിനില്ലെന്നും സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മറുപടി നല്‍കിയിരുന്നു.
എന്നാല്‍ ഈ വാദം പൊള്ളയാണെന്നും മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് താനുമായി ചര്‍ച്ച നടത്തിയ ഇടനിലക്കാരന്‍ ഡോ. ടി.എം. തോമസ് ഐസക്ക് എം.എല്‍.എ ആയിരുന്നെന്ന് ഗൗരിയമ്മ തുറന്നടിക്കുകയും ചെയ്തു.
വിജയനല്ല ദൈവം നിഷേധിച്ചാലും ചര്‍ച്ച നടന്നുവെന്നത് യാഥാര്‍ഥ്യമാണെന്നും പിണറായിയുമായി രണ്ടു സ്വകാര്യചടങ്ങുകളില്‍ സംസാരിച്ചിരുന്നുവെന്നും ഗൗരിയമ്മ തുറന്നു പറയുകയും ചെയ്തിരുന്നു.
