ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിലെ മികച്ച പ്രകടനത്തില്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയെ അഭിനന്ദിച്ച് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിനവ് മുകുന്ദ്. ഈ പ്രകടനത്തിലൂടെ രോഹിത് നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കിയെന്നാണ് മുകുന്ദ് പറഞ്ഞത്.
ടീമിലെ സ്ഥാനം നഷ്ടപ്പെടുമെന്നും, ലോര്‍ഡ്‌സിലേത് രോഹിത്തിന്റെ അവസാന ഇന്നിങ്‌സ് ആയിരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ 110 പന്തില്‍ നിന്നും 17 ഫോറും ആകാശം തൊട്ട അഞ്ച് പടുകൂറ്റന്‍ സിക്‌സറുകളും അടക്കം 138 റണ്‍സാണ് ഹിറ്റ്മാന്‍ അടിച്ചെടുത്തത്. ഈ പ്രകടനമാണ് അഭിനവ് മുകുന്ദിനെയും ആവേശഭരിതനാക്കിയത്.
ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഭിനവ് മുകുന്ദ്
‘രോഹിത് ശര്‍മയെ ഈ കളിയിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി ഉയര്‍ത്തുന്നത് ഇതുപോലുള്ള ഗുണങ്ങളാണെന്നാണ് ഞാന്‍ കരുതുന്നത്. അതുകൊണ്ടുതന്നെയാണ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരങ്ങളില്‍ ഒരാളായി അദ്ദേഹത്തെയും പരിഗണിക്കുന്നത്.
സമ്മര്‍ദഘട്ടങ്ങളില്‍ പലരും തളരുമ്പോള്‍, ചിലര്‍ ആ സാഹചര്യത്തിലാണ് ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുന്നത്. രോഹിത് അത്തരത്തിലുള്ള ഒരാളാണ്. നിരവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചുകൊണ്ടിരുന്ന സമയത്താണ് അദ്ദേഹം ആ പ്രകടനത്തിലൂടെ ശക്തമായ ഒരു പ്രസ്താവന നടത്തിയത്.
110 പന്ത് നേരിട്ടാണ് അവന്‍ 110 റണ്‍സ് നേടിയത്. അവന് 110 പന്തുകള്‍ കളിക്കാന്‍ സാധിക്കുമോ എന്ന ചോദ്യം പലരും ഉയര്‍ത്തിയിരുന്നു. ഈ ഇന്നിങ്‌സിലൂടെ അവന്‍ ആ ചോദ്യത്തിനും മറുപടി നല്‍കി. ഇത് മാത്രമല്ല, ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ആ പ്രകടനത്തില്‍ നിന്നും പിറവിയെടുത്തത്,’ അഭിനവ് മുകുന്ദ് പറഞ്ഞു.
എന്നാല്‍ രോഹിത്തിന്റെ മികച്ച പ്രകടനത്തിനും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിച്ചിരുന്നില്ല. നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ സന്ദര്‍ശകര്‍ 27 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങി.
ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയുടെയും ജേകബ് ബേഥല്‍, ജോ റൂട്ട് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെല്ലാം ചടങ്ങ് മാത്രമായതോടെ മെന്‍ ഇന്‍ ബ്ലൂ മത്സരവും പരമ്പരയും അടിയറവ് വെച്ചു.
മത്സരത്തില്‍ രോഹിത്തിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (84 പന്തില്‍ 77), വിരാട് കോഹ്‌ലിയും (60 പന്തില്‍ 74) മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും ഇരുവരുടെ മടക്കം ടീമിന് തിരിച്ചടിയായി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും അരാധകരുടെ പ്രതീക്ഷ കളഞ്ഞുകുളിച്ചതോടെ ഇന്ത്യ പരാജയത്തിലേക്കും കാല്‍ വഴുതി വീണു.
Content Highlight: Former Indian opener Abhinav Mukund praises Rohit Sharma