വരാനിരിക്കുന്ന ഇന്ത്യ-ബ്രസീല്‍ അന്താരാഷ്ട്ര സൗഹൃദ മത്സരം ഇന്ത്യന്‍ ഫുട്‌ബോളിന് വലിയ നാണക്കേടായി മാറാന്‍ സാധ്യതയുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. ഒക്ടോബര്‍ 3ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിനെതിരെയാണ് സ്റ്റിമാച്ച് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.
നിശ്ചയിച്ചിരുന്ന എ.എഫ്.എഫ് കപ്പില്‍ നിന്ന് പിന്മാറി ബ്രസീലിനെതിരെ പ്രദര്‍ശന മത്സരം നടത്താനുള്ള ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ തീരുമാനത്തെയാണ് സ്റ്റിമാച്ച് ചോദ്യം ചെയ്തത്.
ഇത് വെറുമൊരു ‘മാര്‍ക്കറ്റിങ് തന്ത്രം’ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു. ഫുട്‌ബോളിന് കൃത്യമായ തന്ത്രമോ വ്യക്തമായ കാഴ്ചപ്പാടോ ഇല്ലാത്തവരാണ് ഇത്തരം തീരുമാനങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം പറഞ്ഞു. ഒക്ടോബറിലെ ഔദ്യോഗിക അന്താരാഷ്ട്ര വിന്‍ഡോയില്‍ കളിക്കേണ്ട മത്സരങ്ങളില്‍ നിന്ന് പിന്മാറിയാണ് ഇത്തരമൊരു പ്രദര്‍ശന മത്സരം സംഘടിപ്പിക്കുന്നതെന്നും സ്റ്റിമാച്ച് ചൂണ്ടിക്കാട്ടി.
ഇന്ത്യക്ക് നിലവില്‍ അനുയോജ്യരായ എതിരാളികള്‍ക്കെതിരെയാണ് കൂടുതല്‍ മത്സരങ്ങള്‍ കളിക്കേണ്ടതെന്നാണ് സ്റ്റിമാച്ചിന്റെ നിലപാട്. ജയിക്കാനുള്ള സാധ്യതയുള്ള ടീമുകള്‍ക്കെതിരെ മത്സരിച്ച് റാങ്കിങ്ങും ആത്മവിശ്വാസവും മെച്ചപ്പെടുത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ബ്രസീല്‍, അര്‍ജന്റീന തുടങ്ങിയ മുന്‍നിര ടീമുകളെ ഇന്ത്യയിലെത്തിച്ച് മത്സരിക്കുന്നത് വലിയ തോല്‍വിയിലേക്കും നാണക്കേടിലേക്കും മാത്രമേ നയിക്കൂവെന്നും ഇതിലൂടെ കാര്യമായ പോസിറ്റീവ് നേട്ടമൊന്നും ഉണ്ടാകില്ലെന്നും സ്റ്റിമാച്ച് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ-ബ്രസീല്‍ മത്സരം സംഘടിപ്പിക്കുന്നതിന് വേണ്ടിവരുന്ന ഭീമമായ സാമ്പത്തിക ചെലവിനെതിരെയും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ഭൂട്ടിയ രംഗത്തെത്തിയിരുന്നു. ഇത്രയും വലിയ തുക രാജ്യത്തെ താഴെത്തട്ടിലുള്ള ഫുട്‌ബോള്‍ വികസനത്തിനായി വിനിയോഗിക്കണമെന്നാണ് ഭൂട്ടിയയുടെ ആവശ്യം.
അതേസമയം, നിലവിലെ ഇന്ത്യന്‍ ടീമിലെ താരങ്ങള്‍ ബ്രസീലിനെതിരായ മത്സരത്തെ പോസിറ്റീവായാണ് കാണുന്നത്. വിനീഷ്യസ് ജൂനിയര്‍ ഉള്‍പ്പെടെയുള്ള ലോകോത്തര താരങ്ങള്‍ക്കെതിരെ കളിക്കാന്‍ ലഭിക്കുന്ന അവസരം വലിയൊരു അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ പ്രതിരോധ താരം സന്ദേഷ് ജിങ്കന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
മുന്‍ ഇന്ത്യന്‍ താരം ഐ.എം. വിജയനും മത്സരത്തെ പിന്തുണച്ച് രംഗത്തെത്തി. ബ്രസീല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ ഇന്ത്യയിലേക്കുള്ള വരവ് രാജ്യത്തെ യുവതാരങ്ങള്‍ക്ക് ജീവിതകാലം മുഴുവന്‍ ഓര്‍മയില്‍ സൂക്ഷിക്കാവുന്ന വലിയൊരു അനുഭവമായിരിക്കുമെന്ന് ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍ പറഞ്ഞു.
Content Highlight: Former Indian Football Coach Igor stimac Talking About India VS Brazil Upcoming Match