എഡിറ്റര്‍
എഡിറ്റര്‍
പി.സി ജോര്‍ജിനെതിരായ നടപടി പാര്‍ട്ടി ഉടന്‍ ചര്‍ച്ച ചെയ്യണം: ഫ്രാന്‍സിസ് ജോര്‍ജ്
എഡിറ്റര്‍
Saturday 16th March 2013 12:51pm

എറണാകുളം: വിവാദ പരാമര്‍ശം നടത്തിയ സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി ജോര്‍ജിനെതിരായ നടപടി പാര്‍ട്ടി ഉടന്‍ ചര്‍ച്ച ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ് ജോര്‍ജ്.

Ads By Google

നിലപാടുകളില്‍ മാറ്റംവരുത്താതെ പി.സി ജോര്‍ജിന് ഇപ്പോള്‍ ഇരിക്കുന്ന സ്ഥാനത്ത് തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇത്രയുംകാലം സഹിച്ചും ക്ഷമിച്ചും മുന്നോട്ടുപോകാന്‍ ശ്രമിച്ചു.

ജോര്‍ജ് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ഖേദപ്രകടനം നടത്തുകയാണ്. എന്നാല്‍ നിലപാടുകളില്‍ മാറ്റംവരുത്താന്‍ അദ്ദേഹം തയ്യാറാകുന്നില്ല. ഇനിയെങ്കിലും സമീപനം മാറ്റണം.

സാമാന്യ മര്യാദയും സഭ്യതയും ലംഘിക്കുന്ന നിലപാട് സ്വീകരിച്ചാല്‍ ഇനിയും വിട്ടുവീഴ്ച ചെയ്യാനാകില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന് പാര്‍ട്ടി വേദികളില്‍ ആവശ്യപ്പെടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

നേതാക്കളോടും സഹപ്രവര്‍ത്തകരോടും സഹകരണത്തോടെ പെരുമാറണം. ജോര്‍ജിന്റെ ശൈലി കേരള കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നടക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഫ്രാന്‍സിസ് ജോര്‍ജ് മറുപടി അര്‍ഹിക്കുന്നില്ലെന്ന് പി.സി ജോര്‍ജ് പ്രതികരിച്ചു. പാര്‍ട്ടിയില്‍ ആദ്യമെത്തിയത് താനാണ്. അസൂയക്കാരാണ് തനിക്കെതിരെ സംസാരിക്കുന്നത്. തന്റെ നിലപാടില്‍നിന്ന് ഒരടിപോലും പിന്നോട്ടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പി.സി.ജോര്‍ജ് വിവാദത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും യുഡിഎഫ് കണ്‍വീനര്‍ പി.പി.തങ്കച്ചനും അന്തിമ തീരുമാനം അറിയിച്ചതാണെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. പി.സി.ജോര്‍ജ് മാപ്പ് പറഞ്ഞതോടെ വിവാദം അവസാനിച്ചെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

സി.പി.ഐ നേതാവ് ടി.വി തോമസിന് വഴി നീളെ മക്കളുള്ളത് തനിക്കറിയാമെന്നും, തോമസിന്റെ പോലെ താന്‍ പെണ്ണുപിടിച്ചിട്ടില്ലെന്നും പി.സി ജോര്‍ജ് ആക്ഷേപിച്ചിരുന്നു.

ഗൗരിയമ്മയുടെ ആരോപണത്തെ കുറിച്ച് അന്വേഷിച്ചപ്പോള്‍ തൊണ്ണൂറ്റിയഞ്ച് വയസ് കഴിഞ്ഞിട്ടുള്ള’@$**#’ (പരാമര്‍ശം രേഖപ്പെടുത്താന്‍ ബുദ്ധിമുട്ടുണ്ട് ) ആണ് തനിക്കെതിരെ പറയുന്നത്. ഇവരെ കിഴവിയെന്ന് മാത്രമേ താന്‍ വിളിക്കുകയുള്ളുവെന്നും പി.സി ജോര്‍ജ്ജ് അധിക്ഷേപിച്ചു.

ആരോപണങ്ങള്‍ക്കൊടുവില്‍ ഗണേഷ് കുമാറും പിള്ളയും ഒന്നായല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ബാലകൃഷ്ണപ്പിള്ള ഒരു തെണ്ടിയാണ്,പണത്തിനുവേണ്ടി എന്തും ചെയ്യുന്ന തെണ്ടികളാണ് അപ്പനും മകനുമെന്നും ജോര്‍ജ് അഭിപ്രായപ്പെട്ടിരുന്നു.

Advertisement