ജെറുസലേം: ഗസയിലേക്കുള്ള യാത്ര തുടര്‍ന്ന് ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയുടെ മാരിനെറ്റ് കപ്പല്‍. നിലവില്‍ ഗസയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ഫ്‌ലോട്ടില്ലയുടെ ഒരേയൊരു കപ്പല്‍ കൂടിയാണ് മാരിനെറ്റ്. പോളിഷ് പതാകയുടെ കീഴിലാണ് മാരിനെറ്റിന്റെ യാത്ര. ആറ് ആക്റ്റിവിസ്റ്റുകളാണ് കപ്പലിനുള്ളിലുള്ളത്.
തങ്ങളും അപകടസാധ്യതയുള്ള മേഖലയിലേക്ക് പ്രവേശിച്ചതായി തുര്‍ക്കി ആക്ടിവിസ്റ്റായ സിനാന്‍ മാരിനെറ്റില്‍ നിന്ന് പുറത്തുവിട്ട വീഡിയോയിലൂടെ അറിയിച്ചു.
ഇറ്റലിയില്‍ ട്രേഡ് യൂണിയനുകള്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തു. ലോകത്തുടനീളം ഗ്ലോബല്‍ സുമുദ് ഫ്‌ലോട്ടില്ലയെ പിന്തുണച്ചുകൊണ്ടുള്ള ഐക്യദാര്‍ഢ്യ സദസുകളും ഉയര്‍ന്നു.
ഫ്‌ലോട്ടില്ലക്കെതിരായ നടപടി ഇസ്രഈല്‍ കണക്കുകൂട്ടി ചെയ്തതാണെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു. ഇസ്രഈലിന്റേത് ധിക്കാരപരമായ നടപടിയാണെന്നും ആംനസ്റ്റി ചൂണ്ടിക്കാട്ടി. നിലവില്‍ ഇസ്രഈല്‍ കസ്റ്റഡിയിലുള്ള 11 ഗ്രീക്ക് ആക്റ്റിവിസ്റ്റുകള്‍ നിരാഹാരസമരം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
നെല്‍സണ്‍ മണ്ടേലയുടെ ചെറുമകനായ മാണ്ട്‌ല മണ്ടേല, ഗായിക സിസി കിരാന, യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം റിമ ഹസന്‍, മാധ്യമപ്രവര്‍ത്തകന്‍ നെസ്റ്റര്‍ പ്രീറ്റോ, കൊമേഡിയനും ആക്ടിവിസ്റ്റുമായ എനിസ്സ അമാനി അടക്കമുള്ളവരെയാണ് ഇസ്രഈല്‍ അറസ്റ്റ് ചെയ്ത് നീക്കിയത്.
Content Highlight: Flotilla Marinette follows the journey to Gaza
