വളരെക്കാലത്തിന് ശേഷമാണ് ഇതുപോലൊരു ബൗളറെ കാണുന്നത്; ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി മുരളി കാര്‍ത്തിക്
Cricket
വളരെക്കാലത്തിന് ശേഷമാണ് ഇതുപോലൊരു ബൗളറെ കാണുന്നത്; ഇന്ത്യന്‍ താരത്തിന് പ്രശംസയുമായി മുരളി കാര്‍ത്തിക്
ശ്രീരാഗ് പാറക്കല്‍
Wednesday, 12th August 2026, 6:03 pm

ഇന്ത്യന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മാനവ് സുതറിനെ പ്രശംസിച്ച് മുന്‍ താരം മുരളി കാര്‍ത്തിക്. മാനവ് മികച്ച ബൗളറാണെന്നും അഫ്ഗാനിസ്ഥാനെതിരെ താരം മികച്ച രീതിയില്‍ പന്ത് റിലീസ് ചെയ്യുന്നതും സ്ഥിരതയോടെ ബൗള്‍ ചെയ്യുന്നതും കാണാന്‍ സാധിച്ചെന്നും അദ്ദേഹം പറഞ്ഞു. വളരെക്കാലത്തിന് ശേഷമാണ് ഇതുപോലൊരു ബൗളറെ കാണുന്നതെന്നും കാര്‍ത്തിക് പറഞ്ഞു.

‘അദ്ദേഹം വളരെ മികച്ചൊരു ബൗളറാണെന്നാണ് ഞാന്‍ കരുതുന്നത്. അദ്ദേഹത്തെ മറ്റാരുമായും താരതമ്യം ചെയ്യേണ്ടതില്ല. അദ്ദേഹം ഒരു ‘ഓള്‍ഡ് സ്‌കൂള്‍’ ബൗളറാണ്. ബൗളിങ്ങില്‍ നിരവധി കാര്യങ്ങള്‍ വളരെ മികച്ച രീതിയില്‍ ഒത്തുചേരുന്നുണ്ട്. അഫ്ഗാനിസ്ഥാനെതിരായ ആ മത്സരം ഞാന്‍ കമന്ററി ചെയ്യുമ്പോള്‍ വളരെയധികം സന്തോഷം തോന്നിയിരുന്നു.

കാരണം, ഒരാള്‍ എത്രയോ മികച്ച രീതിയില്‍ പന്ത് റിലീസ് ചെയ്യുന്നതും സ്ഥിരതയോടെ ബൗള്‍ ചെയ്യുന്നതും കാണാന്‍ സാധിച്ചു. വളരെക്കാലത്തിന് ശേഷമാണ് ഇതുപോലൊരു ബൗളറെ നമ്മള്‍ കാണുന്നത്. ഒരുപക്ഷേ, ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ സമയം വളരെ മികച്ചതാണ്,’ സോണി സ്‌പോര്‍ട്‌സ് നെറ്റ് വര്‍ക്കില്‍ മുരളി കാര്‍ത്തിക് പറഞ്ഞു.മാനവ് സുതര്‍: India today.com

ബൗളിങ് ഓള്‍റൗണ്ടറായ മാനവ് അഫ്ഗാനിസ്ഥാനെതിരെയാണ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. റെഡ് ബോളിലെ ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ നേടി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 6/33 എന്ന മികച്ച ബൗളിങ് പ്രകടനവും താരത്തിനുണ്ട്. ബാറ്റിങ്ങില്‍ 28 റണ്‍സും താരം നേടി.

ഫസ്റ്റ് ക്ലാസില്‍ 32 മത്സരങ്ങളിലെ 58 ഇന്നിങ്‌സില്‍ നിന്ന് 147 വിക്കറ്റുകളാണ് താരം നേടിയത്. 52 ഇന്നിങ്‌സില്‍ നിന്ന് 1071 റണ്‍സും താരത്തിനുണ്ട്.

പരമ്പരയിലെ ആദ്യ മത്സരം ഓഗസ്റ്റ് 15 മുതല്‍ 19 വരെ ഗല്ലെയിലാണ് നടക്കുന്നത്. രണ്ടാം മത്സരം ഓഗസ്റ്റ് 23 മുതല്‍ 27 വരെ കൊളംബോയിലും നടക്കും. പരമ്പരയ്ക്ക് മുന്നോടിയായി ഇരു ടീമുകളും സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), കെ.എല്‍. രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍നൂര്‍ ബ്രാര്‍, ദേവ്ദത്ത് പടിക്കല്‍, സാരാന്‍ഷ് ജെയിന്‍, ആകിബ് നബി, സര്‍ഫറാസ് ഖാന്‍

ശ്രീലങ്ക സ്‌ക്വാഡ്

ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), ലഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, കാമിന്ദു മെന്‍ഡിസ് (വൈസ് ക്യാപ്റ്റന്‍), ദിനേഷ് ചണ്ഡിമല്‍, പസിന്ദു സൂരിയബന്ധാര, സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്‌വെല്ല (വിക്കറ്റ് കീപ്പര്‍), രമേഷ് മെന്‍ഡിസ്, പ്രഭാത് ജയസൂര്യ, കേശര നുവന്ത, മിലന്‍ രത്‌നായകെ, അസിത ഫെര്‍ണാണ്ടോ, ലഹിരു കുമാര, വിശ്വ ഫെര്‍ണാണ്ടോ, ദില്‍ഷന്‍ മധുഷങ്ക

Content Highlight: Former Indian Player Murali Karthik Talking About Manav Suthar

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ