വിരാടോ രോഹിത്തോ അല്ല, ടീമിനൊപ്പം അവനില്ലാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നല്‍കും: മുന്‍ ലങ്കന്‍ താരം ഫര്‍വീസ് മഹ്‌റൂഫ്
Sports News
വിരാടോ രോഹിത്തോ അല്ല, ടീമിനൊപ്പം അവനില്ലാത്തത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടി നല്‍കും: മുന്‍ ലങ്കന്‍ താരം ഫര്‍വീസ് മഹ്‌റൂഫ്
ആദർശ് എം.കെ.
Wednesday, 12th August 2026, 7:45 am

ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരകള്‍ ആരംഭിക്കാനിരിക്കെ ഇതിഹാസ താരം ആര്‍. അശ്വിന്റെ അഭാവം ലങ്കന്‍ മണ്ണില്‍ ഇന്ത്യയ്ക്ക് വലിയ തിരിച്ചടി സമ്മാനിക്കുമെന്ന് മുന്‍ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ ഫര്‍വീസ് മഹ്‌റൂഫ്. ടെസ്റ്റില്‍ ഇന്ത്യക്കായി 537 വിക്കറ്റുകള്‍ നേടിയ അശ്വിന്‍, 2024 സീസണിന്റെ അവസാനത്തോടെയാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും പടിയിറങ്ങിയത്.

ശ്രീലങ്കന്‍ മണ്ണില്‍ മികച്ച റെക്കോഡുള്ള താരമാണ് അശ്വിന്‍. ലങ്കയില്‍ കളിച്ച 6 ടെസ്റ്റുകളില്‍ നിന്ന് 21.57 ശരാശരിയില്‍ 38 വിക്കറ്റുകള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ മൂന്ന് തവണ അഞ്ച് വിക്കറ്റ് നേട്ടവും ഉള്‍പ്പെടുന്നു.

ആര്‍. അശ്വിന്‍. Photo: BCCI/x.com

2015ലും 2017ലും ഇന്ത്യ ശ്രീലങ്കയില്‍ ടെസ്റ്റ് പരമ്പര വിജയങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ അശ്വിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.

ഐ.എന്‍.എസിനോട് സംസാരിക്കവെയാണ് അശ്വിന്റെ അഭാവം ഇന്ത്യയ്ക്ക് എത്രത്തോളം വലിയ തിരിച്ചടി നല്‍കുമെന്ന് മഹ്‌റൂഫ് സംസാരിച്ചത്.

‘അശ്വിന്റെ കാര്യത്തില്‍ പറയുമ്പോള്‍, അദ്ദേഹത്തിന്റെ അഭാവം ഇന്ത്യക്ക് വലിയൊരു നഷ്ടം തന്നെയായിരിക്കും. മികച്ച കണക്കുകളാണ് അദ്ദേഹത്തിന്റേത്. ശ്രീലങ്കയില്‍ പര്യടനം നടത്തിയപ്പോഴൊക്കെ രവി അശ്വിന്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.

ശ്രീലങ്കയില്‍ കളിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും ടേണിനെക്കുറിച്ചാണ് സംസാരിക്കാറുള്ളത്. എന്നാല്‍ കൂടുതല്‍ ആഴത്തില്‍ പരിശോധിച്ചാല്‍, സ്പിന്നര്‍മാര്‍ക്ക് ഇവിടെ വിക്കറ്റുകള്‍ നേടി കൊടുക്കുന്നത് പിച്ചിന്റെ ബൗണ്‍സ് ആണ്. അതിനാല്‍ ഈ സാഹചര്യങ്ങളില്‍ പന്തെറിയാന്‍ ഏറ്റവും അനുയോജ്യനായ താരം രവി അശ്വിന്‍ തന്നെയായിരുന്നു,’ അദ്ദേഹം പറഞ്ഞു.

ആര്‍. അശ്വിന്‍. Photo: BCCI/x.com

പന്തുകൊണ്ട് മാത്രമല്ല, ബാറ്റ് കൊണ്ടും ലങ്കയില്‍ തിളങ്ങാന്‍ അശ്വിന് സാധിച്ചിരുന്നു. ശ്രീലങ്കയിലെ 6 ടെസ്റ്റുകളില്‍ നിന്ന് രണ്ട് അര്‍ദ്ധസെഞ്ചുറികള്‍ അടക്കം 25ന് മുകളില്‍ ശരാശരിയിലാണ് അദ്ദേഹം റണ്‍സ് കണ്ടെത്തിയത്.

വരാനിരിക്കുന്ന പരമ്പരയ്ക്കായി നാല് സ്പിന്നര്‍മാരെയാണ് ഇന്ത്യ 15 അംഗ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍ എന്നീ ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്ക് പുറമെ, പരിക്കേറ്റ വാഷിങ്ടണ്‍ സുന്ദറിന് പകരം അവസരം ലഭിച്ച ഓഫ് സ്പിന്നര്‍ സാരന്‍ഷ് ജെയിനുമാണ് സംഘത്തിലുള്ളത്.

‘ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അഫ്ഗാനിസ്ഥാനെതിരെ മാനവ് സുതര്‍ അരങ്ങേറിയ രീതിയും വാംഅപ്പ് മത്സരത്തില്‍ അദ്ദേഹം പന്തെറിഞ്ഞ രീതിയും എനിക്ക് വളരെ ഇഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ വേഗതയും ബൗണ്‍സും ശരിക്കും ആകര്‍ഷകമാണ്. എന്നാല്‍ രവി ജഡേജയെയും മാനവ് സുതറിനെയും ഇന്ത്യ ഒരേ ടീമില്‍ കളിപ്പിക്കുമോ എന്നതാണ് വലിയ ചോദ്യം.

‘സാരന്‍ഷ് ജെയിന്‍ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും മികച്ച ബൗളറാണെന്ന് തോന്നുന്നു. എന്നാല്‍ ശ്രീലങ്കയെപ്പോലെ പരിചയസമ്പന്നരായ മികച്ച ബാറ്റിങ് നിരയ്‌ക്കെതിരെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ അദ്ദേഹത്തില്‍ നിന്ന് വലിയ പ്രകടനം പ്രതീക്ഷിക്കുന്നത് വലിയ ഭാരമായിരിക്കും.

Photo: BCCI

എന്നാല്‍ എന്നോട് ചോദിക്കുകയാണെങ്കില്‍, രണ്ട് ഇടംകയ്യന്‍ സ്പിന്നര്‍മാര്‍ക്കൊപ്പം കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്താനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗല്ലെയില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കുല്‍ദീപ് യാദവ് മുന്നിട്ടുനില്‍ക്കുമെന്നാണ് ഞാന്‍ കരുതുന്നത്, പ്രത്യേകിച്ച് അഫ്ഗാനിസ്ഥാനെതിരായ അവസാന ടെസ്റ്റില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തുകയും വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓഗസ്റ്റ് 15നാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മത്സരം അരങ്ങേറുന്നത്. ഗല്ലെയാണ് വേദി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ മുന്നേറണമെങ്കില്‍ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ച വെച്ച പരമ്പര സ്വന്തമാക്കിയേ മതിയാകൂ.

 

Content highlight: Former Sri Lankan all-rounder Farveez Maharoof says R. Ashwin’s absence will be a huge loss for India.

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.