സായ് സുദര്‍ശന് എട്ടിന്റെ പണി; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്
Cricket
സായ് സുദര്‍ശന് എട്ടിന്റെ പണി; തുറന്ന് പറഞ്ഞ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്
ശ്രീരാഗ് പാറക്കല്‍
Sunday, 16th August 2026, 4:25 pm

ഇന്ത്യന്‍ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കല്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിയടിച്ചത് സായ് സുദര്‍ശന് വലിയ തിരിച്ചടിയാണെന്ന് മുന്‍ ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. മൂന്നാം നമ്പറില്‍ ലഭിച്ച അവസരങ്ങളില്‍ സായ് സുദര്‍ശന്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും ദേവ്ദത്ത് പടിക്കല്‍ സെഞ്ച്വറി നേടിയതോടെ ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി. പരിക്കിന്റെ പിടിലായതുകൊണ്ട് ശ്രീലങ്കന്‍ സ്‌ക്വാഡില്‍ ഇടം നേടാന്‍ സായിക്ക് സാധിച്ചിരുന്നില്ല. എന്നാല്‍ എല്ലാവരും തങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കേണ്ടതാണെന്നും ശ്രീകാന്ത് പറഞ്ഞു.

ദേവ്ദത്ത് പടിക്കല്‍

‘സായ് സുദര്‍ശന്‍ ഇപ്പോള്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ലഭിച്ച അവസരങ്ങളില്‍ മൂന്നാം നമ്പറില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തിയിട്ടുണ്ട്. എന്നാല്‍ ദേവ്ദത്ത് പടിക്കല്‍ ടീമിലെ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞതായി തോന്നുന്നു. പരിക്കിന്റെ പേരില്‍ ഒരു മത്സരവും സായ് സുദര്‍ശന് നഷ്ടപ്പെടുത്താന്‍ കഴിയുമായിരുന്നില്ല. അമിതമായ ക്രിക്കറ്റ് കളിക്കേണ്ടിവരുന്നു എന്ന കാരണം പറഞ്ഞ് ഒഴിഞ്ഞുമാറാനാകില്ല. എല്ലാവരും തങ്ങളുടെ ഫിറ്റ്‌നസ് ഉറപ്പാക്കേണ്ടതുണ്ട്.

സായ് സുദര്‍ശന്‍

ഈ സെഞ്ച്വറിക്ക് ശേഷം പടിക്കലിനെ ടീമില്‍ നിന്ന് ഒഴിവാക്കാനാകില്ല. ഇതോടെ സുദര്‍ശന് അവസരങ്ങള്‍ ലഭിക്കാനുള്ള സാധ്യതകള്‍ കുറഞ്ഞിരിക്കുകയാണ്. പടിക്കലിന്റെ തിരിച്ചുവരവ് അതിശയിപ്പിക്കുന്നതാണ്. ബാറ്റിങ്ങില്‍ അദ്ദേഹത്തിന് മികച്ച ശൈലിയുണ്ട്. ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും അദ്ദേഹം മികച്ച ഫോമിലായിരുന്നു. അദ്ദേഹത്തിന്റെ ഷോട്ടുകളും മികച്ചതായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനങ്ങള്‍ക്ക് എത്രത്തോളം പ്രാധാന്യമുണ്ടെന്ന് കാണിക്കുന്ന മികച്ച ഉദാഹരണമാണിത്. ഇനി താരങ്ങള്‍ രഞ്ജി ട്രോഫി, ദുലീപ് ട്രോഫി പോലുള്ള ടൂര്‍ണമെന്റുകളെ കൂടുതല്‍ ഗൗരവത്തോടെ കാണും. കാരണം ഇന്ത്യക്കായി കളിക്കണമെങ്കില്‍ ഐ.പി.എല്ലില്‍ മാത്രം മികച്ച പ്രകടനം നടത്തിയാല്‍ മതിയാകില്ലെന്ന് അവര്‍ മനസിലാക്കും,’ ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

അതേസമയം ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ഗല്ലെയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ നിലവില്‍ രണ്ടാം ദിനം ടീ ബ്രേക്കിന് പിരിഞ്ഞപ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 364 റണ്‍സാണ് നേടിയത്. നിലവില്‍ ക്രീസിലുള്ളത് ധ്രുവ് ജുറേലും (19) രവീന്ദ്ര ജഡേജയുമാണ് (4).

ഇന്ത്യയ്ക്ക് വേണ്ടി മികച്ച ബാറ്റിങ് നടത്തിയത് മൂന്നാം നമ്പറില്‍ ഇറങ്ങിയ സൂപ്പര്‍ താരം ദേവ്ദത്ത് പടിക്കലാണ്. സെഞ്ച്വറി നേടിയാണ് താരം തിളങ്ങിയത്. 230 പന്തുകള്‍ നേരിട്ട് ഒരു സിക്‌സും 15 ഫോറും ഉള്‍പ്പെടെ 167 റണ്‍സ് നേടിയാണ് താരം കൂടാരം കയറിയത്. പടിക്കലിന്റെ കരിയറിലെ ആദ്യ സെഞ്ച്വറിയാണിത്.

Content Highlight: Former Indian Captain Kris Srikkanth Talking About Devdutt Padikkal And Sai sudharshan

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ