അർജന്റീനയും ബർക്കിനാ ഫാസോയും തമ്മിലുള്ള സൗഹൃദ മത്സരം വിവാദത്തിൽ. മത്സരത്തിൽ അർജന്റീന എതിരില്ലാത്ത ഏഴ് ഗോളുകളുടെ തകർപ്പൻ വിജയം സ്വന്തമാക്കിയെങ്കിലും പണച്ചിലവ് കുറക്കുന്നതിനായി അർജന്റീന ഫുട്ബോൾ ഫെഡററേഷൻ സാമ്പത്തികമായി കുറഞ്ഞ തുക ആവശ്യപ്പെട്ട ടീമിനെ തെരഞ്ഞെടുത്തുവെന്നാണ് വിമർശനം ഉയരുന്നത്.

ഏറെ വിവാദങ്ങൾക്കൊടുവിലാണ് ഈ മത്സരം സംഘടിപ്പിക്കപ്പെട്ടത്. കടുത്ത യാത്ര പ്രതിസന്ധികളെ മറികടന്നു കൊണ്ടാണ് ബർക്കിനാ ഫാസോ അർജന്റീനക്കെതിരെ കളത്തിലിറങ്ങിയത്. സാങ്കേതിക തകരാറുമൂലം പ്രധാന താരങ്ങൾ സഞ്ചരിച്ച വിമാനം റദ്ദാക്കുകയായിരുന്നു.

മറ്റൊരു വിമാനത്തിനായി ഒരുപാട് സമയം കാത്തിരിക്കേണ്ടി വന്നതോടെ ബർക്കിനാ ഫാസോയുടെ പ്രധാന താരങ്ങളെല്ലാം യാത്ര ചെയ്യാൻ വിസമ്മതിച്ചു. തുടർന്ന് അണ്ടർ 23 താരങ്ങളെ വെച്ചാണ് ടീം അർജന്റീനക്കെതിരെ കളത്തിലിറങ്ങിയത്.

ഏകദേശം 11 മണിക്കൂറോളം നീണ്ടുനിന്ന യാത്രക്ക് ശേഷം ബ്യൂണസ് അയേഴ്സിൽ മത്സരം തുടങ്ങുന്നതിന് അഞ്ച് മണിക്കൂർ മുമ്പായിരുന്നു താരങ്ങൾ വിമാനമിറങ്ങിയത്. ബർക്കിനാ ഫാസോ താരങ്ങൾ പരിശീലനമോ വിശ്രമമോ ഇല്ലാതെയാണ് അർജന്റീനക്കെതിരെ കളത്തിലിറങ്ങിയത്. ചെലവ് കുറയ്ക്കാനായി ദുർബല ടീമുകൾക്കെതിരെ സൗഹൃദ മത്സരം സംഘടിപ്പിച്ച അർജന്റീന ഫെഡറേഷന്റെ നടപടിക്കെതിരെ ശക്തമായ വിമർശനങ്ങളാണ് ഉയരുന്നത്.

മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം. എതിരാളികളുടെ വലയിൽ ഗോൾ മഴ പെയ്യിച്ച് അർജന്റീന വമ്പൻ വിജയം സ്വന്തമാക്കിയെങ്കിലും മത്സരത്തിന് മുമ്പ് നടന്ന നാടകീയ സംഭവങ്ങൾ അർജന്റീനയുടെ ഈ വിജയത്തിന്റെ പകിട്ട് കുറച്ചെന്നാണ് ഫുട്ബോൾ നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

മത്സരം തുടങ്ങി നാലാം മിനിട്ടിൽ ലൗട്ടാരോ മാർട്ടിനസാണ് അർജന്റീനയുടെ ഗോളടി മേളയ്ക്ക് തുടക്കം കുറിച്ചത്. ആദ്യ ഗോൾ പിറന്നതിന് നാല് മിനിട്ടുകൾക്ക് ശേഷം മൗമൗനെ ഡിയാല്ലോയുടെ സെൽഫ് ഗോളിലൂടെ അർജന്റീന വീണ്ടും ലീഡ് ഉയർത്തി.

12ാം മിനിട്ടിൽ ജിയാൻലൂക്ക പ്രെസ്റ്റിയാനിയും 35ാം മിനിട്ടിൽ നിക്കോ പാസും ഗോൾ നേടി അർജന്റീനക്ക് നാല് ഗോളിന്റെ വമ്പൻ ലീഡ് സമ്മാനിച്ചു. നിക്കോ പാസിന്റെ ഗോൾ പിറന്നതിന് ഒരു മിനിട്ടിന് ശേഷം ജൂലിയൻ അൽവാരസിലൂടെ അർജന്റീന അഞ്ചാം ഗോളും നേടി.

രണ്ടാം പകുതിയിൽ 57ാം മിനിട്ടിൽ ഫ്രാങ്കോ മസ്താന്റുവോനോയും ആഫ്രിക്കൻ ടീമിന്റെ വലകുലുക്കി. ഒടുവിൽ മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ ജിയൂലിയാനോ സിമിയോണി ഏഴാം ഗോളും നേടി എതിരാളികളുടെ പതനം പൂർത്തിയാക്കി.

നാളെയാണ് അർജന്റീന അടുത്ത സൗഹൃദ മത്സരത്തിനിറങ്ങുന്നത്. ബെനിനാണ് ടീമിന്റെ എതിരാളികൾ. അർജന്റീന ആരാധകർക്ക് ഇതൊരു വൈകാരിക മത്സരം കൂടിയാണ്. ഇതിഹാസ താരം മെസി അവസാനമായി അർജന്റീനയുടെ നീലജേഴ്സി അണിയുന്ന മത്സരമാണിത്.

ബ്യൂണസ് ഐറിസിലെ മോന്യൂമെന്റൽ സ്റ്റേഡിയത്തിലാണ് മെസി അവസാനമായി അർജന്റീനക്ക് വേണ്ടി ബൂട്ടുകെട്ടുക.

 

Content Highlight: Friendly match between Argentina and Burkina Faso in controversy