ഓസ്‌ട്രേലിയയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ഏകദിനത്തില്‍ സെഞ്ച്വറി തിളക്കവുമായി ക്യാപ്റ്റന്‍ തെംബ ബാവുമ. വാണ്ടരേഴ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 116 പന്തില്‍ 103 റണ്‍സാണ് പ്രോട്ടിയാസ് നായകന്‍ സ്വന്തമാക്കിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ഈ സെഞ്ച്വറിക്ക് പിന്നാലെ നേട്ടങ്ങള്‍ പലതും ലോര്‍ഡ് ബാവുമ തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. ഏകദിനത്തില്‍ ഓസ്‌ട്രേലിയക്കെതിരെ ഒന്നിലധികം സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് ഇതില്‍ ആദ്യം.
കങ്കാരുക്കള്‍ക്കെതിരെ ഏകദിന സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍മാരുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കുയരാനും ബാവുമയ്ക്ക് സാധിച്ചു. വിരാട് കോഹ്‌ലിക്കും എം.എസ്. ധോണിക്കുമൊപ്പം ഈ ലിസ്റ്റില്‍ രണ്ടാം സ്ഥാനം പങ്കിടുകയാണ് ബാവുമ.
ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍മാര്‍
ഫാഫ് ഡു പ്ലെസി – 3
തെംബ ബാവുമ – 2*
വിരാട് കോഹ്‌ലി – 2
എം.എസ്. ധോണി – 2
ബാബര്‍ അസം – 2
സ്റ്റീഫന്‍ ഫ്‌ളെമിങ് – 2
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന നാലാമത് സൗത്ത് ആഫ്രിക്കന്‍ നായകന്‍ കൂടിയാണ് ബാവുമ.
ഓസ്‌ട്രേലിയയ്‌ക്കെതിരെ ഏകദിന സെഞ്ച്വറി നേടിയ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍മാര്‍
(താരം – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)
ഗ്രെയം സ്മിത് – സെഞ്ചൂറിയന്‍ – 2006
എ.ബി. ഡി വില്ലിയേഴ്‌സ് – ഹരാരെ – 2014
ഫാഫ് ഡു പ്ലെസി – ജോഹനാസ്‌ബെര്‍ഗ് – 2016
ഫാഫ് ഡു പ്ലെസി – ഹൊബാര്‍ട്ട് – 2018
ഫാഫ് ഡു പ്ലെസി – മാഞ്ചസ്റ്റര്‍ – 2019
തെംബ ബാവുമ – ബ്ലോയംഫോണ്ടെയ്ന്‍ – 2023
തെംബ ബാവുമ – ജോഹനാസ്‌ബെര്‍ഗ് – 2026*
ബാവുമയ്ക്ക് പുറമെ വെടിക്കെട്ട് വീരന്‍ ഡേവിഡ് മില്ലര്‍ കൂടി സെഞ്ച്വറി നേടിയതിന് പിന്നാലെ ആതിഥേയര്‍ 365 എന്ന മികച്ച സ്‌കോറിലെത്തി.
93 പന്തില്‍ 142 റണ്‍സുമായാണ് മില്ലര്‍ തിളങ്ങിയത്. 12 ഫോറും ഒമ്പത് സിക്‌സറും അടക്കം 152.69 എന്ന മികച്ച സ്‌ട്രൈക് റേറ്റിലാണ് മില്ലര്‍ സ്‌കോര്‍ ഉയര്‍ത്തിയത്.
സന്ദര്‍ശകര്‍ക്കായി ജാക്ക് എഡ്വാര്‍ഡ്‌സ് അഞ്ച് വിക്കറ്റുമായി തിളങ്ങിയപ്പോള്‍ ജോഷ് ഹെയ്‌സല്‍വുഡ് മൂന്ന് വിക്കറ്റും വീഴ്ത്തി. സേവ്യര്‍ ബാര്‍ട്‌ലെറ്റാണ് ശേഷിച്ച വിക്കറ്റെടുത്തത്.
നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ വിജയം നേടിയതിനാല്‍ രണ്ടാം മത്സരത്തിലും ജയം നേടി പരമ്പര സ്വന്തമാക്കാന്‍ തന്നെയാണ് സൗത്ത് ആഫ്രിക്ക ഒരുങ്ങുന്നത്. അതേസമയം, പരമ്പര സജീവമാക്കി നിര്‍ത്തണമെങ്കില്‍ കങ്കാരുക്കള്‍ക്ക് വിജയം അനിവാര്യമാണ്.
സൗത്ത് ആഫ്രിക്ക പ്ലെയിങ് ഇലവന്‍
ഏയ്ഡന്‍ മര്‍ക്രം, ക്വിന്റണ്‍ ഡി കോക്ക് (വിക്കറ്റ് കീപ്പര്‍), തെംബ ബാവുമ (ക്യാപ്റ്റന്‍), മാത്യു ബ്രീറ്റ്സ്‌കി, ഡേവിഡ് മില്ലര്‍, ട്രിസ്റ്റ്ണ്‍ സ്റ്റബ്സ്, മാര്‍കോ യാന്‍സെന്‍, ഡുവാന്‍ യാന്‍സെന്‍, ബ്യോണ്‍ ഫോര്‍ച്യൂണ്‍, കേശവ് മഹാരാജ്, ലിസാദ് വില്യംസ്.
ഓസ്ട്രേലിയ പ്ലെയിങ് ഇലവന്‍
മിച്ചല്‍ മാര്‍ഷ് (ക്യാപ്റ്റന്‍), ട്രാവിസ് ഹെഡ്, കൂപ്പര്‍ കനോലി, അലക്സ് കാരി (വിക്കറ്റ് കീപ്പര്‍), മാറ്റ് റെന്‍ഷോ, കാമറൂണ്‍ ഗ്രീന്‍, ജാക്ക് എഡ്വാര്‍ഡ്സ്, സേവ്യര്‍ ബാര്‍ട്ലെറ്റ്, നഥാന്‍ എല്ലിസ്, ആദം സാംപ, ജോഷ് ഹെയ്സല്‍വുഡ്.
Content Highlight: Temba Bavuma has earned a spot on the list of captains who have scored more than one century against Australia in ODIs.
