2028 യൂറോ കപ്പിൽ കളിക്കുമോ എന്ന അഭ്യൂഹങ്ങൾക്ക് വ്യക്തമായ മറുപടി നൽകാതെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഭാവിയെക്കുറിച്ച് ചിന്തിക്കുന്നതിനേക്കാൾ ഓരോ ദിവസവും മുന്നിലുള്ള കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് റൊണാൾഡോ പറഞ്ഞു.
സെപ്റ്റംബർ 24ന് വെയിൽസിനെതിരായ മത്സരത്തോടെ പോർച്ചുഗൽ നേഷൻസ് ലീഗ് കിരീട നിലർത്താൻ ഒരുങ്ങുന്നതിനിടെയാണ് താരത്തിന്റെ പ്രതികരണം.
‘ഞാൻ ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ഓരോ ദിവസവും മുന്നോട്ട് പോകാനാണ് ഞാൻ ശ്രമിക്കുന്നത്. ഇപ്പോഴത്തെ കാര്യങ്ങളാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. എന്നെ ഇഷ്ടപ്പെടുന്നവരിലും എന്നെ പിന്തുണയ്ക്കുന്നവരിലുമാണ് ഞാൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതാണ് എനിക്ക് ഏറ്റവും പ്രധാനപ്പെട്ടത്. ഇത് തന്നെയാണ് ഇവിടേക്ക് വരാനുള്ള എന്റെ ഏറ്റവും വലിയ പ്രചോദനവും,’ ക്രിസ്റ്റ്യാനോ പറഞ്ഞു.

ക്രിസ്റ്റ്യാനോ റൊണാൾഡോ
പുതിയ പരിശീലകൻ ജോർജ് ജീസസ് നേഷൻസ് ലീഗിനുള്ള 25 അംഗ ടീമിൽ റൊണാൾഡോയെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ലിസ്ബണിൽ വെയിൽസിനെതിരായ ആദ്യ മത്സരത്തിന് മുന്നോടിയായി 2028 യൂറോ കപ്പിൽ കളിക്കുമോ എന്ന ചോദ്യത്തിനാണ് പോർട്ടുഗൽ ക്യാപ്റ്റനായ താരം ഇത്തരമൊരു മറുപടി നൽകിയത്.
41കാരനായ റൊണാൾഡോ 2026 ഫിഫ ലോകകപ്പിലും പോർച്ചുഗലിനായി കളിച്ചിരുന്നു. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയെങ്കിലും, പ്രീക്വാർട്ടറിൽ പിന്നീട് ചാമ്പ്യന്മാരായ സ്പെയിനോട് 1-0ന് പോർച്ചുഗൽ പരാജയപ്പെട്ടു.
2026–27 സീസണിൽ അൽ-നസ്റിനായി ഏഴ് മത്സരങ്ങളിൽ നിന്ന് മൂന്ന് ഗോളുകൾ നേടിയ റൊണാൾഡോ, 1000 ഗോളുകൾ നേടുന്ന ആദ്യ താരമാകുന്നതിൽ നിന്ന് 21 ഗോളുകൾ മാത്രം അകലെയാണ്. പോർച്ചുഗലിനായി ഇതുവരെ 146 ഗോളുകൾ നേടിയ റൊണാൾഡോയാണ് അന്താരാഷ്ട്ര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ പുരുഷ താരം. അർജന്റീനയുടെ ലയണൽ മെസി (125), ഇറാന്റെ അലി ദെയ് (108) എന്നിവരാണ് പട്ടികയിൽ റൊണാൾഡോയ്ക്ക് പിന്നിലുള്ളത്.
Content Highlights: Football legend Cristiano Ronaldo has not given a clear answer to the rumors about whether he will play in the 2028 Euro Cup.
