ഭുവനേശ്വർ: ഒഡീഷയിലെ ധാംനഗർ നിയമസഭാ മണ്ഡലത്തിൽ ബൂത്ത് ലെവൽ ഓഫീസർമാരുടെ (ബി.എൽ.ഒ) വിവരങ്ങൾ വ്യാജമായി ഉപയോഗിച്ച് വോട്ടർപട്ടികയിൽ നിന്ന് നൂറുകണക്കിന് വോട്ടർമാരെ കൂട്ടത്തോടെ വെട്ടിമാറ്റാൻ ശ്രമം.

സംഭവത്തിൽ ധാംനഗർ നോട്ടിഫൈഡ് ഏരിയ കൗൺസിൽ എക്സിക്യൂട്ടീവ് ഓഫീസറും അസിസ്റ്റന്റ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുമായ (എ.ഇ.ആർ.ഒ) സന്തോഷ് കുമാർ നായക്കിനെ തെരഞ്ഞെടുപ്പ് കമ്മീഷൻ സസ്‌പെൻഡ് ചെയ്തു.

വോട്ടർപട്ടിക പ്രത്യേക തീവ്ര പരിഷ്കരണ (എസ്.ഐ.ആർ) പ്രക്രിയയുടെ ഭാഗമായി ഉപയോഗിക്കുന്ന മൊബൈൽ ആപ്പിൽ, തങ്ങളുടെ അറിവോ സമ്മതമോ ഇല്ലാതെ വോട്ടർമാരെ ഒഴിവാക്കാനുള്ള ഫോം ഏഴ് അപേക്ഷകൾ വ്യാപകമായി അപ്‌ലോഡ് ചെയ്തതായി ബി.എൽ.ഒമാർ കണ്ടെത്തുകയായിരുന്നു.

153-ാം നമ്പർ ബൂത്തിലെ ബി.എൽ.ഒയും അങ്കണവാടി പ്രവർത്തകയുമായ നിരുപമ ത്രിപാഠിയുടെ ലോഗിൻ വിവരങ്ങൾ ഉപയോഗിച്ച് മാത്രം 227 അപേക്ഷകളാണ് സമർപ്പിക്കപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും ഒരു പ്രത്യേക ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുടെ പേരുകളായിരുന്നു.

പരിശോധനയ്ക്കെന്ന വ്യാജേന എ.ഇ.ആർ.ഒയും ജീവനക്കാരും തങ്ങളിൽ നിന്ന് ഒ.ടി.പി കൈക്കലാക്കുകയും, അത് ദുരുപയോഗം ചെയ്ത് അർഹരായ വോട്ടർമാരുടെ പേരുകൾ ഒഴിവാക്കാൻ അപേക്ഷകൾ തയ്യാറാക്കുകയുമായിരുന്നുവെന്ന് ബി.എൽ.ഒമാർ ആരോപിച്ചു.

തുടർന്ന് പത്തോളം ബി.എൽ.ഒമാർ സംഘടിച്ച് പൊലീസിലും ഭദ്രക് ജില്ലാ കളക്ടർക്കും പരാതി നൽകി. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷമായ ബിജു ജനതാദളും (ബി.ജെ.ഡി) വിഷയത്തിൽ ഇടപെട്ട് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നിവേദനം സമർപ്പിച്ചു.

തുടർന്ന് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ നടത്തിയ പ്രാഥമിക ആഭ്യന്തര അന്വേഷണത്തിൽ അപേക്ഷകൾ ചട്ടവിരുദ്ധമായാണ് കൈകാര്യം ചെയ്തതെന്ന് വ്യക്തമായി. ഇതോടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശപ്രകാരം ഒഡീഷ ഭവന, നഗരവികസന വകുപ്പ് എ.ഇ.ആർ.ഒയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്.

കുറ്റാരോപിതനായ ഉദ്യോഗസ്ഥനെതിരെ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഇതോടെ വ്യാജമായി നൽകിയ അപേക്ഷകൾ അധികൃതർ പിൻവലിക്കുകയും, ഒഡീഷയുടെ അന്തിമ വോട്ടർപട്ടികയിൽ ഇവരുടെ പേരുകൾ നിലനിർത്തുകയും ചെയ്തു.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിൽ ശരാശരി 141 ഫോം ഏഴ് അപേക്ഷകൾ മാത്രം വന്നപ്പോൾ, ധാംനഗറിൽ നിന്നുമാത്രം മൂവായിരത്തിലധികം അപേക്ഷകൾ ഉയർന്നതാണ് തട്ടിപ്പ് പുറത്തുകൊണ്ടുവരാൻ ഇടയാക്കിയത്.

എസ്.ഐ.ആർ പ്രക്രിയയിലൂടെ ഒഡീഷയിലെ ആകെ വോട്ടർമാരുടെ എണ്ണത്തിൽ വലിയ കുറവുണ്ടായ പശ്ചാത്തലത്തിൽ, സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഫോം ഏഴ് വഴിയുള്ള എല്ലാ ഒഴിവാക്കലുകളും പുനപരിശോധിക്കണമെന്നും ബി.ജെ.ഡി നേതൃത്വം ആവശ്യപ്പെട്ടു.

Content Highlight:Fraudulent applications filed to remove hundreds of voters from the Odisha electoral roll; official suspended.