ജാന്‍-ഏ-മനിന് ശേഷം ചിദംബരം സംവിധാനം ചെയ്ത സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജീന്‍ പോള്‍ ലാല്‍, ഗണപതി, ബാലു വര്‍ഗീസ്, അരുണ്‍ കുര്യന്‍, ദീപക് പറമ്പോല്‍ തുടങ്ങിയ യുവതാരനിര ഒന്നിച്ച ചിത്രമാണ് ഇത്.

കൊച്ചിയിലെ മഞ്ഞുമ്മല്‍ എന്ന സ്ഥലത്ത് നിന്നും ഒരു സംഘം യുവാക്കള്‍ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും അതേ തുടര്‍ന്ന് അവരുടെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും പറയുന്ന ഒരു സര്‍വൈവല്‍ ത്രില്ലര്‍ ഴോണര്‍ ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.

മലയാളത്തിന്റെ പ്രിയനടന്‍ സലിംകുമാറിന്റെ മകനായ ചന്തു സലിംകുമാറും മഞ്ഞുമ്മല്‍ ബോയ്‌സില്‍ ഒരു പ്രധാനവേഷം ചെയ്യുന്നുണ്ട്.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയ എന്റര്‍ടൈമെന്റിന് നല്‍കിയ അഭിമുഖത്തില്‍ സലിംകുമാറിനെ കുറിച്ച് സംസാരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ് ടീം.

ചിത്രത്തിന്റെ സംവിധായകന്‍ ചിദംബരം ഒരു ദിവസം സലിംകുമാറിന്റെ വീട്ടില്‍ പോയപ്പോള്‍ സിനിമയുടെ ലൊക്കേഷനിലേക്ക് വരാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അന്ന് സലിംകുമാര്‍ നല്‍കിയ മറുപടി ‘പൈസ തന്ന് ആളുകള്‍ വിളിച്ചിട്ട് ഞാന്‍ പോയില്ല, പിന്നെയാണ് നിന്റെ ലൊക്കേഷനില്‍ വരുന്നത്’ എന്നായിരുന്നു.

ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് വരില്ലെന്ന് പറഞ്ഞതിന് തങ്ങള്‍ എങ്ങനെയാണ് താരത്തോട് പകരം വീട്ടിയതെന്നാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ കാസ്റ്റിങ്ങ് ഡയറക്ടര്‍ കൂടെയായ ഗണപതി അഭിമുഖത്തില്‍ പറയുന്നത്.

‘ഞങ്ങള്‍ അതിന് വേണ്ടി ഒരു ദിവസം രാത്രിസലീമേട്ടന്റെ വീട്ടില്‍ പോയി ഇരുന്ന് പകരം വീട്ടിയിരുന്നു,’ ഗണപതി പറഞ്ഞു.

സലിംകുമാര്‍ ഒരു തവണ മഞ്ഞുമ്മല്‍ ബോയ്‌സിന്റെ ലൊക്കേഷനില്‍ വന്നിരുന്നെന്നും ആ ദിവസം മുഴുവന്‍ തങ്ങളുടെ കൂടെ നിന്നിരുന്നെന്നും ബാലു വര്‍ഗീസ് പറയുന്നു. അന്ന് തങ്ങള്‍ക്ക് ഒരുപാട് സന്തോഷം തോന്നിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Ganapathi Talks About Salim Kumar